റെജി ജോസഫ്
ഒരു വോട്ടിന് ഒരു ബോട്ടില്‍ മദ്യം. ഒരു വീടിന് ഒരു പശു. കന്നിവോട്ടര്‍ക്ക് മൊബൈല്‍ ഫോണ്‍. കഞ്ചാവ്, മയക്കുമരുന്ന്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഉപഹാരങ്ങള്‍ പതിവായി മാധ്യമങ്ങളില്‍ ഇടംപിടിക്കാറുണ്ട്.
പട്ടുസാരിയും കമ്മലും പാദസരവുമൊക്കെ വോട്ടര്‍ക്കുള്ള സമ്മാനങ്ങളില്‍പ്പെടും. സാരിവിതരണത്തിലെ തിക്കിലും തിരക്കിലും വന്ദുരന്തങ്ങളുണ്ടായതും ഇന്ത്യയില്‍തന്നെ.
തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടികളും പ്രവര്‍ത്തകരും വോട്ടര്‍മാര്‍ക്ക് നേരിട്ട് വീടുകളില്‍ സമ്മാനങ്ങള്‍ എത്തിക്കുന്ന സാഹചര്യം പതിവായിരിക്കുന്നു.
ഗ്രാമത്തിലെ വോട്ടുകള്‍ ഒന്നാകെ വിലയ്ക്കെടുക്കുന്നതും തോക്കുമുനയില്‍ വോട്ടറെ ബൂത്തിലേക്ക് ആനയിക്കുന്നതും പതിവ്.
തമിഴ് നാട് ഉള്‍പ്പെടെ ഏറെ സംസ്ഥാനങ്ങളിലും പണം, സമ്മാനം എന്നിവയുടെ വിതരണം തടയാന്‍ സാധിക്കുന്നില്ലെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
ബാങ്കുകളിലെ ശതകോടി ആസ്തിയില്‍ നിന്നും പണം ചാക്കുകളിലും പെട്ടികളിലും നിറച്ച് ഓരോ മണ്ഡലത്തിനും വാര്‍ഡിനും വീതിക്കുന്ന തെരഞ്ഞെടുപ്പ് ആചാരം.ഏറെ സംസ്ഥാനങ്ങളിലും വോട്ടിന് പണമൊഴുക്കാത്ത പാര്‍ട്ടികളും മുന്‍നിര സ്ഥാനാര്‍ഥികളും അപൂര്‍വം.
തമിഴ് നാട്ടില്‍ മുന്‍പ് മണ്ഡലങ്ങളുടെയും ബൂത്തിന്റെയും പേരെഴുതിയ നോട്ടുകെട്ടുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുതോടെ വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കേണ്ടിവന്നു.
അവിടെ മുന്‍നിര പാര്‍ട്ടികളെല്ലാം വോട്ടര്‍ക്ക് പണവും ഉപഹാരങ്ങളും വിതരണം ചെയ്യുന്നത് പുതുമയല്ല. തമിഴ് നാട്ടില്‍ 650 ഉദ്യോഗസ്ഥരെ സംസ്ഥാന അതിര്‍ത്തികളിലും കടല്‍ത്തീരത്തും വിന്യസിച്ചിട്ടും പണമൊഴുക്ക് തടയാനായില്ല.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉള്‍പ്പെടെ 3760 കോടി വില മതിക്കുന്ന പണവും മദ്യവും മയക്കുമരുന്നും ആഭരണങ്ങളുമാണ് പിടിച്ചെടുത്തത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആഭരണം, വസ്ത്രം, വീട്ടുപകരണങ്ങള്‍ എന്നിവയുടെ വിതരണത്തില്‍ തമിഴ്നാടായിരുന്നു മുന്നില്‍. മയക്കുമരുന്നില്‍ ഡല്‍ഹിയും പഞ്ചാബും വിദേശമദ്യത്തില്‍ കര്‍ണാടകവും വാറ്റുചാരായത്തില്‍ ഉത്തര്‍ പ്രദേശും ഒന്നാമതെത്തി.
തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം പതിച്ച 4000 ലാപ്ടോപ്പുകളും അര ലക്ഷത്തിലേറെ സാരികളും പിടിച്ചെടുത്തു. സമ്മാനപ്പെട്ടി, കാര്‍ഷിക വായ്പ, മുണ്ട്, സാനിറ്റൈസര്‍ തുടങ്ങി കഞ്ചാവ് പൊതിയും മദ്യബോട്ടിലും വരെയാണ് കണ്ടുകെട്ടിയത്.
തെരഞ്ഞെടുപ്പ് കാലത്ത് മാത്രമല്ല ഇലക്ഷന് വിജ്ഞാപനത്തിനു മുന്നേതന്നെ സമ്മാനങ്ങള്‍ വീഴ്ത്തിയാല്‍ മാത്രമേ വോട്ടറെ കൈയിലെടുക്കാനാകൂ.
ഉത്തര്‍പ്രദേശില്‍ അമേഠി മണ്ഡലം രാഹുല്‍ ഗാന്ധിയില്‍ നിന്ന് പിടിച്ചെടുക്കുന്നതിനു മുന്നോടിയായി ബിജെപി ഗ്രാമങ്ങളില്‍ സൗജന്യ സിനിമ പ്രദര്‍ശനം നടത്തിയതും വോട്ടര്‍മാരെ കുംഭമേള തീര്‍ഥാടനത്തിന് കൊണ്ടുപോയതും ദീപാവലിക്ക് സാരി സമ്മാനിച്ചതുമൊക്കെ വാര്‍ത്തകളായി.
ഇക്കഴിഞ്ഞ ദീപാവലിക്ക് ഉത്തര്‍പ്രദേശിലെ 1.63 ലക്ഷം ബൂത്തുകളിലെ 30 ലക്ഷം കമ്മിറ്റിയംഗങ്ങള്‍ക്കും വീടുകളിലേക്ക് അലങ്കാരസാധനങ്ങളും താമര ആകൃതിയുള്ള വൈദ്യുത വിളക്കും ഉള്‍പ്പെട്ട സമ്മാനപ്പെട്ടിയാണ് ബിജെപി സമ്മാനിച്ചത്.
അടുത്ത വര്‍ഷത്തെ നിയമസഭസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഉപകാരം. പലപ്പോഴും പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക അപ്പാടെ പ്രലോഭനങ്ങളുടേതാണ്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, പെന്ഷന് ആനുകൂല്യങ്ങള്‍, ചികിത്സാ സഹായം തുടങ്ങി ഒട്ടേറെ വാഗ്ദാനങ്ങള്‍.
സമ്മാനങ്ങള്‍ക്ക് നിറം മങ്ങിയാലും ജനം തിരിച്ചുകുത്തുമെന്നതിനും ഉദാഹരണങ്ങള്‍ പലതുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ വനിതകള്‍ക്ക് സമ്മാനിച്ച വെള്ളി പാദസരം ആഴ്ചകള്‍ക്കുള്ളില്‍ നിറം മങ്ങിയതിനാല്‍ എഐഎഡിഎംകെയ്ക്ക് തിരിച്ചടി നേരിടേണ്ടിവന്നു. അതേ സമയം ഡിഎംകെ സമ്മാനിച്ച കുങ്കുമച്ചെപ്പ് പാര്‍ട്ടിക്കു നേട്ടവുമായി.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പിച്ചളയില്‍ നിര്‍മിച്ച താലത്തട്ടും സാരിയുമായിരുന്നു പ്രമുഖ പാര്‍ട്ടിയുടെ ഉപഹാരം. ആണുങ്ങള്‍ക്ക് ബിരിയാണിയും വാറ്റുചാരായവും. തമിഴ്നാട്ടില്‍ വോട്ടും കേരളത്തില്‍ ജോലിയും എന്നതാണ് ഇടുക്കിയിലെ ചില കുടിയേറ്റ തൊഴിലാളികളുടെ നേട്ടം.
തെരഞ്ഞെടുപ്പ് എത്തിയാല്‍ തോട്ടം പണിയെക്കാള്‍ നേട്ടം തമിഴ് നാട്ടില്‍ പോയി പാര്‍ട്ടികളുടെ സമ്മാനങ്ങള്‍ നേടുകയാണ്. ആന്ധ്രാ പ്രദേശില്‍ തെരഞ്ഞെടുപ്പ് കാലത്ത് മദ്യദുരന്തങ്ങള്‍ പലപ്പോഴും ആവര്‍ത്തിച്ചു.
രാഷ്ട്രീയ മധുരവും മദ്യവും
വ്യവസായവും വാണിജ്യവും മദ്യവും ചേര്‍ന്ന ലഹരിക്കൂട്ടാണ് രാഷ്ട്രീയം. ഡിസ്റ്റിലറികളില്‍ നേരിട്ടും ബിനാമി തലത്തിലും നിരവധി നേതാക്കള്‍ക്ക് പങ്കാളിത്തമുണ്ട്.
മദ്യനിര്‍മാതാക്കളും വില്പനക്കാരുമായ ഒട്ടേറെ നേതാക്കള്‍ രാജ്യത്തുണ്ട്. ആവേശം പകരാന്‍ മാത്രമല്ല വോട്ട് വാങ്ങിയെടുക്കാനും മദ്യമാണ് ഇവരുടെ ഉപാധി. പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പ്രധാന പണ ദാതാക്കളുമാണ് മദ്യനിര്‍മാതാക്കള്‍.
തമിഴ്നാട് സംസ്ഥാനത്ത് 11 ഡിസ്റ്റിലറികളും ഏഴ് ബിയര്‍ ഫാക്ടറികളും ഏഴായിരം ഔട്ട്ലെറ്റുകളുണ്ട്. കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും ഗോവയിലും വിദേശവും തദ്ദേശവുമായ മദ്യനിര്‍മാണശാലകള്‍ ഏറെയാണ്.
ഗോവയില്‍ മദ്യഫാക്ടറികളുടെ ഉടമകളേറെയും വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍തന്നെ. വിവിധ സംസ്ഥാനങ്ങളില്‍ ലോക്കല്‍ ബിയര്‍ കമ്പനികള്‍ക്ക് കൂടുതല്‍ വില്പന സാഹചര്യം സൃഷ്ടിക്കുന്നതായി കിംഗ് ഫിഷര്‍ ഉടമ വിജയ് മല്യ മുമ്പ് ആരോപിച്ചിരുന്നു.
ഏത് ബ്രാന്‍ഡ് വില്ക്കണമെന്നു നിശ്ചയിക്കുന്നതില്‍ ഭരണക്കാരുടെ ഇടപെടല്‍ എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. മദ്യകമ്പനികള്‍ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും കോടികള്‍ സംഭാവന നല്‍കുന്നത് ഭാവി കച്ചവടം സുതാര്യമാക്കാനാണ്.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കരിമ്പുതോട്ടങ്ങളുടെയും പഞ്ചസാര ഫാക്ടറികളുടെയും ഉടമകള്‍ എക്കാലവും അറിയപ്പെടുന്ന നേതാക്കളാണ്.
പഞ്ചസാരയുടെയും മദ്യത്തിന്റെയും കമ്പോളം മഹാരാഷ്ട്രയില്‍ ഭരണത്തിലും പ്രതിപക്ഷത്തുമുള്ള നേതാക്കളുടെ നിയന്ത്രണത്തില്‍തന്നെ. കരിമ്പില്‍നിന്നുള്ള മൊളോസിസ് മദ്യനിര്മാണത്തിലെ പ്രധാന ഘടകമാണ്.
ഇലക്ഷന് വേളകളില്‍ മഹാരാഷ്ട്രയിലെ മദ്യ ഉത്പാദനം ഇരട്ടിയാവുന്ന സാഹചര്യത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുവേളകളില്‍ ഡിസ്റ്റിലറികളില്‍ എക്സൈസ് സിസിടിവി കാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ഏര്‍പ്പാടാക്കി.
മദ്യം കയറ്റിയ ട്രക്കുകള്‍ അംഗീകൃത ഔട്ട്ലെറ്റുകളിലേക്കുതന്നെയാണോ പോകുന്നതെന്നറിയാന്‍ വാഹനത്തില്‍ ജിപിഎസ് ഘടിപ്പിച്ചു.
പരിശോധന കര്ക്കശമാക്കിയപ്പോഴാണ് വോട്ടര്‍മാര്‍ പണത്തിനു പകരം സ്ഥാനാര്‍ഥികള്‍ നല്കിയ സൗജന്യ കൂപ്പണുമായി മദ്യശാലകളില്‍ എത്തുന്നതായി ഒളികാമറയില്‍ കണ്ടത്.
മഹാരാഷ്ട്രയില്‍ എക്സൈസ് പിടിമുറുക്കിയപ്പോള്‍ ഗോവ, ഡാമന്‍ എന്നിവിടങ്ങളില്‍ നിന്ന് വിദേശമദ്യം അവിടേക്ക് ഒഴുകിയെത്തിത്തുടങ്ങി. റോഡ് പരിശോധന കര്‍ക്കശമാക്കിയതോടെ ചാരായംവാറ്റും മദ്യദുരന്തങ്ങളും പതിവാകുകയും ചെയ്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കട്ടിലിനടിയില്‍ കണക്കില്‍പ്പെടാതെ ഒളിപ്പിച്ചിരുന്ന 50 ലക്ഷം രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തതും പ്രമുഖ സ്ഥാനാര്‍ഥിയുടെ കള്ളപ്പണത്തില്‍ 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടതും മുന്നണി മാറിവരാന്‍ മുന്നിരപാര്ട്ടിനേതാവ് കോഴ കൊടുത്തതുമായ വിവാദങ്ങള്‍ കേരളത്തിലുണ്ടായി.
രാഷ്ട്രീയം പണാധിപത്യത്തില്‍ മുങ്ങിയതോടെ പണമില്ലാത്തവര്‍ക്കും സ്വതന്ത്രനും മത്സരിച്ചു ജയിക്കാന്‍ സാധിക്കാത്ത ദുര്ഗതിവന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അപചയം.
രാജ്യത്ത് ഏറ്റവുമധികം കള്ളനോട്ട് പ്രചാരത്തില്‍ വരുന്നതും ഇലക്ഷന്കാലത്തുതന്നെ. ഇത്തരത്തില്‍ കള്ളപ്പണവും കള്ളനോട്ടും ജനാധിപത്യത്തെ മലിനമാക്കുന്നു.
ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന ജനാധിപത്യസംവിധാനത്തിലെ അഭിഭാജ്യഘടകമാണ് വോട്ടെടുപ്പ്. സ്വതന്ത്രവും നിഷ്പക്ഷവുമായി വോട്ടവകാശം വിനിയോഗിക്കപ്പെടണം എന്ന സങ്കല്പത്തെ പാര്‍ട്ടി മേധാവിത്യവും പണാധിപത്യവും തച്ചുതകര്‍ക്കുന്നു.
ഓരോ പാര്‍ട്ടിക്കും മുന്നണിക്കും ഭരണവും സ്വാധീനം ഉറപ്പിക്കാന്‍ പറ്റും വിധമാണ് മണ്ഡലങ്ങളും പുനര്‍വിഭജനം നടത്തുക. അവിടെ ജാതി, മതം, വര്‍ഗം, ഭാഷ എന്നിവയൊക്കെ സ്വാധീന ഘടകങ്ങളായി മാറുന്നു. നിഷ്പക്ഷത എന്ന പക്ഷം ഇല്ലാതായിരിക്കുന്നു.