ന്യൂഡല്‍ഹി: തെരുവ് നായകളെ സംരക്ഷിക്കണമെന്ന് ആവശ്യവുമായി രംഗത്തുണ്ടായിരുന്ന പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്ക് ഡല്‍ഹിയില്‍ വച്ച് തെരുവ് നായയുടെ കടിയേറ്റു. ഡല്‍ഹിയിലെ കേരള ഹൗസിന് സമീപത്തുവച്ച് ഇന്ന് പുലര്‍ച്ചെയാണ് എംഎല്‍എയ്ക്ക് കടിയേറ്റത്. പുലര്‍ച്ചെ നടക്കാനിറങ്ങി ‘നായ സംരക്ഷകനാണ്’ കടി കിട്ടിയത്.
പട്ടികള്‍ അടുത്ത് വന്നപ്പോള്‍ മൃഗസ്‌നേഹി ആയതുകൊണ്ട് തന്നെ അത്ര കാര്യമാക്കിയില്ലെന്നും എന്നാല്‍ രണ്ടു പട്ടികള്‍ ചേര്‍ന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു. നായകളുടെ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കാലില്‍ വലിയ മുറിവേറ്റു. ധരിച്ചിരുന്ന പാന്റ്‌സ് പട്ടികള്‍ കടിച്ചുകീറി. കടിയേറ്റ എംഎല്‍എ പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.
തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് വാദിക്കുന്ന കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ വസതി സ്ഥിതി ചെയ്യുന്ന റോഡില്‍ തന്നെയാണ് കേരള ഹൗസും. തെരുവ് നായ പ്രശ്‌നത്തില്‍ മന്ത്രിയുടെ നിലപാടിനെ പിന്തുണയ്ക്കുള്ള ആളാണ് എംഎല്‍എ. ജില്ലാ പ്രസിഡന്റ് സ്ഥാനത്തിരിക്കുമ്പോള്‍ തന്നെ അദ്ദേഹം നായ സംരക്ഷണത്തിന് അദ്ദേഹം നടപടികളും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഡല്‍ഹിയില്‍ എംഎല്‍എയെ കടിച്ച പട്ടികള്‍ക്ക് അറിയാതെ പോയതാണ് ആക്രമണത്തിന് കാരണമെന്നാണ് ചിലരുടെ പരിഹാസം. കേരളത്തില്‍ മാത്രമല്ല പുറത്തെവിടെയാണെങ്കിലും ഒറ്റയ്ക്ക് പുറത്തിറങ്ങിയാല്‍ തെരുവ് നായ ആക്രമിക്കുമെന്നും ബോധ്യമായെന്ന് എംഎല്‍എ പറയുന്നു.