കോട്ടയം ജില്ലയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുന്ന ഇലവീഴാപൂഞ്ചിറയിൽ ജലസേചനവകുപ്പിന്റെ മേൽനോട്ടത്തിൽ നടന്നുവന്നിരുന്ന നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ മേലുകാവ് പഞ്ചായത്തിലാണ് ഇലവീഴാപൂഞ്ചിറ. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് 225 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള അതിവിശാലമായ കുളവും ചെക്ക്ഡാമുകളുമടങ്ങിയ വികസനപ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.
കെ.എം. മാണി മന്ത്രിയായിരിക്കെയാണ് പദ്ധതികൾക്കായി നാലു കോടി രൂപ അനുവദിച്ച് ഭരണാനുമതി നൽകിയത്. മൊട്ടക്കുന്ന് പ്രദേശമായ ഇവിടെ മലഞ്ചെരിവുകൾക്കിടയിലാണ് വിശാലമായ ചിറ ഉണ്ടായിരുന്നത്. മരങ്ങൾ ഒന്നുംതന്നെ ഇല്ലാതിരുന്നതിനാൽ ഇലവീഴാപൂഞ്ചിറ എന്ന പേരും ലഭിച്ചു. കാലാകാലങ്ങളായി ഉണ്ടായ മണ്ണൊലിപ്പും മറ്റു പ്രശ്നങ്ങളുംമൂലം ചിറ നശിക്കുകയായിരുന്നു.
മലയിടുക്കുകളിൽ വേനൽക്കാലത്തും വറ്റാത്ത ഉറവ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജലവിഭവ വകുപ്പ് ചിറ പൂർവസ്ഥിതിയിൽ കൊണ്ടുവന്നത്. വേനൽക്കാലത്ത് ഉറവയിലൂടെ ലഭിക്കുന്ന വെള്ളവും വർഷകാലത്തെ മഴവെള്ളവും സംഭരിക്കുകയാണ് ലക്ഷ്യം. അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് വശങ്ങൾ സംരക്ഷിച്ചു നിർമിച്ച കുളത്തിൽ ഏകദേശം 225 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കുവാൻ സാധിക്കും.
കുളത്തിനടുത്തുതന്നെ മറ്റൊരു മലഞ്ചെരുവിലെ ഉറവയിൽ നിന്നും ഒഴുകി വരുന്ന വെള്ളം 2.5 മീറ്റർ മാത്രം വീതിയുള്ള ചെക്ക്ഡാം നിർമിച്ച്, അടിഞ്ഞുകൂടിയ മണ്ണും കാടും നീക്കം ചെയ്തു. ഏകദേശം 110 ലക്ഷം ലിറ്റർ ജലം സംഭരിക്കുവാൻ സാധിക്കുന്ന മറ്റൊരു പദ്ധതിയും പൂർത്തീകരിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ചുതന്നെ മറ്റൊരു തടയണയുടെ നിർമാണവും പൂർത്തിയായിട്ടുണ്ട്.
കുളവും തടയണകളും ഏറ്റവും ഉയർന്ന പ്രദേശത്തായതിനാൽ മറ്റ് പന്പിംഗ് സൗകര്യങ്ങളൊന്നും കൂടാതെ പൈപ്പുകൾ വഴി ശുദ്ധജലം മേലുകാവിലും സമീപ പഞ്ചായത്തുകളിലും എത്തിക്കുവാനും സാധിക്കും.
നട്ടുച്ചയ്ക്ക് കോടമഞ്ഞ് കാണപ്പെടുന്ന ജില്ലയുടെ ഏകപ്രദേശമാണ് ഇലവീഴാപൂഞ്ചിറ. മലമുകളിൽ നിന്നും കാണുന്ന ഭൂപ്രകൃതിയും, മലങ്കരഡാമിന്റെ ജലാശയവും കണ്ണിന് കൗതുകമേകുന്ന കാഴ്ചയാണ്.
നാളെ രാവിലെ 10.30നു കെ.എം മാണി എംഎൽഎയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മന്ത്രി മാത്യു ടി. തോമസ് പദ്ധതി ഉദ്ഘാടനം ചെയ്യും.
ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും. പൂർത്തീകരിച്ച പദ്ധതി ജോയി ഏബ്രഹാം എംപി ജില്ലാ കളക്ടർ ഡോ.ബി.എസ് തിരുമേനിക്കു കൈമാറും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.