തിരുവനന്തപുരം: ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്. ഡിസംബർ അഞ്ച് മുതൽ ഈ നിരക്ക് പ്രാബല്ല്യത്തിൽ വന്നതായാണ് റെഗുലേറ്ററി കമ്മീഷൻ പുറത്തുവിട്ട വിവരത്തിൽ പറയുന്നത്. ബിപിഎല്ലുകാർക്കും നിരക്ക് വർധന ബാധകമാണ്. അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസയും വർധിപ്പിക്കും. ഫിക്സഡ് ചാർജും കൂട്ടി.
പ്രതിമാസം 40 യൂണിറ്റ് വരേ ഉപയോഗിക്കുന്നവർക്കും 100 വാട്ട് കണക്റ്റഡ് ലോഡ് ഉള്ളവർക്കും ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്കും ഈ നിരക്ക് വർധന ബാധകമല്ല. എൻഡോ സൾഫാൻ ദുരിത ബാധിതർക്ക് സൗജന്യ വൈദ്യുതി അതുപോലെ തുടരുമെന്നും റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കി.
അതേസമയം സമ്മർ താരീഫ് ഏർപ്പെടുത്തണമെന്ന ശിപാർശ അംഗീകരിച്ചില്ല. കണക്ടഡ് ലോഡിനെ അടിസ്ഥാനപ്പെടുത്തി ഗാർഹിക ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജ് ഏർപ്പെടുത്തണമെന്ന കെഎസ്ഇബിയുടെ നിർദേശവും അംഗീകരിച്ചില്ല.