തിരുവനന്തപുരം: എറണാകുളത്ത് സിപിഐ മാർച്ചിനു നേരെ ഉണ്ടായ പോലീസ് ലാത്തിച്ചാർജ് സംബന്ധിച്ച് ജില്ലാ കളക്ടർ പി.സുഹാസ് നൽകിയ റിപ്പോർട്ടിന്മേൽ നടപടി ഇനിയും വൈകും. റിപ്പോർട്ട് മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് പരിശോധിച്ച് മറുപടി നൽകിയ ശേഷമായിരിക്കും നടപടിയെടുക്കുകയെന്നാണ് വിവരം.
ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും സിപിഐ നേതാക്കളുമായി ചർച്ച നടത്തും. പ്രശ്നത്തിൽ കുറ്റക്കാരെന്ന് സിപിഐ ആരോപിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി നീളുന്നതിൽ ജില്ലാ നേതൃത്വത്തിൽ അമർഷം ഉയരുന്നതിനിടെയാണ് റിപ്പോർട്ടിന്മേൽ വീണ്ടും പരിശോധന വരുന്നത്.