മൂവാറ്റുപുഴ : പഞ്ചഗുസ്തിയെ കായിക ഇനത്തിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് എൽദോ ഏബ്രഹാം എംഎൽഎ. മൂവാറ്റുപുഴയിൽനിന്നു ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാനായി റൊമാനിയയിലേക്ക് പോകുന്ന താരങ്ങളായ മധു മാധവ്, ആർദ്ര സുരേഷ് എന്നിവർക്ക് യാത്രയയപ്പ് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ പഞ്ചഗുസ്തിയ്ക്ക് സ്പോർട്സ് കൗണ്സിലിന്റെ അംഗീകാരം മാത്രമാണുള്ളത്. അതുകൊണ്ട് മത്സരങ്ങളിലും മറ്റും പങ്കെടുക്കുന്നതിന്റെ ചെലവ് പൂർണമായും താരങ്ങൾ തന്നെ വഹിക്കേണ്ട സ്ഥിതിയാണ്. കഴിവുണ്ടായിട്ടും സാന്പത്തിക പ്രതിസന്ധിയുള്ള മികച്ച താരങ്ങൾക്ക് ഇത് തിരിച്ചടിയാകുകയാണ്. പഞ്ചഗുസ്തിയെ കായിക ഇനത്തിൽ ഉൾപ്പെടുത്തിയാൽ മറ്റ് കായിക താരങ്ങൾക്ക് ലഭിക്കുന്നത് പോലെ ഇവരുടെയും മത്സരച്ചെലവ് സർക്കാരിന് വഹിക്കാനാകും.
ആയതിനാൽ പഞ്ചഗുസ്തിയെ കായിക ഇനത്തിൽ ഉൾപ്പെടുത്താൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് എംഎൽഎ പറഞ്ഞു. താരങ്ങളെ എംഎൽഎ പൊന്നാടയണിയിച്ച് ആദരിച്ചു. ഉപഹാരവും നൽകി. നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ആന്റണി പുത്തൻകുളം അധ്യക്ഷത വഹിച്ചു. ഇന്നു മുതൽ നവംന്പർ നാലു വരെ റൊമേനിയയിലെ കോണ്സ്റ്റൻന്റായിൽ നടക്കുന്ന ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് മത്സരിക്കുന്നത്.
മുവാറ്റുപുഴ വാഴക്കുളം കാവന ഇടകുടിയിൽ മധു മാധവ് 70 കിലോഗ്രാം ലെഫ്റ്റ് വിഭാഗത്തിലും റൈറ്റ് വിഭാഗത്തിലും മുവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂൾ ഒന്പതാം ക്ലാസ് വിദ്യാർഥിയും വെള്ളൂർകുന്നം മേലേത്ത് ഞാലിൽ സുരേഷ് മാധവന്റെയും റീജ സുരേഷിന്റെയും മകളുമായ ആർദ്ര സുരേഷ് സബ് ജൂണിയർ വിഭാഗത്തിൽ ലഫ്റ്റ് വിഭാഗത്തിലും റൈറ്റ് വിഭാഗത്തിലുമാണ് മത്സരിക്കുന്നത്.ഇന്നലെ വൈകുന്നേരം 7.30ന് നെടുന്പാശേരി വിമാനത്താവളത്തിൽനിന്നു താരങ്ങൾ റെമാനിയയിലേക്ക് പുറപ്പെട്ടു.