കൊച്ചി: സിപിഐ മാർച്ചിനുനേരേ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ ഇടതു കൈ ഒടിഞ്ഞ എൽദോ എബ്രഹാം എംഎൽഎ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആദ്യം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച എംഎൽഎയെ വിദഗ്ധ ചികിത്സയ്ക്കായാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൈയ്ക്ക് ഒടിവ് പറ്റിയ സാഹചര്യത്തിൽ അദ്ദേഹത്തിന് ഏതാനും നാളുകൾ വിശ്രമം വേണ്ടിവന്നേക്കും.
തലയ്ക്കു പൊട്ടലേറ്റ സിപിഐ ജില്ലാ സെക്രട്ടറി പി. രാജു ഇന്നലെ രാത്രിയോടെ വീട്ടിൽ മടങ്ങിയെത്തി. ആശുപത്രിയിൽനിന്നും ഡിസ്ചാർജായെങ്കിലും ഏതാനും ദിവസങ്ങൾ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.