തിരുവനന്തപുരം സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മൂന്നിടത്തും രണ്ടിടത്തു എൽഡിഎഫ് വിജയിച്ചു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ വട്ടിയൂർക്കാവിലും കോന്നിയിലും എൽഡിഎഫ് അട്ടിമറി വിജയം നേടി.
മഞ്ചേശ്വരത്തും എറണാകുളത്തും അരൂരുമാണ് യുഡിഎഫ് വിജയിച്ചത്. വട്ടിയൂർക്കാവിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ മുന്നാം സ്ഥാനത്ത് ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി ടിഎൻ സീമ. അന്ന് രണ്ടാം സ്ഥാനത്ത് എൻഡിഎ സ്ഥാനാർഥി ആയിരുന്ന കുമ്മനം രാജശേഖരൻ ആയിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടു മുതൽ വികെ പ്രശാന്ത് മുന്നിലായിരുന്നു.
ഒരോ റൗണ്ടും കഴിയുന്തോറും പ്രശാന്ത് ലീഡ് ഉയർത്തി കൊണ്ടിരുന്നു. സമാനമായിരുന്നു കോന്നിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.യു ജനീഷ് കുമാറിന്റെ പ്രകടനവും. പോസ്റ്റൽ വോട്ടിൽ ജനീഷ് 24 വോട്ടിന് മുന്നിലായി. ഒന്നാം റൗണ്ടിൽ യുഡിഎഫിലെ പി മോഹൻരാജ് മുന്നിലെത്തി. രണ്ടാം റൗണ്ടിൽ ജനീഷ് മുന്നിലെത്തി. പിന്നീട് ജനീഷിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഓരോ റൗണ്ട് കഴിയുന്തോറും ജനീഷും പ്രശാന്തും ലീഡ് ഉയർത്തി കൊണ്ടിരുന്നതോടെ എൽഡിഎഫ് ക്യാന്പ് ആഹ്ലാദത്തിലായി.
ഇതിനിടയിലും സിറ്റിംഗ് സീറ്റായ അരൂരിലെ പിന്നോക്കം പോക്ക് എൽഡിഎഫിനെ ആശങ്കയിലാഴ്ത്തികൊണ്ടിരുന്നു. യുഡിഎഫ് സിറ്റിംഗ് സീറ്റായ മഞ്ചേശ്വരത്ത് തുടക്കം മുതൽ യുഡിഎഫ് സ്ഥാനാർഥി എംസി കമറൂദ്ദീൻ തന്നെയായിരുന്നു മുന്നിൽ. എൻഡിഎ സ്ഥാനാർഥി രവീശ തന്ത്രി കുണ്ടാർ രണ്ടാം സ്ഥാനത്തായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി ശങ്കർ റേയ്ക്ക് ഒരിക്കൽപോലും വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല എന്നതും എടുത്തു പറയേണ്ടതാണ്.
എറണാകുളത്ത് പോസ്റ്റൽ വോട്ടിൽ ആദ്യമായി എൻഡിഎ സ്ഥാനാർഥി രാജഗോപാൽ മൂന്ന് വോട്ടിന് മുന്നിലെത്തി. അതിനു ശേഷം യുഡിഎഫ് സ്ഥാനാർഥി ടിജെ വിനോദ് മുന്നിലെത്തി. രണ്ടാം റൗണ്ടിലേയ്ക്ക് എത്തിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി മനു റോയി ഒരു ഘട്ടത്തിൽ മുന്നിലെത്തി. അതിനു ശേഷം ടിജെ വിനോദ് മുന്നിലേയ്ക്ക് വന്നു കൊണ്ടേയിരുന്നു. പിന്നീട് ഒരു ഘട്ടത്തിലും എൽഡിഎഫിനും എൻഡിഎയ്ക്കും വിനോദിന് വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. അവസാനം 3517 വോട്ടിന് ടി.ജെ വിനോദ് വിജയിച്ചു.
വട്ടിയൂർക്കാവ് മണ്ഡലം രൂപീകരിച്ച ശേഷം ഒരിക്കൽപോലും വിജയിക്കാൻ കഴിയാതിരുന്ന വട്ടിയൂർക്കാവിൽ വലിയ ഭൂരിപക്ഷത്തിലാണ് വികെ പ്രശാന്തിന് വിജയിക്കാൻ കഴിഞ്ഞിരിക്കുന്നത്. മതസാമുദായിക സംഘടനകളുടെ സ്വാധീനത്തെക്കാൾ സ്ഥാനാർഥിയുടെ മികവും ചിട്ടയായ പ്രവർത്തനവുമാണ് ഇത്തവണ തുണച്ചതെന്നാണ് എൽഡിഎഫ് പറയുന്നത്.
മേയർ ബ്രോ എന്ന വിളിപ്പേരുമായി വട്ടിയൂർക്കാവിലേയ്ക്ക് മത്സരിക്കാൻ എത്തിയ വികെ പ്രശാന്തിന് വട്ടിയൂർക്കാവ് സമ്മാനിച്ചിരിക്കുന്നത് മിന്നുന്ന വിജയം തന്നെയാണ്. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിലെല്ലാം പ്രശാന്ത് കടന്നു കയറി. ബിജെപി സ്ഥാനാർഥിയായിരുന്ന കുമ്മനം രാജശേഖരൻ നേടിയ വോട്ടിന്റെ ഒരിടത്തും എത്താൻ ബിജെപിയുടെ എസ് സുരേഷിന് കഴിഞ്ഞില്ല എന്നത് വളരെ പ്രസക്തമാണ്.
തുടക്കത്തിൽ എൽഡിഎഫായിരുന്നു അരൂരിൽ മുന്നിൽ. ഒന്നാം റൗണ്ട് മുതൽ ഷാനിമോൾ ഉസ്മാൻ മുന്നിലെത്തി. അഞ്ചു റൗണ്ട് പിന്നിട്ടപ്പോൾ 2553 ലീഡായി. ആറാമത്തെ റൗണ്ടിലേയക്ക് വോട്ടെണ്ണൽ കടക്കുന്നത് എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിലേയ്ക്കാണ്. ഇതു യുഡിഎഫ് കേന്ദ്രങ്ങളിൽ ആശങ്ക പരത്തുന്നുണ്ട്.
പാലയ്ക്ക് പിന്നാലെ യുഡിഎഫിന്റെ കുത്തക സീറ്റുകളായ വട്ടിയൂർക്കാവും കോന്നിയും അട്ടിമറിയിലൂടെ നേടാൻ കഴിഞ്ഞത് എൽഡിഎഫിനെ സംബന്ധിച്ച് അഭിമാനമായി മാറി. വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനേയും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനേയും ആത്മവിശ്വാസത്തോടെ നേരിടാൻ എൽഡിഎഫിന് കഴിയും.
കോന്നിയിലേയും വട്ടിയൂർക്കാവിലേയും പരാജയം കോൺഗ്രസിലും യുഡിഎഫിലും വലിയ പൊട്ടിത്തെറിയ്ക്ക് കാരണമാകും. രണ്ടിടത്തേയും പരാജയത്തിലും മുൻ എംഎൽഎമാരും സിറ്റിംഗ് എംപിമാരുമായ കെ മുരളീധരനേയും അടൂർ പ്രകാശിനേയുമാണ് ബാധിക്കുന്നത്. വിമർശന ശരങ്ങൾ ഇപ്പോൾ തന്നെ ഇവർക്കു നേരെ ഉയർന്നു കഴിഞ്ഞു.
തണ്ടൊടിഞ്ഞ് ബിജെപി; അഞ്ചിൽ നാലിലും മൂന്നാമത്
കോട്ടയം: വൻ പ്രതീക്ഷയോടെ നിയമസഭാ ഉപതെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് വമ്പൻ തിരിച്ചടി. ജയപ്രതീക്ഷയുണ്ടായിരുന്ന മൂന്ന് മണ്ഡലങ്ങളിൽ ജയിക്കാനായില്ലെന്നു മാത്രമല്ല രണ്ടിടങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. വട്ടിയൂർക്കാവ്, മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിലായിരുന്നു ബിജെപിയുടെ കണ്ണ്.
ഇതിൽ വട്ടിയൂർക്കാവും മഞ്ചേശ്വരവും ജയസാധ്യത കൂടിയ എ പ്ലസ് മണ്ഡലങ്ങളായാണ് കണക്കാക്കിയിരുന്നത്. ഇവിടെയൊന്നും ബിജെപിക്ക് കച്ചിയടിക്കാനായില്ല. വട്ടിയൂർക്കാവിൽ ഇടത് സ്ഥാനാർഥി വി.കെ പ്രശാന്ത് അട്ടിമറി ജയം നേടുകയും മഞ്ചേശ്വരത്ത് യുഡിഎഫിന്റെ എം.സി ഖമറുദ്ദീൻ വലിയ ലീഡ് നേടുകയും ചെയ്തപ്പോൾ ബിജെപിക്ക് വൻ നിരാശയാണ് സമ്മാനിച്ചത്.
മഞ്ചേശ്വരത്ത് മാത്രമാണ് തരക്കേടില്ലാത്ത മത്സരം നടത്താൻ ബിജെപിക്ക് സാധിച്ചത്. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രൻ 89 വോട്ടുകൾക്ക് മാത്രമാണ് പരാജയപ്പെട്ടത്. ഫലം പുറത്തുവന്നതിനു ശേഷം റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് സുരേന്ദ്രൻ രംഗത്തെത്തുകയും ചെയ്തു. കോടതിയിലേക്കും ഈ പരാതി നീണ്ടു. പി.ബി അബ്ദുള് റസാഖ് എംഎൽഎയുടെ മരണ ശേഷമാണ് സുരേന്ദ്രൻ കേസ് പിൻവലിച്ചത്.
ഇത്തവണ യുഡിഎഫ് സ്ഥാനാർഥി എം.സി ഖമറുദ്ദീൻ പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചുകയറിയത്. ബിജെപിയുടെ രവീശതന്ത്രി കുണ്ടാറിന് മുപ്പത്തൊന്നായിരം വോട്ടുകളാണ് നേടാനായത്. രവീശതന്ത്രി കുണ്ടാർ സ്ഥാനാർഥിയായി വന്നതോടെ പ്രാദേശികതലത്തിൽ പൊട്ടിത്തെറികൾ ഉണ്ടായത് ബിജെപിക്ക് വനിയായെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നത്.
എന്നാൽ ബിജെപിക്ക് വൻ തിരിച്ചടി നേരിട്ടത് വട്ടിയൂർക്കാവിലായിരുന്നു. കഴിഞ്ഞ തവണ കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലത്തിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോഴാണ് കുമ്മനം വട്ടിയൂർക്കാവിൽ മത്സരിക്കാൻ എത്തിയത്. കെ. മുരളീധരനുമായി ശക്തമായ മത്സരം കാഴ്ചവച്ച കുമ്മനം 43,700 വോട്ട് നേടി. 51322 വോട്ടുകൾ നേടി മുരളീധരൻ എംഎൽഎയായപ്പോൾ ഇടത് സ്ഥാനാർഥി ടി.എൻ സീമ മൂന്നാം സ്ഥാനത്തായി.
ഇവിടെനിന്നാണ് വി.കെ പ്രശാന്ത് ഇടതുപക്ഷത്തിന് അട്ടിമറി ജയം സമ്മാനിച്ചത്. വി.കെ പ്രശാന്തിന്റെ തേരോട്ടത്തിൽ തകർന്നടിഞ്ഞ ബിജെപിക്ക് 27,425 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. വട്ടിയൂർക്കാവിലെ സ്ഥാനാർഥി നിർണയത്തിൽ തന്നെ എതിരഭിപ്രായങ്ങൾ ഉയർന്നത് ഫലത്തിൽ പ്രതിഫലിച്ചു. കുമ്മനത്തെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാവ് കെ. രാജഗോപാൽ രംഗത്തെത്തിയിരുന്നു. എസ്. സുരേഷിന് ആർഎസ്എസിന്റെ സഹായം കാര്യമായി ലഭിച്ചിരുന്നില്ലെന്നും രാജഗോപാൽ വെളിപ്പെടുത്തിയിരുന്നു.
കോന്നിയിൽ ബിജെപിയുടെ സ്റ്റാർ സ്ഥാനാർഥിയായാണ് കെ. സുരേന്ദ്രൻ അവതരിച്ചത്. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോന്നിയിൽനിന്നും ലഭിച്ച വോട്ടിൽ രണ്ട് ശതമാനത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായത്. ശബരിമല വിഷയം ആളിക്കത്തിയ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ നേട്ടം ഇത്തവണ നിലനിർത്താൻ ബിജെപിക്ക് സാധിച്ചില്ല.
യുഡിഎഫിലെ അനൈക്യം മുതലാക്കാമെന്നും ബിജെപി കണക്ക് കൂട്ടിയിരുന്നെങ്കിലും കോൺഗ്രസിലെ തമ്മിലടി ജനീഷ്കുമാറിനാണ് അനുകൂലമായത്.