കൊച്ചി: ലൈംഗിക പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് എതിരെ പോലീസ് ഹൈക്കോടതിയിലേക്ക്.
ബലാൽസംഗത്തിനും വധശ്രമത്തിനും തെളിവുണ്ടെന്നും എംഎൽഎ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നുമാണ് പോലീസ് ഭാഷ്യം.
ഇക്കാര്യം ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാൻ ഹർജി നൽകാനാണ് പോലീസ് തീരുമാനം. തിരുവനന്തപുരം അഡി. സെഷൻസ് കോടതിയാണ് കഴിഞ്ഞ 20-ന് എൽദോസിന് ജാമ്യം അനുവദിച്ചത്.
യാതൊരു രാഷ്ട്രീയ ഇടപെലും നടത്തരുതെന്നും സംസ്ഥാനം വിട്ടു പോകരുതെന്നും ഫോണും പാസ്പോർട്ടും കോടതിയിൽ സമർപ്പിക്കണം എന്നുമുള്ള കടുത്ത ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്.
യുവതിയെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കോവളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
എന്നാൽ കേസിൽ വധശ്രമത്തിനും പീഡനത്തിനും തെളിവുകളുണ്ടെന്നും ഇക്കാര്യങ്ങൾ വിശദമായി പരിഗണിക്കാതെയാണ് അഡിഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടും.
അതേസമയം ബലാൽസംഗത്തിനും വധശ്രമത്തിനും തെളിവുണ്ടെന്നും പോലീസ് പറയുന്നു.