കൊച്ചി: സിപിഐ മാർച്ചിനിടെ എംഎൽഎയെ ഉൾപ്പെടെ പോലീസ് ലാത്തിച്ചാർജ് ചെയ്ത സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് മുഖ്യമന്ത്രിയുടെ ഓഫീസിനു റിപ്പോർട്ട് കൈമാറി. സംഭവത്തിൽ പോലീസിനു വീഴ്ച പറ്റിയിട്ടുണ്ടെന്നാണു കളക്ടറുടെ കണ്ടെത്തലെന്നാണു സൂചന.
സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നിട്ടും മജിസ്റ്റീരിയൽ അധികാരമുള്ള ഉദ്യോഗസ്ഥനെ പോലീസ് വിളിച്ചു വരുത്തിയില്ലെന്നും എംഎൽഎ അടക്കമുള്ളവരെ മർദ്ദിച്ചതു ശരിയായില്ലെന്നും കളക്ടർ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെന്നും വിവരമുണ്ട്.
വൈപ്പിൻ ഗവ. കോളജിലെ എസ്എഫ്ഐ- എഐഎസ്എഫ് സംഘർഷത്തിൽ പക്ഷപാതപരമായി നിലപാടെടുത്ത ഞാറയ്ക്കൽ സിഐക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിപിഐയുടെ ഐജി ഓഫീസ് മാർച്ച്. തുടർന്നുണ്ടായ ലാത്തിച്ചാർജിൽ സിപിഐ എംഎൽഎ എൽദോ എബ്രഹാമിനെ പോലീസ് ലാത്തിക്കടിച്ചു.
മാർച്ച് അക്രമാസക്തമായപ്പോൾ പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന എംഎൽഎയെ കൊച്ചി സെൻട്രൽ എസ്ഐ വിപിൻദാസ് മർദിക്കുകയായിരുന്നു. ലാത്തിച്ചാർജിൽ ജില്ലാ സെക്രട്ടറി പി. രാജു അടക്കമുള്ള സിപിഐ നേതാക്കൾക്കു സാരമായി പരിക്കേറ്റിരുന്നു.
സംഭവത്തിൽ ആഭ്യന്തരവകുപ്പിനും സർക്കാരിനുമെതിരേ വിമർശനവുമായി സിപിഐ എംഎൽഎ എൽദോ എബ്രഹാമും മറ്റു സിപിഐ നേതാക്കളും രംഗത്തെത്തി. എന്നാൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പോലീസിനെ സംരക്ഷിക്കുന്ന നിലപാടാണു സ്വീകരിച്ചത്. ഇത് പാർട്ടിൽതന്നെ പൊട്ടിത്തെറിക്ക് ഇടയാക്കി.
കളക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ ഞാറയ്ക്കൽ സിഐ അടക്കം ചില ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടായേക്കും എന്നാണു സൂചന. ജൂലൈ 17-നു ഞാറയ്ക്കൽ സർക്കാർ ആശുപത്രിയിൽ പോലീസും സിപിഐ ജില്ലാ നേതൃത്വവും തമ്മിൽ വാക്കു തർക്കത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.