റോബിൻ ജോർജ്
കൊച്ചി: ആനവണ്ടിയുടെ ഇലക്ട്രിക്ക് ബസിന്റെ കൊച്ചിയിലെ പരീക്ഷണ ഓട്ടം വൻ വിജയം. ഉദ്ഘാടന ദിവസമായ കഴിഞ്ഞ ശനിയാഴ്ച ഉൾപ്പെടെ നടത്തിയ സർവീസുകളിൽനിന്നായി ആകെ ലഭിച്ച വരുമാനം 40,164 രൂപ.
നാലു ദിവസങ്ങളിലായി 939 കിലോ മീറ്ററോളം സർവീസ് നടത്തിയപ്പോൾ കിലോ മീറ്ററിനു ശരാശരി നേടിയത് 42 രൂപ വരുമാനം. തിരുവനന്തപുരത്തെ പരീക്ഷണ ഓട്ടത്തിനുശേഷം കഴിഞ്ഞ ശനിയാഴ്ച മുതലാണു ഇലക്ട്രിക് ബസ് കൊച്ചിയിലെത്തിച്ച് പരീക്ഷണ ഓട്ടം നടത്തിയത്.
ശനി, ഞായർ അവധി ദിവസങ്ങളായിട്ടുകൂടി ബസിൽ സഞ്ചരിക്കുവാൻ യാത്രികരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഉദ്ഘാടനത്തിനുശേഷം ശനിയാഴ്ച ഉച്ചകഴിഞ്ഞു നടത്തിയ സർവീസുകളിൽനിന്നായി 7061 രൂപ വരുമാനം നേടി.
അന്നേ ദിവസം 170 കിലോ മീറ്ററാണു ബസ് സർവീസ നടത്തിയത്. ഞായറാഴച 247 കിലോ മീറ്റർ സർവീസ് നടത്തി 10,656 രൂപയുടെ വരുമാനം ലഭിച്ചപ്പോൾ തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെട്ട തിങ്കളാഴ്ച 12,231 രൂപയായിരുന്നു വരുമാനം.
അന്നേദിവസം 261 കിലോ മീറ്ററാണു ഇല്കട്രിക്ക് ബസ് സർവീസ് നടത്തിയത്. ചൊവ്വാഴ്ചയും 260 കിലോ മീറ്ററിലധികം ദൂരം സർവീസ് നടത്തിയ ബസിന് 10,216 രൂപ വരുമാനമായി ലഭിച്ചു. സീപോർട്ട്-എയർപോർട്ട് റോഡുകൾ കേന്ദ്രീകരിച്ച് ആലുവ-ഫോർട്ടുകൊച്ചി, ഫോർട്ടുകൊച്ചി-ഇൻഫോപാർക്ക്, ഇൻഫോപാർക്ക്-വൈറ്റില, തോപ്പുംപടി-നെടുന്പാശേരി റൂട്ടുകളിലായിരുന്നു പ്രധാനമായും ബസ് സർവീസ് നടത്തിയത്.
പരീക്ഷ ഓട്ടം വിജയകരമായിരുന്നുവെന്നും നഗരപരിധിയിൽനിന്ന് ഹൈവേകളിലൂടെ 70 കിലോ മീറ്റർ സർവീസ് നടത്താൻ ബസിന് സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കൊച്ചിയിലെ ഗതാഗത കുരുക്കിലമർന്നു സമയക്രമം പാലിക്കാൻ സാധിച്ചില്ലെന്നതു മാത്രമായിരുന്നു പോരായ്മ.
എസി ലോ ഫ്ളോർ ബസിന്റ നിരക്കാണു ഇലക്ട്രിക് ബസിൽ ഈടാക്കിയത്. 40 പുഷ്ബാക്ക് സീറ്റുകളോടെ വൈഫൈ കണക്ഷൻ, സിസിടിവി കാമറ, ടെലിവിഷൻ, ജിപിഎസ് ട്രാക്കിംഗ് സംവിധാനം തുടങ്ങിയ സവിശേഷതകളുമായി എത്തിയ കെഎസ്ആർടിസിയുടെ ആദ്യ ഇലക്ട്രിക്ക് ബസിനെ കൊച്ചിക്കാർ ഇരുകൈയും നീട്ടിയാണു സ്വീകരിച്ചത്. ഇനി കോഴിക്കോടാണു ബസിന്റെ പരീക്ഷണ ഓട്ടം.