മൂവാറ്റുപുഴ: എൽദോ ഏബ്രഹാം എംഎൽഎയുടെ വിവാഹത്തിനു മൂവാറ്റുപുഴ ഒരുങ്ങി. കല്ലൂർക്കാട് സ്വദേശിനി ഡോ. ആഗി മേരി അഗസ്റ്റിനാണ് പ്രതിശ്രുത വധു. നാളെ രാവിലെ കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ വിവാഹച്ചടങ്ങുകൾ നടക്കും. മാത്യൂസ് മാർ അന്തീമോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. ഉച്ചകഴിഞ്ഞു മൂന്നു മുതൽ നഗരസഭ സ്റ്റേഡിയത്തിൽ വിവാഹ സൽകാരം.
ചടങ്ങുകൾ ലളിതമായിരിക്കുമെങ്കിലും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരെയും മണ്ഡലത്തിലെ ഭൂരിപക്ഷം കുടുംബങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. മുൻകാലത്ത് തനിക്ക് ക്ഷണക്കത്ത് അയച്ച 5000 ഓളം പേർക്ക് ഉൾപ്പെടെ 20,000 ക്ഷണക്കത്തുകൾ നൽകിയതായി എംഎൽഎ പറഞ്ഞു. പ്രശസ്ത പാചകവിദഗ്ധൻ പഴയിടം മോഹനൻ നന്പൂതിരിയുടെ നേതൃത്വത്തിൽ തയാറാക്കുന്ന ലളിതമായ വെജിറ്റേറിയൻ ഭക്ഷണമാണ് വിരുന്നിൽ വിളന്പുന്നത്.
സ്റ്റേഡിയം ഗ്രൗണ്ടിൽ പന്തലും പ്രത്യേകവേദിയും ഒരുക്കിയിട്ടുണ്ട്. ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പുവരുത്താൻ വേണ്ട ക്രമീകരണങ്ങളുമുണ്ട്. വാഹന പാർക്കിംഗിനായി സ്റ്റേഡിയത്തിന് പുറത്തുള്ള ഗ്രൗണ്ട്, ഇഇസി മാർക്കറ്റ് ഗ്രൗണ്ട്, ഇലാഹിയ പബ്ലിക് സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കി.