കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ തോല്‍വിക്കു കാരണം ആഡംബര വിവാഹമാണെന്നു വിലയിരുത്തിയ സിപിഐ നേതൃത്വത്തെ വിമര്‍ശിച്ചു മൂവാറ്റുപുഴ മുന്‍ എംഎല്‍എ എല്‍ദോ ഏബ്രഹാം.
മകളുടെ മാമ്മോദീസയുടെ വിശേഷം പങ്കുവച്ചുകൊണ്ടെഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണു നേതൃത്വത്തിനുനേരേ എല്‍ദോയുടെ പരോക്ഷവിമര്‍ശനം.
‘മസാലദോശയും ചമ്മന്തിയും ഇല്ലാത്ത… ആര്‍ഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദീസ…’ എന്ന തലക്കെട്ടിലാണു കുറിപ്പ് പോസ്റ്റ് ചെയ്തത്.
ഞങ്ങളുടെ മകള്‍ക്കു കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ ലളിതമായ മാമ്മോദീസ ചടങ്ങ് നടത്തിയെന്നും എലൈന്‍ എല്‍സ എല്‍ദോ എന്ന പേര് നാമകരണം ചെയ്തെന്നും കുറിപ്പിൽ പറയുന്നു. ബുധനാഴ്ചയായിരുന്നു എല്‍ദോ-ഡോ. ആഗി ദമ്പതികളുടെ ആദ്യകുഞ്ഞിന്റെ മാമ്മോദീസ.
മസാലദോശയും വടയും മാത്രം വിളമ്പിയ എല്‍ദോയുടെ വിവാഹപ്പാര്ട്ടിയെക്കുറിച്ച് ആഡംബര കല്യാണമെന്ന നിലയിലാണ് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ റിപ്പോര്‍ട്ട് ചെയ്തത്.
മൂവാറ്റുപുഴയിലെ പാര്‍ട്ടിയുടെ തോല്‍വിക്ക് സ്ഥാനാര്‍ഥിയായ എല്‍ദോയുടെ ആര്‍ഭാട വിവാഹവും കാരണമായെന്നു റിപ്പോർട്ട് അവതരിപ്പിച്ച ജില്ലാ സെക്രട്ടറി പി. രാജു കൗണ്‍സിലില്‍ വിശദീകരിച്ചിരുന്നു.
ലളിതമായി നടന്ന എല്‍ദോയുടെ വിവാഹപ്പാര്‍ട്ടിയെ തോല്‍വിയുടെ കാരണമായി കുറ്റപ്പെടുത്തിയതു വ്യക്തിപരമായ അവഹേളനമാണെന്നു പാര്‍ട്ടിയിലെ ഒരുവിഭാഗം നിലപാടെടുത്തു.
വിവാഹത്തില്‍ പങ്കെടുത്തപ്പോഴും ഭക്ഷണം കഴിച്ചപ്പോഴും ആര്ഭാടമാണെന്നു തോന്നിയില്ലേയെന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ചോദ്യവും വിലയിരുത്തലിനെതിരേയുള്ള വിമർശനമായി.
വിവാഹം ആര്ഭാടമായെന്ന ചിലരുടെ പ്രചാരണം തന്നെ ഏറെ വിഷമിപ്പിച്ചെന്ന് എല്‍ദോ ‘ദീപിക’യോടു പറഞ്ഞു. 43-ാം വയസില്‍ നടന്ന വിവാഹം തികച്ചും ലളിതമായിരുന്നു.
പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി മാത്രം ജീവിച്ച എനിക്കു ജീവിതകാലം മുഴുവന്‍ തൊഴിലെടുത്താലും തീരാത്ത സാമ്പത്തിക ബാധ്യതയുണ്ട്.
ഇടതുപക്ഷക്കാരെന്നു മേനി പറഞ്ഞു നടക്കുന്നവര്‍ക്കു തന്നെപ്പോലുള്ളവരെ മനസിലാക്കാന്‍ എളുപ്പമാവില്ല- അദ്ദേഹം പറഞ്ഞു.
2016ല്‍ 9,375 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അട്ടിമറി ജയം നേടിയ എല്‍ദോ ഇക്കുറി 6,161 വോട്ടുകള്‍ക്കാണു കോണ്‍ഗ്രസിലെ മാത്യു കുഴല്‍നാടനോടു തോറ്റത്.