തെരഞ്ഞെടുപ്പിനെ ബിജെപി എങ്ങിനെയാണ് നോക്കി കാണുന്നത് ?
= ആത്മവിശ്വാസത്തോടെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ കാണുന്നത്. മാറിയ രാഷ്ട്രീയ സാഹചര്യമാണിന്നുള്ളത്. കൊറോണ കാലത്ത് നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയിരുന്നു.
താഴെത്തട്ടിലുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും സമിതിയെ രൂപീകരിച്ചാണ് പ്രവർത്തനം നടത്തി വന്നത്. അതുകൊണ്ടുതന്നെ അടിസ്ഥാനമായ പ്രശ്നങ്ങളിൽ ഊന്നിയാണ് വോട്ട് തേടുന്നത്.
വികസനം ഇല്ലായ്മയാണ് ഓരോ പ്രദേശത്തെയും ജനം നേരിടുന്ന പ്രധാന പ്രശ്നമെന്ന് ബിജെപി വിലയിരുത്തുന്നു. വികസനമാണ് ബിജെപി വോട്ടർമാർക്ക് മുന്നിൽ വെക്കുന്നത്.
തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പറയാനുള്ളത് ?
= അഴിമതിരഹിത ഭരണവും വികസനവും തന്നെയാണ് പ്രധാന മുദ്രാവാക്യം. എല്ലാവർക്കും തുല്യനീതി വിഭാവനം ചെയ്യുന്ന വികസനം കൊണ്ടു വരികയെന്നതാണ് ബിജെപിയുടെ ലക്ഷ്യം.
മോദി സർക്കാർ ഇന്ത്യാ മഹാരാജ്യത്ത് കൊണ്ടു വരുന്ന വികസന പ്രവർത്തനങ്ങൾ താഴെത്തട്ടിലും എത്തിക്കുക എന്നതാണ് ലക്ഷ്യം. മോദി രാജ്യത്ത് നടപ്പാക്കിയ ക്ഷേമ പദ്ധതികളിൽ ഓരോരുത്തരെയും ഗുണഭോക്താക്കളാക്കും.
ദാരിദ്യ രേഖയ്ക്ക് താഴെയുള്ളവരെ സ്വയം പര്യാപ്തരാക്കുക എന്നിവയാണ് ബിജെപിയുടെ ദേശിയതലത്തിലും പ്രാദേശിക തലത്തിലുമുള്ള പ്രധാന അജണ്ട. ഇവിടെ എൽഡിഎഫ് സർക്കാർ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന പല പദ്ധതികളും കേന്ദ്ര സർക്കാർ പദ്ധതികളാണ്.
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞിനെ പോലെ എല്ലാം തങ്ങളാണ് നടത്തിയതെന്ന് പറഞ്ഞു നടക്കുകയാണ് സിപിഎം. യുഡിഎഫിന്റെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ.
ഇരുമുന്നണികളുമായാണ് ബിജെപി മത്സരിക്കുന്നത് എങ്ങിനെ വിലയിരുത്തുന്നു ?
= കേരളത്തിലെ രാഷ്ട്രീയം രണ്ട് മുന്നണികളിലായി അകപ്പെട്ടതാണ് സംസ്ഥാനത്തിന്റെ ശാപം. വികസനം മുരടിപ്പിച്ചത് ഇരു മുന്നണികളുമാണ്.
ഇവർ സയാമീസ് ഇരട്ടകളാണെന്ന് സമൂഹം മനസിലാക്കിയിട്ടുണ്ട്. അഞ്ച് വർഷം വീതം മാറി മാറി ഭരിച്ചിരുന്ന ഇരു മുന്നണികളും ജനങ്ങളുടെ നികുതിപ്പണം കട്ടുമുടിക്കുകയാണ് ചെയ്തത്.
ഒരു മുന്നണി ഭരിക്കുന്പോൾ നടത്തിയ കൊള്ളയ്ക്ക സംരക്ഷണം നൽകുന്ന നയമാണ് അടുത്ത ഭരണാധികാരികൾ കേരളത്തിൽ നടത്തി വന്നത്. ഇതിനൊരു മാറ്റമാണ് ജനം ഇന്നാഗ്രഹിക്കുന്നത്.
അതു തന്നെയാണ് ബിജെപിയുടെ പ്രസക്തിയും പ്രാധാന്യവും വർധിപ്പിക്കുന്നതും. ഇരു മുന്നണികളിലെയും പാർട്ടികളിൽ വിശ്വസിച്ച് പോയ, അകപ്പെട്ടു പോയ ഭൂരിപക്ഷം പേരും മാറ്റത്തിനാഗ്രഹിക്കുന്നു. അവർ ബിജെപിക്ക് വോട്ട് ചെയ്യും.
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിജയ പ്രതീക്ഷ ?
= കോർപറേഷനിലും ജില്ലാപഞ്ചായത്തിലും ആന്തൂർ ഉൾപ്പെടെയുള്ള മുനിസിപാലിറ്റികളിലും ഇത്തവണ ഫലം വരുന്പോൾ ബിജെപിയുടെ പ്രതിനിധികൾ ഉണ്ടാകും.
ആന്തൂരിൽ സിപിഎം ജനാധിപത്യമല്ല നടപ്പാക്കുന്നത്, പാർട്ടി ഏകാധിപത്യവും ക്രൂരതയുമാണ്.
സിപിഎമ്മിനെ ഏറെക്കാലം സഹായിച്ചു പോന്ന പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്ക് കാരണം ആന്തൂർ മുനിസിപാലിറ്റി ഭരിച്ച സിപിഎമ്മാണ്.
ഇക്കാര്യം ആന്തൂരിലെ ജനങ്ങൾക്കുമറിയാം. സാജൻ വിഷയം ആന്തൂരിൽ ബിജെപി തെരഞ്ഞെടുപ്പ് വിഷയമായും ഉയർത്തിക്കാട്ടും.
തെരഞ്ഞെടുപ്പിലെ മുഖ്യ എതിരാളി ആരാണ് ?
= മുഖ്യ എതിരാളി സിപിഎമ്മാണ്. ബിജെപിയും എൽഡിഎഫും തമ്മിലാണ് മത്സരം. കോൺഗ്രസ് ചിത്രത്തിലില്ല.
കോൺഗ്രസ് ആൾക്കൂട്ടം മാത്രമാണ്. ദേശീയ പാർട്ടിയെന്ന് പറയുന്ന കോൺഗ്രസാണ് തമിഴ്നാട്ടിൽ ആയിരം വോട്ടു പോലും തികച്ചെടുക്കാനില്ലാതെ സിപിഎമ്മിനെയും ലീഗിനെയും പാർലമെന്റിലേക്കയച്ചത്.
അപ്പോൾ പിന്നെ കോൺഗ്രസ് എങ്ങിനെയാണ് സിപിഎമ്മിനെ എതിർക്കുന്നു എന്നു പറയുക. സിപിഎം പാർട്ടി ഗ്രാമങ്ങളിലെ സിപിഎമ്മുകാരായവർ തന്നെ ഇപ്പോൾ ബിജെപിയുമായി സഹകരിക്കുകയാണ്.
നേരത്തെ സിപിഎം ഭീഷണിപ്പെടുത്തിയും മറ്റും ബിജെപി പ്രവർത്തകരെ നാമനിർദേശ പത്രിക സമർപ്പിക്കാൻ പോലും സമ്മതിച്ചിരുന്നില്ല. ഇപ്പോൾ പാർട്ടി ഗ്രാമങ്ങളിൽ നിന്നു പോലും സിപിഎം ഏകാധിപത്യത്തിനെതിരേ ശബ്ദം ഉയരുന്നുണ്ട്.
തങ്ങൾ അല്ലാതെ മറ്റാരെയും മത്സരിപ്പിക്കില്ലെന്ന് സിപിഎം പ്രഖ്യാപിച്ച ആന്തൂരിൽ പോലും ഇത്തവണ ബിജെപിക്ക് സ്ഥാനാർഥികളുണ്ട്. സിപിഎമ്മിന്റെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോയി തുടങ്ങിയെന്ന് ഇനിയെങ്കിലും നേതൃത്വം മനസിലാക്കണം.
കേന്ദ്ര എജൻസികളെ ഉപയോഗിച്ച് ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നാണ് സർക്കാരും സിപിഎമ്മും പറയുന്നത് ?
= കേന്ദ്രസർക്കാർ വിവിധ പദ്ധതികൾക്കായി നൽകിയ പണം വെട്ടിച്ചവരും കള്ളക്കടത്തുൾപ്പെടെ നടത്തിയവരും ഇപ്പോൾ ആശങ്കയിലാണ്.
അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമെന്ന ഭീതിയാണ് സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും ഇത്തരത്തിൽ പറയിപ്പിക്കുന്നത്. കൊള്ളയടിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരികയാണ് ലക്ഷ്യം.
എന്റെ ഓഫീസിലെ ഏത് വന്പനെയും കൊന്പനെയും പിടിച്ചോട്ടെ എന്നായിരുന്നു ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. വന്പനും കൊന്പനും അകപ്പെട്ടു. ഇനി മുഖ്യമന്ത്രിയിലേക്കാണ് അന്വേഷണം വരുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് വർഷങ്ങളായി അധോലോക സംഘങ്ങളുടെ ഓഫീസായാണ് പ്രവർത്തിക്കുന്നത്. കേന്ദ്രസർക്കാർ പ്രളയ ദുരിതത്തിലും മറ്റും സംസ്ഥാനത്തിന് നൽകിയ പണം തട്ടിപ്പ് നടത്തിയവരാണ്.
അപ്പോൾ കേന്ദ്ര അന്വേഷണ സംഘത്തിന് അന്വേഷിക്കാതിരിക്കാനാവില്ല. മുഖ്യമന്ത്രി തന്നെയാണ് ഇവരെ വിളിച്ചു വരുത്തിയത്. ഇതോടൊപ്പം കെഎസ്എഫ്ഇ വിജിലൻസ് റെയ്ഡ് നടത്തിയത് കൂടി കൂട്ടി വായിക്കണം.
കേന്ദ്ര ഏജൻസി വന്നത് സർക്കാർ പണം കൊള്ളയടിച്ചവരെ കണ്ടെത്താനാണ് . അപ്പോൾ സർക്കാർ അവരെ സഹായിക്കുകയാണ് വേണ്ടത്. പകരം കൊള്ളയടിച്ചവരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.
ബിജെപിയുടെ അടിസ്ഥാന ആശയം ഹിന്ദുത്വമാണെന്നാണ് സിപിഎം ഉൾപ്പെടെയുള്ള പാർട്ടികൾ ആരോപിക്കുന്നത് ?
= മതേതതരത്വവും എല്ലാവിഭാഗത്തിന്റെയും ക്ഷേമവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. യഥാർഥത്തിൽ മതത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞ് സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളാണ് വർഗീയത കളിക്കുന്നത്.
“ഞങ്ങളിലില്ല ഹെന്ദവ രക്തം, ഞങ്ങളിലില്ല മുസ്ലിം രക്തം, ഞങ്ങളിലില്ല ക്രൈസ്തവ രക്തം, ഞങ്ങളിലുള്ളത് മാനവ രക്തം’ എന്നു മുദ്രാവാക്യം വിളിച്ച ഡിവൈഎഫ്ഐ നേതാവും സിപിഎം എംഎൽഎയുമായ എ.എൻ. ഷംസീറിന്റെ ഭാര്യ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ അധ്യാപികയുടെ റാങ്ക് ലിസ്റ്റിൽ വന്നപ്പോൾ എന്തു കൊണ്ട് മുസ് ലിം സംവരണമെന്ന ക്വാട്ട ഉപയോഗപ്പെടുത്തിയെന്ന് വ്യക്തമാക്കണം.
ഒന്നാം റാങ്കുകാരിയെ പിന്തള്ളിയാണ് രണ്ടാം റാങ്കുകാരിയായ എംഎൽഎയുടെ ഭാര്യയ്ക്ക് നിയമനം നൽകിയത്. പിന്നീട് ഒന്നാം റാങ്കുകാരി കോടതിയെ സമീപിച്ചാണ് നിയമനം നേടിയത്.
ഞങ്ങളിലുള്ളത് മാനവരക്തമെന്ന് മുദ്യാവാക്യം വിളിച്ചവർ ജോലിക്ക് വേണ്ടി എന്തിന് സമുദായ ആനുകൂല്യം തെറ്റായ രീതിയിൽ ഉപയോഗപ്പെടുത്തിയെന്ന് വ്യക്തമാക്കണം.
തങ്ങളുടെ കാര്യങ്ങൾ വരുന്പോൾ ജാതിയുടെയും മതത്തിന്റെയും പേരിൽ കാര്യങ്ങൾ നേടിയെടുക്കാനും മതവും ജാതിയും പറഞ്ഞ് ജനങ്ങളെ അകറ്റി നിർത്തുന്നതും സിപിഎമ്മാണ്. ജനങ്ങൾക്ക് ഇത് ഇപ്പോൾ വ്യക്തമായി ബോധ്യപ്പെട്ടിട്ടുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ജില്ലയിൽ വേരോട്ടമുണ്ടാക്കാനായിട്ടുണ്ടോ ?
= തീർച്ചയായും. ഇത്രയും നാളും ന്യൂനപക്ഷത്തെ ഇരു മുന്നണികളും ബിജെപിയുടെ പേര് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എന്നാലിന്ന് അവർക്ക് യാഥാർഥ്യം ബോധ്യപ്പെട്ടു. ബിജെപി തങ്ങൾക്ക് എതിരല്ലെന്നും സംരക്ഷകരാണെന്നും അവർക്ക് ബോധ്യമായിട്ടുണ്ട്.
ഇത്രയും കാലം തെറ്റിദ്ധരിപ്പിച്ചവർക്ക് അവർ ബാലറ്റിലൂടെ മറുപടി നൽകും. ന്യൂനപക്ഷങ്ങൾ ബിജെപി തരംഗമായി മാറിയിട്ടുണ്ട്.
അബ്ദുള്ളക്കുട്ടിയുടെ വരവിനെ ബിജെപി ആഘോഷമാക്കിയപ്പോൾ പാർട്ടികൾ മാറി മാറി നടക്കുന്ന വ്യക്തിയെന്നാണ് ചിലർ വിശേഷിപ്പിക്കുന്നത് ?
= അബ്ദുള്ളക്കുട്ടി ഇപ്പോഴാണ് ശരിയായ പാതയിൽ എത്തിയത്. നേരത്തെ താൻ വിശ്വസിച്ചിരുന്ന പാർട്ടികൾ ഒന്നും തന്നെ ശരിയല്ലെന്ന തിരിച്ചറിവിലാണ് ശരിയുടെ പക്ഷത്തു നിൽക്കുന്ന ബിജെപിയിലേക്ക് അബ്ദുള്ളക്കുട്ടി എത്താൻ കാരണം.
ന്യൂനപക്ഷത്തിൽ നിന്നുള്ള അബ്ദുള്ളക്കുട്ടിക്ക് ബിജെപി അംഗത്വം നൽകിയതും ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം നൽകിയതും നേരത്തെ പറഞ്ഞതു പോലെ ന്യൂനപക്ഷ സംരക്ഷകരായത് കൊണ്ടു തന്നെയാണ്.
അബ്ദുള്ളക്കുട്ടിയുടെ വരവ് ന്യൂനപക്ഷങ്ങൾക്കിടയിൽ ബിജെപിയെ സംബന്ധിച്ച് നേരത്തെയുണ്ടായിരുന്ന ധാരണകൾ പാടെ മാറ്റി മറിക്കാനും സഹായിച്ചിട്ടുണ്ട്.