കൊച്ചി: ഡിഐജി ഓഫീസ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ എല്‍ദോ എബ്രഹാം അടക്കമുളള സിപിഐ നേതാക്കൾക്ക് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.
പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. പ്രതികൾക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു പോലീസിന്റെ വാദം. എൽദോ എബ്രഹാം എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി പി. രാജു എന്നിവരടക്കം 10 പേർക്കാണ് കേസിൽ കോടതി ജാമ്യം അനുവദിച്ചത്.
കേസിൽ ചൊവ്വാഴ്ച രാവിലെയാണ് എംഎൽഎ അടക്കമുള്ളവർ ക്രൈം ഡിറ്റാച്ച്മെന്റ് ഓഫീസിലെത്തി കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
സിപിഐയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ ഡിഐജി ഓഫീസ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ എൽദോ എബ്രഹാം എംഎൽഎ ഉൾപ്പെടെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറി പി. രാജു ഉൾപ്പെടെ പത്തു പ്രതികളും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാനും സിംഗിൾബെഞ്ച് നിർദേശം നൽകിയിരുന്നു. പ്രതികൾ കീഴടങ്ങിയാൽ അന്നുതന്നെ മജിസ്ട്രേട്ട് മു മ്പാകെ ഹാജരാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ജൂലൈ 23 ന് നടന്ന മാർച്ച് അക്രമാസക്തമായതിനെത്തുടർന്നു പ്രതികൾക്കെതിരെ ഇന്ത്യാ ശിക്ഷാ നിയമത്തിലെ വകുപ്പുകളും പൊതുമുതൽ നശി പ്പിക്കുന്നത് തടയൽ നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയാണു കേസെടുത്തത്.