സിജോ പൈനാടത്ത്
കൊച്ചി: സിനിമാനടന്മാര് നിയമസഭയിലെത്തുന്നത് ആദ്യമല്ല. സിനിമാ നിര്‍മാതാക്കളും സഭാംഗങ്ങളായിട്ടുണ്ട്.
ഇക്കുറി അവര്‍ക്കെല്ലാമൊപ്പം പിന്നണിഗായിക ദലീമകൂടി ചേരുന്നതോടെ സിനിമാമേഖലയില്‍ തിളങ്ങിയ അഞ്ചു പേര് എംഎല്‍എ കസേരയിലുണ്ടാകും.
ആലപ്പുഴയിലെ അരൂര്‍ മണ്ഡലത്തിലെ കന്നിമത്സരത്തില്‍ ജയിച്ചാണു ഗായിക ദലീമ ജോജോ സഭയിലേക്കു പാടിയെത്തുന്നത്.
നിയമസഭാംഗമാകുന്ന ആദ്യ പിന്നണിഗായിക എന്ന വിശേഷണവും ദലീമയ്ക്കു സ്വന്തം. സിറ്റിംഗ് എംഎല്‍എ ഷാനിമോള്‍ ഉസ്മാനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ദലീമ വീഴ്ത്തിയത് 7,013 വോട്ടുകള്‍ക്ക്.
ക്രൈസ്തവ ഭക്തിഗാനങ്ങളിലൂടെയാണു ദലീമ സംഗീതരംഗത്തു ശ്രദ്ധിക്കപ്പെട്ടത്. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലം എന്ന സിനിമയിലെ ‘മഞ്ഞുമാസപക്ഷീ…’, നീ വരുവോളം എന്ന സിനിമയിലെ ‘ഈ തെന്നലും തിങ്കളും…’ തുടങ്ങിയവ ദലീമയുടെ ഹിറ്റ് ഗാനങ്ങളാണ്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.
നടന്മാരും സിറ്റിംഗ് എംഎല്‍എമാരുമായ ഗണേഷ്കുമാറും മുകേഷും വിജയം ആവര്‍ത്തിച്ചു. എല്‍ഡിഎഫ് എംഎല്‍എമാരായി യഥാക്രമം പത്തനാപുരം, കൊല്ലം മണ്ഡലങ്ങളില്നിന്നാണു ഇവര്‍ വീണ്ടും സഭയിലെത്തുക.
കോണ്‍ഗ്രസിലെ ബിന്ദു കൃഷ്ണയെ 2,072 വോട്ടുകള്‍ക്കു മുകേഷ് പരാജയപ്പെടുത്തിയപ്പോള്‍, ജ്യോതികുമാര്‍ ചാമക്കാലയ്ക്കെതിരേ 16,336 വോട്ടുകള്‍ക്കായിരുന്നു ഗണേഷ്കുമാറിന്റെ ജയം.
പാലായില്‍ ചരിത്രവിജയം ആവര്‍ത്തിച്ച മാണി സി. കാപ്പനും പെരിന്തല്‍മണ്ണയില്‍നിന്നു മങ്കടയിലേക്കു മാറി മത്സരിച്ചു ജയിച്ച മഞ്ഞളാംകുഴി അലിയും എംഎല്‍എ നിരയിലുണ്ട്.
ഇരുവരും സിനിമാ നിര്‍മാതാക്കളും നടന്മാരും ആയിരുന്നു. എന്‍സിപി വിട്ട് എന്‍സികെ രൂപീകരിച്ചു യുഡിഎഫിന്റെ ഭാഗമായ ശേഷമാണു മാണി സി. കാപ്പന് പാലായില്‍ വിജയം ആവര്‍ത്തിച്ചത്.
മേലേപ്പറമ്പില്‍ ആണ്‍വീട്, ജനം, കുസൃതിക്കാറ്റ്, മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങി 12 സിനിമകള്‍ നിര്‍മിച്ച കാപ്പന്, യുവതുര്‍ക്കി, ഇരുവട്ടം മണവാട്ടി തുടങ്ങി 25 സിനിമകളില്‍ അഭിനയിച്ചു.
എല്‍ഡിഎഫിലേക്കു ചേക്കേറിയ കേരള കോണ്‍ഗ്രസിലെ ജോസ് കെ. മാണിയെ വലിയ ഭൂരിപക്ഷത്തിനു തോല്‍പ്പിച്ചതിലൂടെ ഇക്കുറി തെരഞ്ഞെടുപ്പു ഫലത്തിലെ ‘ഹിറ്റ് മേക്കറ’മാവുകയാണു മാണി സി. കാപ്പന്. 14,941 വോട്ടുകള്‍ക്കാണു കാപ്പന് ജോസിനെ വീഴ്ത്തിയത്.
2019ലെ ഉപതെരഞ്ഞെടുപ്പില്‍ കിട്ടിയ 2,943 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇക്കുറി അഞ്ചിരട്ടിയിലധികമാക്കിയത്.
മുസ്ലിംലീഗ് നേതാവായ മഞ്ഞളാംകുഴി അലി (മാക് അലി) 2012-2016 ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ന്യൂനപക്ഷ ക്ഷേമ, നഗരവികസന മന്ത്രിയായിരുന്നു.
പുറപ്പാട്, ഒരു അഭിഭാഷകന്റെ കേസ് ഡയറി, ദി കിംഗ് തുടങ്ങി പത്തിലധികം സിനിമകളുടെ നിര്‍മാതാവായ അലി രണ്ടു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
6,246 വോട്ടുകള്‍ക്കു സിപിഎമ്മിലെ ടി.കെ. റഷീദലിയെയാണു മഞ്ഞളാംകുഴി പരാജയപ്പെടുത്തിയത്. 2016ല്‍ 579 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം പെരിന്തല്‍മണ്ണയില്‍ വിജയിച്ചത്.
സിനിമാനടന്മാരായ ധര്മജന് ബോള്‍ഗാട്ടി (ബാലുശേരി), സുരേഷ് ഗോപി (തൃശൂര്‍), കൃഷ്ണകുമാര്‍ (തിരുവനന്തപുരം), സീരിയല്‍ താരങ്ങളായ പ്രിയങ്ക (അരൂര്‍), വിവേക് ഗോപന് (ചവറ) എന്നിവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ടു.