കൊച്ചി: സിപിഐയുടെ നേതൃത്വത്തിൽ നടത്തിയ ഡിഐജി ഓഫീസ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടു പാർട്ടി ലോക്കൽ കമ്മിറ്റി അംഗത്തെ അറസ്റ്റ് ചെയ്തതിൽ പരസ്യ പ്രതിഷേധവുമായി സിപിഐ ജില്ലാ കമ്മറ്റി രംഗത്ത്. ഇത് സംബന്ധിച്ച തങ്ങളുടെ പ്രതിഷേധം ജില്ലാ കമ്മറ്റി സംസ്ഥാന കമ്മിറ്റിയെയും സർക്കാരിനെയും അറിയിച്ചെന്നാണു വിവരം.
സംഘർഷവും അതിലേക്കു നയിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ പോലീസുകാർക്കെതിരേ നടപടി വേണമെന്ന കാര്യം ശക്തമായി ഉയർത്തുന്നതിനിടെ ലോക്കൽ കമ്മറ്റി അംഗത്തെ അറസ്റ്റ് ചെയ്തത് ശരിയായ നടപടിയല്ലെന്നാണു ജില്ലാ ഘടകത്തിന്റെ കണക്കുകൂട്ടൽ. കേസുമായി ബന്ധപ്പെട്ട് പെരുന്പാവൂർ മാറന്പിള്ളി പൂവത്തിങ്കൽ അൻസാർ അലിയെയാണ് (33) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഓട്ടോതൊഴിലാളിയായ അൻസാർ അലി സിപിഐ വാഴക്കുളം ലോക്കൽ കമ്മിറ്റിയംഗവും എഐവൈഎഫ് പെരുന്പാവൂർ മണ്ഡലം ജോയിന്റ് സെക്രട്ടറിയുമാണ്. മാർച്ചിനു നേരേ നടന്ന ലാത്തിച്ചാർജിനിടെ എൽദോ ഏബ്രഹാം എംഎൽഎ ഉൾപ്പെടെയുള്ള സിപിഐ നേതാക്കൾക്കു പരിക്കേറ്റ സംഭവത്തിൽ എറണാകുളം സെൻട്രൽ എസ്ഐ വിപിൻദാസിനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്. മാർച്ചിനിടെ പോലീസുകാർക്കു പരിക്കേറ്റ സംഭവത്തിലാണ് അൻവർ അലിയെ അറസ്റ്റ് ചെയ്തത്.
പിടികിട്ടാപ്പുള്ളിയെ പിടിക്കുന്ന രീതിയിലാണു അൻസാറിറെ പിടികൂടിയതെന്നുകാട്ടി സിപിഐ ജില്ലാ കമ്മിറ്റി പരാതിയും പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു. അൻസാർ അലി മാന്പിള്ളിയിൽ സ്വന്തമായി ഓട്ടോ ഓടിക്കുന്നയാളാണ്. ഇന്നലെ രാവിലെ 11 ഓടെ സ്റ്റാൻഡിൽ മഫ്തിയിലെത്തിയ രണ്ടു പോലീസുകാർ അൻസാർ അലിയെ ആലുവയിലേക്ക് ഓട്ടം വിളിക്കുകയായിരുന്നു.
ആലുവയിലെ ഒരു ഷോപ്പിംഗ് കോംപ്ലക്സിനു സമീപം എത്തിയപ്പോൾ വാഹനം പാർക്ക് ചെയ്യാൻ പറഞ്ഞു. ഓട്ടോറിക്ഷയുടെ തൊട്ടു പുറകിൽ നിർത്തിയിട്ട പോലീസ് വാഹനത്തിൽനിന്ന് ഉദ്യോഗസ്ഥൻ ഇറങ്ങിവന്ന് അൻസാർ അലിയെ പോലീസ് വാഹനത്തിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. താൻ പിടികിട്ടാപ്പുള്ളിയോ കള്ളനോ അല്ലെന്നും ആവശ്യപ്പെട്ടിരുന്നെങ്കിൽ സ്റ്റേഷനിൽ ഹാജരാകുമെന്നും പോലീസിനോട് പറഞ്ഞെങ്കിലും ഓട്ടോറിക്ഷ ഒതുക്കിയിട്ടിട്ടു ജീപ്പിൽ കയറാനായിരുന്നു ഉദ്യോഗസ്ഥൻറെ നിർദേശം.
കളമശേരി ക്രൈംബ്രാഞ്ച് സ്റ്റേഷനിൽ എത്തിച്ചശേഷമായിരുന്നു ഡിഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയതിന്റെ പേരിൽ അറസ്റ്റു ചെയ്യുകയാണന്ന വിവരം പോലീസ് പറഞ്ഞത്. വൈകിട്ട് മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട അൻസാറിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.