മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങൾക്കു ശേഷം മാധവ് രാമദാസൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. ഗിന്നസ് പക്രു നായകനായി എത്തുന്ന ചിത്രത്തിന്റെ പേര് “ഇളയരാജ’ എന്നാണ്. “ഉൗതിയാലണയില്ല ഉലയിലെ തീ, ഉള്ളാകെയാളുന്നു ഉയിരിലെ തീ ‘ എന്ന കുറിപ്പോടെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ഗിന്നസ് പക്രുവിന്റെ കിടിലൻ മേക്ക് ഓവറാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാക്കുന്നത്. മാധവ് രാമദാസൻ സംവിധാനം ചെയ്ത മേൽവിലാസത്തിൽ സുരേഷ് ഗോപി, പാർഥിപൻ, തലൈവാസൽ വിജയ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പട്ടാള കോടതിയിൽ നടക്കുന്ന ഒരു വിചാരണയായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.
അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ അപ്പോത്തിക്കിരിയിൽ ജയസൂര്യ, സുരേഷ് ഗോപി, ഇന്ദ്രൻസ്, ആസിഫ് അലി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചവർ. ആരോഗ്യമേഖലയിലെ പ്രശ്നങ്ങളായിരുന്നു അപ്പോത്തിക്കിരിയുടെ ഉള്ളടക്കം. ചിത്രത്തിലെ ഇന്ദ്രൻസ്, ജയസൂര്യ എന്നിവരുടെ പ്രകടനം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.