കോട്ടയം: ഒരു കുടുംബത്തിലെ മരണപ്പെട്ടു പോയ ആളുടെ ഒഴികെയുള്ള ആറു വോട്ടുകൾ നീക്കം ചെയ്തതായി പരാതി.
വിജയപുരം പഞ്ചായത്തിലെ ആറാം വാർഡിലെ താമസക്കാരനായിരുന്ന വടവാതൂർ മേപ്പുറത്ത് എം.കെ. റെജിമോന്റെ ഉൾപ്പെടെ കുടുംബത്തിലെ ആറു പേരുടെ വോട്ടുകളാണ് നീക്കം ചെയ്തതായി പരാതി ഉയർന്നിരിക്കുന്നത്.
എന്നാൽ മരണപ്പെട്ടു പോയ റെജിമോന്റെ പിതാവ് എം.കെ. കേശവന്റെ പേര് ആറാം വാർഡിലെ ബൂത്തിലുണ്ട്.
ഇന്നു രാവിലെ റെജിമോനും കുടുംബാംഗങ്ങളും വോട്ട് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്ത വിവരമറിയുന്നത്.
തുടർന്ന് അന്വേഷിച്ചപ്പോൾ ഇവർ നാളുകൾക്കു മുന്‍പ് ആറാം വാർഡിൽ നിന്നും 13-ാം വാർഡിലേക്ക് താമസം മാറിയതിനാലാണ് വോട്ട് നീക്കം ചെയ്തതെന്നാണ് അധികൃതർ അറിയിച്ചത്.
എന്നാൽ വോട്ട് 13-ാം വാർഡിലേക്ക് മാറ്റാൻ അപേക്ഷ നല്‍കിയിട്ടില്ലെന്നും അപേക്ഷ നല്കിയിരുന്നെങ്കിൽ മരിച്ചു പോയയാളുടെ പേര് മാത്രം എങ്ങനെ ആറാം വാർഡിലെ വോട്ടർ പട്ടികയിൽ നിലനിൽക്കുമെന്നും കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നതായും റെജിമോൻ പറഞ്ഞു.