തിരുവനന്തപുരം: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് യുവതി.
എംഎല്‍എ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതിനു തെളിവുണ്ടെന്ന് യുവതി മജിസ്ട്രേറ്റിനു മൊഴി നല്കി.
പോലീസില്‍ നല്കിയ പരാതി പിന്‍വലിക്കാന്‍ എംഎല്‍എ പണം വാഗ്ദാനം ചെയ്തു. ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ടെന്നും യുവതി പറഞ്ഞു.
കോവളം പോലീസില്‍ നല്കിയ പരാതിയില്‍ മൊഴി രേഖപ്പെടുത്താന്‍ ഇന്ന് സ്റ്റേഷനില്‍ ഹാജരാകുമെന്നും മജിസ്ട്രേറ്റിനെ അറിയിച്ചു.
ഒരാഴ്ച മുമ്പ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുക്കാന്‍ തയാറായില്ലെന്ന് യുവതി ആരോപണം ഉന്നയിച്ചു. കോവളം സിഐ തന്നെ ഭീഷണിപ്പെടുത്തി കേസില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചെന്നും യുവതി ആരോപണം ഉന്നയിച്ചു.
തിരുവനന്തപുരം സ്വദേശിയായ അധ്യാപികയാണ് കേസിലെ പരാതിക്കാരി. എംഎല്‍എ മര്‍ദിച്ചെന്നാണ് യുവതി രണ്ടാഴ്ച മുമ്പ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
കോവളം പോലീസിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. എന്നാല്‍ പരാതിയില്‍ മൊഴി നല്കാന് യുവതി തയാറായില്ലെന്നു പോലീസ് പറഞ്ഞു.
ഇതിനിടെ തിങ്കളാഴ്ച യുവതിയെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്ത് വഞ്ചിയൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ കോവളം പോലീസ് ഇവരെ നെയ്യാറ്റിന്‍കരയില്‍നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വഞ്ചിയൂര്‍ പോലീസിനു കൈമാറി.
യുവതിയെ കാണാതായെന്ന് വഞ്ചിയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയപ്പോഴാണ് യുവതി പീഡനവിവരം വെളിപ്പെടുത്തിയത്.