തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കച്ചവടക്കണക്കിന്റെ ബലത്തിലാണ് യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ബിജെപിയുടെ വോട്ട് യുഡിഎഫ് ചോദിച്ച് വാങ്ങിയെന്നും പിണറായി ആരോപിച്ചു.
ഒരു രാഷ്ട്രീയ പാര്‍ട്ടി അവരുടെ വോട്ട് അവരുടെ സ്ഥാനാര്‍ഥിക്ക് നല്‍കാതെ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ വേണ്ടി മറിച്ചു കൊടുത്തു.
ഇത് കൃത്യമായി കച്ചവടമാണ്. അതിന് നേതൃത്വം കൊടുത്ത യുഡിഎഫ് നേതാക്കള്‍ ജയിച്ചെന്ന് കണക്കുകൂട്ടി.
കേരള രാഷ്ട്രീയത്തിലെ ജനങ്ങളുടെ മനസ് ആ കണക്കിനോടൊപ്പമല്ല നിന്നത്. അതാണ് വിജയത്തിന് ഇടയാക്കിയതെന്ന് കാണാനുണ്ടെന്നും പിണറായി പറഞ്ഞു.
ബിജെപിക്ക് 4.28 ലക്ഷം വോട്ട് കുറഞ്ഞപ്പോൾ യുഡിഎഫിന് നാല് ലക്ഷം വോട്ട് കൂടി. എല്‍ഡിഎഫിന്റെ വോട്ട് വിഹിതം 45.2 ശതമാനമായി വര്‍ധിച്ചു.
യുഡിഎഫിന്റേത് 38.79 ശതമാനത്തില്‍ 39.4 ശതമാനമായി. ബിജെപിയുടേത് 15.01 ശതമാനത്തില്‍ നിന്ന് 12.4 ശതമാനമായി കുറഞ്ഞു. 2.61 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. അവരുടെ വോട്ട് യുഡിഎഫിന് പോയി.
90 മണ്ഡലങ്ങളിൽ ബിജെപിക്ക് ഭീമമായി വോട്ട് കുറഞ്ഞത് എങ്ങനെയെന്നും മുഖ്യമന്ത്രി ചോദിച്ചു. 4,28,500 വോട്ട് കുറഞ്ഞു.
പത്തോളം സീറ്റുകളിൽ ബിജെപി വോട്ട് നേടി യുഡിഎഫ് ജയിച്ചു. പുറമേ കാണുന്നതിനേക്കാൾ വലിയ വോട്ട് കച്ചവടം നടന്നു. പുതിയ വോട്ടർമാരിലെ വർധനയുടെ ഗുണം ബിജെപിക്ക് മാത്രം എന്തുകൊണ്ട് ലഭിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
ചില സീറ്റുകളില്‍ ഇവരുടെ കച്ചവടം വിജയം കണ്ടു. ചിലയിടത്ത് ഭൂരിപക്ഷം കുറക്കാനും സാധിച്ചു.
മന്ത്രി മേഴ്സിക്കുട്ടിയമ്മ മത്സരിച്ച കുണ്ടറയിൽ ബിജെപിയുടെ 14160 വോട്ട് കുറഞ്ഞു. യുഡിഎഫ് ഭൂരിപക്ഷം 4454 ആണെന്നും പിണറായി ചൂണ്ടിക്കാട്ടി.
ബിജെപിക്ക് 12488 വോട്ട് കുറഞ്ഞ സുല്‍ത്താന്‍ ബത്തേരിയില്‍ ഇവിടെ യുഡിഎഫ് 11822 വോട്ടുകള്‍ക്ക് വിജയിച്ചു. തൃപ്പൂണിത്തുറയിൽ യുഡിഎഫ് ഭൂരിപക്ഷം 992 ആണ്. തൃപ്പൂണിത്തുറ 6087 വോട്ടാണ് ബിജെപിക്ക് കുറഞ്ഞത്.
ചാലക്കുടിയിൽ 1057 വോട്ടിന് യുഡിഎഫ് ജയിച്ചു. 8928 വോട്ട് ബിജെപിക്ക് കുറഞ്ഞു. കോവളത്ത് 11562 വോട്ടിനാണ് യുഡിഎഫ് ജയിച്ചത്.
12223 വോട്ട് ബിജെപിക്ക് കുറഞ്ഞു. കടുത്തുരുത്തിയില്‍ ബിജെപിക്ക് 5866 വോട്ട് കുറഞ്ഞു. 4256 വോട്ടിനാണ് യുഡിഎഫ് ജയിച്ചത്.
പാലായിൽ ജോസ് കെ.മാണി തോറ്റതും ബിജെപി വോട്ട് മറിച്ചതിനാലാണെന്നും പിണറായി ആരോപിച്ചു.
എൽഡിഎഫിന് പാലായില്‍ 13952 വോട്ടുകളുടെ കുറവാണുണ്ടായത്. ഇതും യുഡിഎഫ് വിജയത്തില്‍ നിര്‍ണായകമായെന്നും പിണറായി പറഞ്ഞു.
ബിജെപി വോട്ട് മറിഞ്ഞതിൽ സാമ്പത്തിക താത്പര്യമുണ്ടെന്നും പിണറായി പറഞ്ഞു. വോട്ട് കച്ചവടത്തെക്കുറിച്ച് ബിജെപി നേതൃത്വം അന്വേഷിക്കണം.
ബിജെപി നേതൃത്വം പാർട്ടിയാക്കി നിർത്താൻ ശ്രമിക്കണം. യുഡിഎഫിന്റെ നേതൃതലത്തിൽ ധാരണകൾ ഉണ്ടാക്കിയെന്ന് വ്യക്തമെന്നും മുഖ്യമന്ത്രി ആരോപിച്ചു.