മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എല്‍ദോ ഏബ്രഹാമിനോ ഭാര്യ ഡോ. ആഗി മേരി അഗസ്റ്റിനോ സ്വന്തമായി സ്ഥലമോ വീടോ ഇല്ല.
ആകെ പണമായി രണ്ടുപേരുടെയും പക്കലുള്ളത് പതിനായിരം രൂപ വീതം മാത്രം.
എല്‍ദോ ഏബ്രഹാമിന് വാഹനമുള്‍പ്പെടെ 6,54,466 രൂപയുടെയും ഭാര്യ ആഗിക്ക് സ്വര്‍ണമുള്‍പ്പെടെ 4,14,647 രൂപയുടേയും സമ്പാദ്യമാണ് ആകെയുള്ളത്.
എല്‍ദോ ഏബ്രാഹം നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സ്വത്തു വിവരത്തിലെ വിവരങ്ങളാണിത്.
എല്‍ദോയുടെ അച്ഛന് എം.പി. ഏബ്രഹാമിന് മുളവൂര്‍ വില്ലേജില്‍ ഒൻപത് സെന്റ് ഭൂമിയും 600 ചതുരശ്ര അടി വിസ്തൃതിയുള്ള വീടുമുണ്ട്. പാരമ്പര്യമായി കിട്ടിയ സ്വത്താണിത്. ഇവയ്ക്കാകെ 12 ലക്ഷം രൂപ വിലവരും.
എല്‍ദോയ്ക്ക് സ്വന്തമായി ആറുലക്ഷം രൂപ വിലവരുന്ന മാരുതി ബ്രീസ കാറും 15,000 രൂപ വിലമതിക്കുന്ന 2011 മോഡല്‍ ആക്ടീവ സ്കൂട്ടറും ഉണ്ട്.
ഭാര്യ ആഗിക്ക് 2.5 ലക്ഷം വില മതിക്കുന്ന മാരുതി ആള്‍ട്ടോ കാറും 25,000 രൂപ വിലവരുന്ന 2016 മോഡല്‍ ആക്ടീവ സ്കൂട്ടറും 1.2 ലക്ഷം രൂപ വിലമതിക്കുന്ന 32 ഗ്രാം സ്വര്‍ണവുമുണ്ട്.
രണ്ട് ബാങ്കുകളിലായി എല്‍ദോ ഏബ്രഹാമിന് 4.40 ലക്ഷം രൂപയും, ഭാര്യ ആഗിയ്ക്ക് 1.85 ലക്ഷം രൂപയും കടബാധ്യതയുണ്ട്.
പെരുമ്പാവൂര്‍ എസ്ബിഐയില്‍ 2782 രൂപയും തൃക്കളത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 10808 രൂപയും മൂവാറ്റുപുഴ യൂണിയന് ബാങ്കില്‍ 6149 രൂപയും മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ 321 രൂപയും ഗവണ്മെന്റ് ട്രഷറിയില്‍ 2356 രൂപയും ആണ് എല്ദോയ്ക്കുള്ളത്.
തൃക്കളത്തൂര്‍ സഹകരണ ബാങ്കില്‍ 7000 രൂപയുടേയും പായിപ്ര അഗ്രികള്‍ച്ചര്‍ റൂറല്‍ സൊസൈറ്റിയില്‍ 50 രൂപയുടെയും ബോണ്ടും ഉണ്ട്.
ഭാര്യ ആഗിക്ക് കല്ലൂര്‍ക്കാട് യൂണിയന് ബാങ്കില്‍ 9647 രൂപയാണ് നിക്ഷേപമായുള്ളത്. ഇവയെല്ലാം കൂടി ചേര്‍ന്നതാണ് മൊത്തം സമ്പാദ്യം.