കണ്ണൂർ: കണ്ണൂർ എംപിയും കെപിസിസി പ്രസിഡന്റുമായ കെ. സുധാകരൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ചതോടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമം കോൺഗ്രസിൽ ഊർജിതമായി. കണ്ണൂർ സീറ്റിനായി ലിസ്റ്റിലുള്ളവരുടെ പേരിൽ എഐസിസിയുടെ പ്രത്യേക സംഘത്തിന്റെ പരിശോധന തുടങ്ങി. കെപിസിസി നല്കിയ ലിസ്റ്റിലാണ് ജയസാധ്യത പരിഗണിച്ചുള്ള പരിശോധന നടക്കുന്നത്.
കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വിശ്വസ്തനായ കെപിസിസി ജനറൽ സെക്രട്ടറിയും കോഴിക്കോട് സ്വദേശിയുമായ കെ. ജയന്തിന്റെ പേര് ലിസ്റ്റിലുണ്ടെങ്കിലും ജയന്ത് വരുന്നതിലുള്ള എതിർപ്പ് ഗ്രൂപ്പ് ഭേദമന്യേ കണ്ണൂരിലെ കോൺഗ്രസുകാർ ഒറ്റക്കെട്ടായി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
2018 ജൂണിൽ ജോസ് കെ. മാണിയെ രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള യുഡിഎഫ് തീരുമാനത്തെ പരസ്യമായി എതിർത്ത് ജയന്ത് പത്രസമ്മേളനം നടത്തിയിരുന്നു. രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് അന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സഖ്യകക്ഷികൾക്ക് കോൺഗ്രസ് സ്വയം തീറെഴുതുന്നുവെന്നും പ്രീണന രാഷ്ട്രീയം പിന്തുടരുന്നുവെന്നുമുള്ള വിമർശനം അന്ന് ജയന്ത് ഉയർത്തുകയുണ്ടായി. പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും അദ്ദേഹം പ്രവർത്തനരംഗത്തുണ്ടായിരുന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം കെ. സുധാകരൻ പുതിയ കെപിസിസി പ്രസിഡന്റായതിനു ശേഷമാണ് ജയന്ത് സംഘടനയിൽ സജീവമാകുന്നത്. കെ. സുധാകരന്റെ വിശ്വസ്തനായിനിന്ന് സംസ്ഥാനത്തെ മുഴുവൻ സംഘടനാ തർക്കങ്ങളിലും ജയന്ത് കക്ഷി ചേരുന്നു എന്ന വിമർശനം കോൺഗ്രസിലെ ഒരു വിഭാഗം ഉന്നയിക്കുന്നു.
ടെലിവിഷൻ ചാനൽ ചർച്ചകളിലൂടെ മലയാളികൾ പരിചിതമായ കണ്ണൂർ സ്വദേശിയും എഐസിസി വക്താവുമായ ഷമ മുഹമ്മദും സ്ഥാനാർഥി ലിസ്റ്റിൽ പരിഗണനയിലുണ്ട്. കേരളത്തിൽ നിന്ന് കോൺഗ്രസിനുള്ള 15 ലോക്സഭാ എംപിമാരിൽ ഒരു മുസ്ലിം സമുദായാംഗം പോലുമില്ല എന്ന സാധ്യതയാണ് ഷമയ്ക്കുള്ള പരിഗണന.
യൂത്ത് കോൺഗ്രസ് മുൻ നേതാവും കെപിസിസി അംഗവുമായ റിജിൽ മാക്കുറ്റിയുടെ പേരും പരിഗണനയിലുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ പരിഗണനയിലുണ്ടായിരുന്നു. എന്നാൽ, ആർഎസ്എസിനെതിരേയുള്ള ശക്തമായ നിലപാടുകൾ മത്സരരംഗത്തേക്കുള്ള തടസമായി നിൽക്കുന്നുണ്ട്. കണ്ണൂർ മുൻ മേയർ ടി.ഒ. മോഹനൻ, വി.പി. അബ്ദുൾ റഷീദ്, അമൃതാ രാമകൃഷ്ണൻ എന്നിവരും പരിഗണനാ ലിസ്റ്റിലുണ്ട്.
സിപിഎമ്മിൽ കെ.കെ. ശൈലജ, പി.പി. ദിവ്യ, പി.കെ. ശ്രീമതി
സിപിഎം മുൻ മന്ത്രി കെ.കെ. ശൈലജയടക്കമുള്ള കരുത്തരെ കളത്തിലിറക്കാനാണ് സാധ്യത. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, മുൻ എംപി പി.കെ. ശ്രീമതി എന്നിവരുടെ പേരുകളും സജീവമായി ചർച്ചയിലുണ്ട്. ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം നടക്കുന്ന മണ്ഡലമെന്നതിനാല്‍ കണ്ണൂരിലെ തെരഞ്ഞെടുപ്പ് മുന്നണികള്‍ക്ക് പ്രധാനമാണ്.
2009ല്‍ കെ. സുധാകരനിലൂടെയാണ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കുന്നത്. 2014ല്‍ പി.കെ. ശ്രീമതിയിലൂടെ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ 2019 ല്‍ ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തില്‍ വിജയിച്ച് കെ. സുധാകരന് വീണ്ടും കണ്ണൂര്‍ എംപിയായി.
സ്വന്തം ലേഖകൻ