പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കേരള രാഷ്ട്രീയത്തിലെ ശക്തിശാലികളായ സിപിഐയുടെ പി.രവീന്ദ്രനും കോൺഗ്രസിലെ സി വി പത്മരാജനും ഏറ്റുമുട്ടി ജയപരാജയങ്ങൾ അനുഭവിച്ചറിഞ്ഞ ചാത്തന്നൂർ നിയോജക മണ്ഡലം ഇത്തവണ താര മണ്ഡലമായേക്കും. ബിജെപിയ്ക്ക് വേണ്ടി സുരേഷ് ഗോപി എംപിയും കോൺഗ്രസിനുവേണ്ടി മുൻ എംപി പീതാംബരകുറുപ്പും ഏറ്റുമുട്ടിയേക്കും.
ചാത്തന്നൂരിൽ അവസാനമായി കോൺഗ്രസിന്റെ എംഎൽഎ ആയിരുന്ന പ്രതാപ വർമ്മ തമ്പാനും ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്ക്കും ചാത്തന്നൂർ മണ്ഡലത്തോട് താല്പര്യമില്ലെന്നറിയുന്നു. മുൻ എംപിയും മുൻ കെപിസിസി വൈസ് പ്രസിഡന്റുമായിരുന്ന എൻ.പീതാംബരക്കുറുപ്പ് മത്സരരംഗത്തില്ലെങ്കിൽ കെപിസിസി നിർവാഹക സമിതി അംഗം നെടുങ്ങോലം രഘുവായിരിക്കും സ്ഥാനാർഥിയാവുക.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ ചാത്തന്നൂർ മണ്ഡലത്തിൽ ഇത്തവണ വിജയിക്കുക തന്നെയാണ് ബിജെപിയുടെ ലക്ഷ്യം.ജില്ലയിലാദ്യമായിമണ്ഡലത്തിലെ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിൽ അധികാരത്തിലെത്തുകയും എല്ലാ ഗ്രാമ പഞ്ചായത്തുകളിലും രണ്ടോ അതിലധികമോ അംഗങ്ങളെ വിജയിപ്പിക്കുകയും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ ചരിത്രത്തിലാദ്യമായി ഒരംഗത്തെ വിജയിപ്പിക്കാനും കഴിഞ്ഞത് ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
ചാത്തന്നുർ മണ്ഡലത്തിന്റെ അയൽപക്കമായ മാടൻനട സ്വദേശി കൂടിയായ ചലച്ചിത്ര നടൻ സുരേഷ് ഗോപി എംപിയെ ചാത്തന്നൂരിൽ സ്ഥാനാർഥിയാക്കാനാണ് ബിജെപി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നീക്കം. സുരേഷ് ഗോപിയെ ആറന്മുളയിലും തൃശൂരിലും സ്ഥാനാർഥിയാക്കാൻ മറ്റ് ജില്ലാ കമ്മിറ്റികളും ശ്രമം നടത്തി വരുന്നുണ്ടെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽചാത്തന്നൂർ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയ ബി ജെപിയുടെ ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഇത്തവണ മത്സര രംഗത്തുണ്ടാവാൻ സാധ്യതയില്ല. ജാതി സമവാക്യങ്ങളിൽ വിള്ളലുണ്ടാക്കി വിജയം നേടുക തന്നെയാണ് ബിജെപിയുടെ ലക്ഷ്യം.
സുരേഷ് ഗോപി ആറന്മുള യോ തൃശൂരോ സ്ഥാനാർഥിയായാൽ ചാത്തന്നൂരിൽ ബിജെപി പുതിയ പരീക്ഷണത്തിന് തയാറായേക്കും.കോൺഗ്രസിലെയും സിപിഐ ലെയും പ്രാദേശിക വൻ തോക്കുകളെ തറപറ്റിച്ച് ഗ്രാമപഞ്ചായത്തംഗമാവുകയും ഇപ്പോൾ ബ്ലോക്ക് പഞ്ചായത്തംഗവുമായ എസ്.ആർ. രോഹിണിയെന്ന യുവതുറുപ്പ് ചീട്ട് ബിജെപി രംഗത്തിറക്കിയേക്കും.
എങ്ങനെയും മണ്ഡലം പിടിച്ചെടുക്കുക തന്നെയാണ് ലക്ഷ്യം. സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും കെ.സുരേന്ദ്രന്റെ വിജയ യാത്ര കഴിഞ്ഞ ശേഷമേ അത് സംബന്ധിച്ച ചർച്ചകൾ തുടങ്ങുകയുള്ളുവെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ പറഞ്ഞു.
താൻ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സിപിഐയുടെ ജി.എസ്.ജയലാലാണ് രണ്ടു തവണയായി ചാത്തന്നൂരിനെ നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്നത്. രണ്ടുടേം പൂർത്തിയാക്കിയെന്ന കാരണത്താൽ ജയലാലിന് സീറ്റ് നിഷേധിക്കുകയാണെങ്കിൽ സിപിഐ ദേശീയ സമിതി അംഗവും കെപ്കോ ചെയർപേഴ്സണുമായ ജെ.ചിഞ്ചുറാണിയ്ക്കായിരിക്കും അവസരം ലഭിക്കുക.
ജാതി സമവാക്യങ്ങൾ പരിഗണിച്ചാൽ എഐടിയുസി സംസ്ഥാന സെക്രട്ടറിയും പുതക്കുളം സ്വദേശിയുമായ എം.പി.ഗോപകുമാറും പരിഗണനാ പട്ടികയിലുണ്ട്.ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ ജാതി സമവാക്യങ്ങളും മറ്റും പരിഗണിച്ച് വിജയസാധ്യത കണക്കിലെടുത്തും ജി.എസ്.ജയലാലിനെ ഒരിക്കൽ കൂടി മത്സരിപ്പിക്കാനാകും സിപിഐ ശ്രമിക്കുക.
വിവിധ മേഖലകളിലെ വികസന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാവുംജയ ലാലിനെതിരെ പ്രതിപക്ഷ സ്ഥാനാർഥികളുടെ പ്രതിരോധം എന്നതും സിപിഐ കണക്കിലെടുക്കുന്നുണ്ട്. അവസാന റൗണ്ടിൽ ജി.എസ്.ജയ ലാലും സുരേഷ് ഗോപിയും പീതാംബരകുറുപ്പും ഏറ്റുമുട്ടാനാണ് അവസരം. എങ്കിൽ ചാത്തന്നൂരിന് താരപരിവേഷത്തിനപ്പുറം കേരളത്തിലെ തീപാറുന്ന മത്സരവേദിയായി മാറാനും കഴിഞ്ഞേക്കും.