പത്തനംതിട്ട: മുഖാവരണം ധരിച്ച വോട്ടര്‍മാര്‍. മുഖാവരണം കൂടാതെ ഫെയ്സ് ഷീല്‍ഡും കൈയുറയും ധരിച്ച് ഉദ്യോഗസ്ഥര്‍. കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗം.
ഒപ്പിടാന്‍ സ്വന്തം പേന. സാമൂഹിക അകലം പാലിച്ച് ക്യൂ….. ഇങ്ങനെ പോകുന്നു കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് ബൂത്തിലെ പ്രത്യേകതകള്‍. കോവിഡ് കാല വോട്ടെടുപ്പ് മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമാണ്.
ഇന്നു രാവിലെ വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുമ്പേ പല പോളിംഗ് ബൂത്തുകള്‍ക്കു മുമ്പിലും വോട്ടര്‍മാര്‍ ക്യൂവില്‍ എത്തിയതും കോവിഡ് ഭീതി കാരണമാകാം.
രാവിലെതന്നെ പോളിംഗ്ബൂത്തിലെത്തി മടങ്ങാനുള്ള തിരക്ക് അധികവും സ്ത്രീകളുടേതായിരുന്നു. സ്ഥാനാര്ഥികളുടേതായ ബൂത്തുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എല്ലാ ബൂത്തുകളിലും പരമാവധി രണ്ടുപേരില്‍ കൂടുതല്‍ പാടില്ലെന്നാണ് നിര്‍ദേശം. എല്ലാവരും മാസ്ക് ധരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി വോട്ടെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകാനാണ് നിര്‍ദേശം.