തിരുവനന്തപുരം: പോളിംഗ് ബൂത്തുകളിൽ എത്തുന്ന വോട്ടർമാർക്ക് സാനിറ്റൈസർ അടക്കം നൽകുന്നതിന് പോളിംഗ് അസിസ്റ്റന്റ് തസ്തികതന്നെ ബൂത്തുകളിൽ ഏർപ്പെടുത്തി. ബൂത്തുകളിൽ കയറുന്നതിനു മുൻപും ശേഷവും കൈ സാനിറ്റൈസ് ചെയ്യണം.
• വായും മൂക്കും മൂടുന്ന തരത്തിൽ മാസ്ക് ധരിക്കണം.
• വോട്ടർമാർ ക്യൂ നിൽക്കുന്പോൾ ആറടി അകലം പാലിക്കണം. സാമൂഹിക അകലം പാലിക്കുന്നതിനായി പ്രത്യേക സർക്കിളുകൾ വരച്ചിടും. പരസ്പരം തൊടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
• മാസ്കും പിപിഇ കിറ്റും ധരിച്ച് എത്തുന്നവർ ആവശ്യമെങ്കിൽ തിരിച്ചറിയുന്നതിനായി മാസ്ക് മാറ്റി മുഖം കാട്ടേണ്ടതാണ്.
• മുറിയുടെ ജനാലകളെല്ലാം തുറന്നിടണം.
• പോളിംഗ് ബൂത്തുകൾ അണുവിമുക്തമാക്കണം.
• പോളിംഗ് ബൂത്തിൽ ഒരുസമയം മൂന്നുപേരെ മാത്രമേ അനുവദിക്കൂ. മറ്റുള്ളവർക്കു ക്യൂവിൽ നിൽക്കാൻ പ്രത്യേക സൗകര്യം ഒരുക്കണം. വെയിലുള്ള ഭാഗങ്ങളിൽ ടാർപോളിൻ അടക്കം കെട്ടി സുരക്ഷിതമാക്കണം.
• 70 വയസിനു മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, മറ്റു രോഗബാധിതർ എന്നിവർക്കു ക്യൂ നിൽക്കേണ്ടതില്ല. ഇവർക്കു നേരിട്ട് ബൂത്തിലേക്ക് പ്രവേശിക്കാം.
• കാഴ്ചപരിമിതർക്കും മറ്റു ശാരീരിക വിഷമതകളുള്ളവർക്കും നിബന്ധനകളുടെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യാൻ സഹായിയെ അനുവദിക്കും.
ഗ്രാമപഞ്ചായത്തിൽ മൂന്നു വോട്ട്, നഗരസഭയിൽ ഒന്ന്
ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മൂന്നു വോട്ടാണുള്ളത്. ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തിലേക്കാണ് ഈ വോട്ടുകൾ. കോർപറേഷൻ, മുനിസിപ്പാലിറ്റിയിൽ ഒരു വോട്ടു മാത്രമാണുള്ളത്.
തിരിച്ചറിയൽ രേഖകൾ
തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ രേഖ, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, പാൻകാർഡ്, പാസ്പോർട്ട്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, ദേശസാത്കൃത ബാങ്കിൽനിന്ന് ആറു മാസത്തിനകം നൽകിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്.
കോവിഡ് ബാധിതർക്കു വോട്ട് ചെയ്യാം
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ അവസാന ദിനത്തിൽ കോവിഡ് ബാധിക്കുന്നവർക്കും ക്വാറന്ൈറനിൽ കഴിയുന്നവർക്കും വോട്ട് ചെയ്യാൻ അവസരമുണ്ട്.
ഇവർക്ക് വൈകുന്നേരം അഞ്ചിനു ശേഷം വോട്ട് ചെയ്യാനാണ് അവസരമൊരുക്കിയിട്ടുള്ളത്. സാധാരണ വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയ ശേഷമാകും കോവിഡ് ബാധിതർക്ക് അവസരം നൽകുക.
ഇന്നുച്ചകഴിഞ്ഞു മൂന്നിനു ശേഷം കോവിഡ് സ്ഥിരീകരിക്കുന്നവർക്കും ക്വാറന്ൈറനിൽ പോകുന്നവർക്കുമാണു നാളെ നേരിട്ടെത്തി വോട്ട് ചെയ്യാൻ അവസരമൊരുക്കുക. രാവിലെ ഏഴു മുതൽ ആറുവരെയാണ് വോട്ടെടുപ്പു സമയം.
ഇതിൽ അവസാന മണിക്കൂറാണ് കോവിഡ് രോഗികൾക്കായി നീക്കിവയ്ക്കുക. ഇന്നു മൂന്നിനു മുൻപ് കോവിഡ് സ്ഥിരീകരിക്കുന്നവർക്കും ക്വാറൻറൈനിൽ പോകുന്നവർക്കും തപാൽ വോട്ടിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.