കൊച്ചി: എറണാകുളത്ത് സിപിഐ മാർച്ചിനു നേരെയുണ്ടായ പോലീസ് നടപടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ജില്ലാ സെക്രട്ടറിയെ തള്ളി സംസ്ഥാന നേതൃത്വം. ഡിഐജി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ജില്ലാ സെക്രട്ടറി പി. രാജുവിന് വീഴ്ച പറ്റിയതായാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.
അക്രമം ഇല്ലാതെ സമാധാനപരമായ മാർച്ചിനായിരുന്നു നിർദേശം നൽകിയിരുന്നത്. എന്നാൽ ജില്ലാ കമ്മിറ്റി ഈ നിർദേശം അട്ടിമറിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന കമ്മിറ്റിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും വിമർശനമുണ്ട്. കൊച്ചിയിലെ സംഭവങ്ങളിൽ പാർട്ടിയിലും അന്വേഷണം ഉണ്ടാകുമെന്നും നേതൃത്വം അറിയിച്ചു.
പോലീസ് നടപടിയെ വിമർശിക്കാൻ തയാറാകാത്ത പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ എംഎൽഎയും എറണാകുളത്തെ പാർട്ടിയും തെറ്റുകാരാണെന്ന നിലപാടാണ് കഴിഞ്ഞ ദിവസം വരെ സ്വീകരിച്ചു പോന്നത്. അതേസമയം, എംഎൽഎയ്ക്കു മർദനമേറ്റ പശ്ചാത്തലത്തിൽ സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനെച്ചൊല്ലി പാർട്ടിയിൽ അമർഷമുണ്ടായിട്ടുണ്ട്.