തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന ഏഴ് തദ്ദേശസ്വയം ഭരണ വാർഡുകളിലെ ഫലം പുറത്തു വന്നു.
തില്ലങ്കേരിയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷൻ യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. കൂടാതെ കളമശേരി മുനിസിപ്പൽ വാർഡിൽ എൽഡിഎഫിനും തൃശൂർ കോർപ്പറേഷനിലെ പുല്ലഴി വാർഡിൽ യുഡിഎഫിനും അട്ടിമറി വിജയം.
തില്ലങ്കേരിയിൽ എൽഡിഎഫിലെ ബിനോയി കുര്യൻ ജയിച്ചു. സംസ്ഥാനത്ത് മൂന്നും സീറ്റ് എൽഡിഎഫും നാലു സീറ്റ് യുഡിഎഫും ജയിച്ചു.
തൃശൂർ കോർപ്പറേഷനിലെ പുല്ലഴി വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.രാമനാഥൻ 998 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. കളമശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ വാർഡിൽ എൽഡിഎഫ് സ്വതന്ത്രൻ റഫീഖ് മരയ്ക്കാർ 64 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ലീഗ്, കോണ്‍ഗ്രസ് വിമതനും മത്സര രംഗത്തുണ്ടായിരുന്നു. ലീഗിനെക്കാൾ കൂടുതൽ വോട്ട് കോണ്‍ഗ്രസ് വിമതൻ നേടിയിരുന്നു. കോൺഗ്രസ് വിമതന്റെ സാന്നിധ്യം ഇവിടെ യുഡിഎഫിനെ പരാജയപ്പെടുത്തി.
എൽ ഡി എഫ് സ്ഥാനാർത്ഥി റഫീഖ് മരയ്ക്കാറിന് 308 വോട്ടാണ് ലഭിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥി വി എസ് സമീലിന് 244 വോട്ടാണ് ലഭിച്ചത്. യു ഡി എഫിന്റെ വിമത സ്ഥാനാർത്ഥിയായ ഷിബു സിദ്ദിഖ് 207 വോട്ടാണ് നേടിയത്.
കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്തിൽ താത്തൂർപൊയിൽ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിലും യു ഡി എഫ് വിജയിച്ചു. യു ഡി എഫിലെ കെ സി വാസന്തി 27 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
എൽഡിഎഫ് സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് 7 ആം വാർഡ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു വിജയം. ഇടതുപക്ഷ സ്ഥാനാർത്ഥി രോഹിത് എം. പിള്ളയാണ് കോൺഗ്രസിലെ കെ വർഗീസിനെ 464 വോട്ടുകൾക്കു പരാജയപ്പെടുത്തിയത്. എൻഡിഎ സ്ഥാനാർത്ഥി മഹേശൻ 182 വോട്ടുകൾ നേടി.
കൊല്ലത്ത് രണ്ടിടത്തും യുഡിഎഫ്
ചവറ: ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന പന്മന പഞ്ചായത്തിലെ രണ്ട് വാർഡുകളിലും യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. അഞ്ചാം വാർഡായ പറന്പിമുക്കിൽ മുഹമ്മദ് നൗഫൽ 336 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പടുത്തി.
പതിമൂന്നാംവാർഡായ ചോലയിൽ യുഡിഎഫിലെ അനിൽകുമാർ 71 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത് .പന്മന പഞ്ചായത്തിൽ ഭരണം യുഡിഎഫിനാണ് .
23 സീറ്റിൽ 14 സീറ്റാണ് യുഡിഎഫിന് ുണ്ടായിരുന്നത്. എൽഡിഎഫിന് 6 സീറ്റാണ്. രണ്ട് സീറ്റുകൂടി യുഡിഎഫിന് ലഭിച്ചതോടെ യുഡിഎഫിന് 16 സീറ്റായി. അഞ്ചാം വാർഡായ പറമ്പിമുക്കിൽ 85. 38 ശതമാനവും പതിമൂന്നാം വാർഡായ ചോലയിൽ 79.18 ശതമാനം പോളിംഗുമാണ് നടന്നത്.
പറമ്പിമുക്ക് ,ചോല എന്നീ വാര്‍ഡുകളിലെ എന്‍ഡിഎ, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്നാണ് ഇവിടുത്തെ തിരഞ്ഞെടുപ്പ് മാറ്റി വെച്ചത്. തെരഞ്ഞെടുപ്പ് നടന്ന ഏഴിടത്തുമായി 78.24 ശതമാനമായിരുന്നു ആകെ പോളിംഗ്