അഞ്ചല്‍ : സ്വകാര്യ ബസില്‍ ശാരീരിക അസ്വസ്ഥത അനുഭവിക്കുകയും ഛര്‍ദിക്കുകയും ചെയ്ത വയോധികനെ ജീവനക്കാര്‍ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉപേക്ഷിക്കുകയും പിന്നീട് ഇയാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ ബസ് കസ്റ്റഡിയില്‍ എടുത്ത് ഏരൂര്‍ പോലീസ്.
ഏരൂര്‍ വിളക്കുപാറ റോഡില്‍ സര്‍വീസ് നടത്തുന്ന ലക്ഷ്മി എന്ന ബസില്‍ യാത്ര ചെയ്ത ഇടുക്കി പള്ളിവാസല്‍ ചിത്തിരപുരം വെട്ടുകല്ലുമുറിയില്‍ സിദ്ധിഖ് (60) നെയാണ് ബസ് ജീവനക്കാര്‍ കഴിഞ്ഞ ദിവസം കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉപേക്ഷിച്ചത്.
വിളക്കുപാറ സര്‍ക്കാര്‍ മദ്യ വില്പന ശാലക്ക് സമീപം ലോട്ടറി വില്‍പ്പന നടത്തിവരുന്ന സിദ്ധിഖ് ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് ബസില്‍ അഞ്ചലിലേക്ക് തിരിച്ചത്. ഇതിനിടയില്‍ ബസില്‍ ചര്‍ദിക്കുകയും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു.
ഇതോടെ മുഴതാങ്ങില് ഉള്ള കാത്തിരിപ്പ് കേന്ദ്രത്തില്‍ സിദ്ധിഖിനെ ഉപേക്ഷിച്ച് ബസ് ജീവനക്കാര്‍ പോവുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ചു പോലീസ് സ്ഥലത്ത് എത്തി സിദ്ധിഖിനെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ബന്ധുക്കള്‍ എത്തി തിരിച്ചറിയേണ്ടതുള്ളതിനാല് സ്വകാര്യാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. അതേസമയം സ്വകാര്യ ബസ് ജീവനക്കാരുടെ നിരുത്തരവാദപരമായ നടപടിയില്‍ നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ബസ് ആശുപത്രിയിലേക്ക് പോവുകയോ ഏതെങ്കിലും ഒരു വാഹനത്തില്‍ സിദ്ധിഖിനെ ആശുപത്രിയില്‍ എത്തിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ ജീവന് രക്ഷിക്കാനാകുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ചു വൈകുന്നേരം സര്‍വീസ് നടത്തിയ ബസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും വാര്‍ഡ് മെമ്പര്‍ അടക്കമുള്ളവരും ചേര്‍ന്ന് തടഞ്ഞു.
പിന്നീട് പോലീസ് എത്തി വാഹനം കസ്റ്റഡിയില്‍ എടുക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. സിദീഖ് മദ്യപിച്ചിരുന്നു എന്ന സംശയത്തെ തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് കടതിരിപ്പ് കേന്ദ്രത്തില്‍ ഉപേക്ഷിച്ചതെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്.
രാത്രിയോടെ ബസ് ഏരൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പെര്‍മിറ്റ് ലംഘനം അടക്കം നിരവധി വകുപ്പുകള്‍ ചുമത്തി കേസെടുത്ത പോലീസ് ബസ് ജീവനക്കാരെ പ്രതിയാക്കുമെന്ന് അറിയിച്ചിട്ടുണ്ട്