മൂവാറ്റുപുഴ: ഇടതുമുന്നണി സ്ഥാനാർഥിയായ എൽദോ ഏബ്രഹാം മാതാപിതാക്കളുടെ അനുഗ്രഹാശീർവാദത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ചു.
മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥിയാണെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതോടെയാണ് പ്രചാരണത്തിന് തുടക്കംകുറിച്ചത്.
പിതാവ് ഏബ്രഹാമിന്റെയും മാതാവ് ഏലിയാമ്മയുടെയും അനുഗ്രഹം ഏറ്റുവാങ്ങിയശേഷം ജന്മനാടായ തൃക്കളത്തൂരിൽ മുതിർന്നവരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ സന്ദർശനം നടത്തി.
തുടർന്ന് വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ച് മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വിവിധ തൊഴിൽശാലകളിലെത്തി തൊഴിലാളികളെ നേരിൽകണ്ട് വോട്ട് അഭ്യർഥിച്ചു.
മൂവാറ്റുപുഴയിൽ രണ്ടാം അങ്കത്തിനിറങ്ങുന്പോൾ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളോടൊപ്പം ജനകീയ അടിത്തറയും തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന് എൽദോ ഏബ്രഹാം പറഞ്ഞു.
പഞ്ചായത്ത് കണ്‍വൻഷനുകളും പൊതുയോഗങ്ങളും മണ്ഡല പര്യടനവും ആരംഭിക്കുന്നതിനു മുന്നേ പരമാവധി വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർഥിക്കുവാനുള്ള ശ്രമത്തിലാണ് എൽദോ.