തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎ ക്കെതിരെ ബലാത്സംഗ കുറ്റത്തിന് പുറമെ വധശ്രമ വകുപ്പ് കൂടി ചുമത്തി അനേഷണ സംഘം.
പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പുകൂടി ചുമത്തിയത്. സെപ്റ്റംബർ മാസത്തിൽ കോവളത്തെ സൂയിസൈഡ് പോയിന്റിൽ തന്നെ കൊണ്ട് പോയി കൊലപ്പെടുത്താൻ എൽദോസ് ശ്രമിച്ചുവെന്ന് പരാതിക്കാരി ക്രൈം ബ്രാഞ്ചിനു മുൻപാകെ മൊഴി നൽകിയിരുന്നു.
ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് വധശ്രമക്കേസ് ചുമത്തിയത്.അതേ സമയം ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ കണ്ടെത്താൻ വ്യാപക തെരച്ചിലുമായി നീങ്ങു കയാണ് അന്വേഷണ സംഘം.
ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ അനിൽകുമാറിന്റെ നേതൃത്വത്തിൽ മൂന്ന് ടീമുകളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്. കോവളത്തെ ഹോട്ടലിൽ എത്തി അന്വേഷണ സംഘം ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി.
സംഭവദിവസം യുവതിയും എംഎൽഎയും ഹോട്ടലിൽ എത്തിയിരുന്നോ എന്നതിൽ വ്യക്തത വരുത്താൻ സിസി ടിവി ദൃശ്യങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
ഇതിനിടെ പരാതിക്കാരിയുടെ പേട്ടയിലെ വീട്ടിൽ നിന്ന് എൽദോസിന്റെ ടി ഷർട്ട് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്തു.
തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ചിലർ അപവാദ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുവതി കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി ഒളിവിൽ കഴിയുന്ന എംഎൽഎ ക്കെതിരെ ഒരു വിവരവും ലഭിച്ചിട്ടില്ല. എൽദോസ് കുന്നപ്പിള്ളി മുൻകൂർ ജാമ്യത്തിനു അപേക്ഷ നൽകിയെങ്കിലും കോടതി വാദം കേൾക്കാൻ മാറ്റി.
വ്യാഴാഴ്ച കോടതി എൽദോസിന്റെ ജാമ്യത്തിന്റെ കാര്യത്തിൽ വിധി പറയും.