കൊച്ചി: പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ടതോടെ ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയെ കണ്ടെത്താനായില്ല. എൽദോസ് എവിടെയന്ന് പാർട്ടി നേതാക്കൾക്കോ പ്രവർത്തകർക്കോ വ്യക്തതയില്ല.
ഇതോടെ കോണ്ഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. എൽദോസിന്റെ രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ആണ്. എംഎൽഎ മൂന്ന് ദിവസമായി പൊതുപരിപാടികളിലും പങ്കെടുക്കുന്നില്ല.
അതിനിടെ താൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് സാമൂഹിക മാധ്യമങ്ങളിൽ ഒരു പോസ്റ്റ് ഇട്ടതല്ലാതെ അദേഹം നേരിട്ട് പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഇതോടെ എൽദോസിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി എന്ന് ആവർത്തിക്കുന്ന കോണ്ഗ്രസ് കടുത്ത സമ്മർദ്ദത്തിലായി.
ഇത്രയും ഗുരുതരമായ ആരോപണം യുവതി പരസ്യമായി ഉന്നയിക്കുന്പോഴും എംഎൽഎ നേരിട്ട് വിശദീകരണം നൽകാത്തതിൽ കോണ്ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്.
എംഎൽഎയെ ഫോണിൽ കിട്ടുന്നില്ലെന്നാണ് കോണ്ഗ്രസ് നേതാക്കൾ പറയുന്നത്. എംഎൽഎയുടെ ഫോണ് യുവതി മോഷ്ടിച്ചെന്ന് പോലീസിന് പരാതി നൽകിയ എൽദോസിന്റെ ഭാര്യയുടെ ഫോണും സ്വിച്ച്ഡ് ഓഫാണ്.
അതേസമയം മർദിച്ചെന്ന യുവതിയുടെ ആദ്യ പരാതി വന്നപ്പോൾ അത് ശരിയല്ലെന്നായിരുന്നു എൽദോസ് നേതാക്കളെ അറിയിച്ചത്.
പിആർ ഏജൻസിയിലെ സ്റ്റാഫ് എന്ന നിലക്ക് പരിചയപ്പെട്ട് അവർ തന്നെ കബളിപ്പിക്കാൻ ശ്രമിക്കുകയും തന്റെ ഫോണ് തട്ടിയെടുത്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പിന്നാലെ പീഡന പരാതി ഉയർന്നതോടെയാണ് കെപിസിസി നേതൃത്വം ഔദ്യോഗികമായി വിശദീകരണം തേടിയിരുന്നു. എന്നാൽ എംഎൽഎ ഇതുവരെ ഇതിന് മറുപടി നൽകിയിട്ടില്ല.
സ്ത്രീകളോട് മോശമായി പെരുമാറുന്നവരെ വച്ച് പൊറുപ്പിക്കില്ലെന്ന് നേതാക്കൾ വിശദീകരിക്കുന്പോഴും എന്ത് നടപടി എന്നതിൽ കെപിസിസിക്ക് ഇപ്പോഴും വ്യക്തതയില്ല.