കൊച്ചി: എറണാകുളത്തു സിപിഐ നടത്തിയ ഡിഐജി ഓഫീസ് മാർച്ചിനുനേരേയുണ്ടായ പോലീസ് ലാത്തിച്ചാർജിനിടെ എൽദോ ഏബ്രഹാം എംഎൽഎയുടെ കൈ പോലീസ് തല്ലിയൊടിച്ച സംഭവത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കകം കളക്ടർ കൈമാറും.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സർക്കാർ തലത്തിൽ തുടർ നടപടികൾ സ്വീകരിക്കുക. പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന എംഎൽഎ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ഡിസ്ചാർജാകുന്ന മുറയ്ക്ക് ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ കളക്ടർ തേടിയേക്കുമെന്നാണു വിവരം. കഴിഞ്ഞ ദിവസം ഇവരിൽനിന്ന് പ്രാഥമിക വിവരങ്ങൾ കളക്ടർ തേടിയിരുന്നു. മെഡിക്കൽ രേഖകളും ലാത്തിച്ചാർജ് സംബന്ധിച്ച ദൃശ്യങ്ങളും കളക്ടർ ശേഖരിച്ചിട്ടുണ്ട്.
ഇവ പൂർണമായും പരിശോധിക്കുകയും പോലീസുകാരിൽനിന്നടക്കം വിശദമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തശേഷമാകും കളക്ടർ റിപ്പോർട്ട് സമർപ്പിക്കുക. ലാത്തിയടിയേറ്റ് ഇടതുകൈ ഒടിഞ്ഞ എൽദോ ഏബ്രഹാം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആദ്യം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച എംഎൽഎയെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കൈയ്ക്ക് ഒടിവ് പറ്റിയ സാഹചര്യത്തിൽ അദ്ദേഹത്തിന് ഏതാനും നാളുകൾ വിശ്രമം വേണ്ടിവന്നേക്കും.
അതിനിടെ, വിഷയത്തിൽ ഇടപെട്ട സ്പീക്കർ കുറ്റക്കാരായ പോലീസുകാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് നൽകിയതായി എംഎൽഎ വ്യക്തമാക്കി. കുറ്റക്കാരായ പോലീസുകാരെ തത്സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് അയച്ച കത്തിനു മറുപടിയായാണ് സ്പീക്കർ ഇതു സംബന്ധിച്ച ഉറപ്പ് നൽകിയതെന്നും എംഎൽഎ വ്യക്തമാക്കി. എസിപി കെ. ലാൽജി, സെൻട്രൽ സിഐ, എസ്ഐ എന്നിവർക്കെതിരേ നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ട് ഇന്നലെ ഉച്ചകഴിഞ്ഞാണു എംഎൽഎ കത്തയച്ചത്.
അതിനിടെ, സംഭവം അന്വേഷിക്കുന്ന കളക്ടർക്ക് തന്നെ തല്ലിയ ഉദ്യോഗസ്ഥരുടെ അടക്കം ചിത്രങ്ങൾ എംഎൽഎ കൈമാറിയിട്ടുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച ദൃശ്യങ്ങളും കളക്ടർ പരിശോധിച്ചുവരികയാണ്. ലാത്തിച്ചാർജിന് ഇടയാക്കിയ വിഷയങ്ങൾ ഉൾപ്പെടെ വിശദമായ അന്വേഷണമാണ് കളക്ടറുടെ ഭാഗത്തുനിന്ന് നടന്നുവരുന്നത്.
വൈപ്പിൻ ഗവ. കോളജിലെ എസ്എഫ്ഐ-എഐവൈഎഫ് സംഘർഷത്തിൽ പക്ഷപാതപരമായ നിലപാടെടുത്ത ഞാറയ്ക്കൽ സിഐയ്ക്കെതിരേ നടപടി ആവശ്യപ്പെട്ടാണു സിപിഐയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഡിഐജി ഓഫീസ് മാർച്ച് നടത്തിയത്.