പാലക്കാട് : ജില്ലയിലെ 159 പ്രശ്നസാധ്യത ബൂത്തുകളിൽ കാമറാ നിരീക്ഷണത്തിലാവും വോട്ടെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് സമാധാനപരവും സുതാര്യവുമായി പൂർത്തീകരിക്കാൻ നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് കാമറ നിരീക്ഷണമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
അക്ഷയ സംരംഭകർക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാർ എന്നിവരുടെ മേൽനോട്ടത്തിലാവും കാമറ നിരീക്ഷണം. 125 പോളിംഗ് സ്റ്റേഷനുകളിലായി 159 പ്രശ്ന സാധ്യതാ ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് ദിവസം രാവിലെ അഞ്ച് മുതൽ വോട്ടെടുപ്പു നടപടികൾ പൂർത്തിയാകുന്നതുവരെ കാമറ നിരീക്ഷണം ഏർപ്പെടുത്തുന്നത്.
ക്യാമറ നിരീക്ഷണത്തിനായി ജോലിയിൽ ഏർപ്പെടുന്ന മുഴുവൻ പേർക്കും ഡ്യൂട്ടി സർട്ടിഫിക്കറ്റ് നൽകുന്നതുവഴി അതാത് പോളിംഗ് സ്റ്റേഷനുകളിൽ തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യവും ഉറപ്പാക്കുമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. രാവിലെ മോക്ക് പോൾ അടക്കം ബൂത്തിലെ മുഴുവൻ തെരഞ്ഞെടുപ്പ് നടപടികളും ലൈവായി വെബ്കാസ്റ്റ് ചെയ്യേണ്ടതെങ്ങനെയെന്ന് പരിശീലനപരിപാടിയിൽ വിശദമാക്കി.
ഏപ്രിൽ 22നാണ് ട്രയൽ റണ് നടക്കുക. പോളിങ് സ്റ്റേഷനിൽ വോട്ടർമാർ പ്രവേശിക്കുന്നത് മുതൽ പോളിങ് ഓഫീസർ വോട്ടറെ തിരിച്ചറിയുന്നതും വോട്ടർ വോട്ടിംഗ് കന്പാർട്ട്മെന്റിൽ കയറുന്നതും ഉൾപ്പെടെയുള്ളവ പതിയുന്ന രീതിയിൽ കാമറ സ്ഥാപിക്കുക, തെരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടാതെ ചിത്രീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും പരിശീലന പരിപാടിയിൽ നൽകി.
സെക്ടറൽ ഓഫീസർമാർക്കാണ് കാമറ ചിത്രീകരണത്തിനുള്ള മുഴുവൻ സൗകര്യങ്ങളും ഒരുക്കാനുള്ള ചുമതല.
വൈദ്യുതി കണക്ഷൻ സുഗമമായി ലഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കെ.എസ്.ഇ.ബി.ക്ക് നൽകിയിട്ടുണ്ടെന്ന് ഐ.ടി മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ അറിയിച്ചു.