പത്തനംതിട്ട: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനേ തുടര്ന്ന് പ്രാദേശികതലത്തില് മുന്നണി ബന്ധങ്ങള്ക്കപ്പുറത്ത് രൂപമെടുത്ത ധാരണകള് പലയിടത്തും ബാധ്യതകളായി.
നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്ക്കലെത്തി നില്ക്കേ ഇത്തരം ബന്ധങ്ങള് ഇരുമുന്നണികള്ക്കും ബിജെപിക്കും ബാധ്യതയായി മാറുമെന്ന തോന്നലുണ്ടായിട്ടുണ്ട്. തുടര്ന്ന് ചര്ച്ചകളും സജീവമായി.
തലവേദന തുടങ്ങുന്നു
സ്വന്തമായി അധികാരത്തിലെത്താന് ഭൂരിപക്ഷമില്ലാതിരുന്ന തദ്ദേശസ്ഥാപനങ്ങളിലാണ് പ്രാദേശികമായ താത്പര്യങ്ങള് മുന്നിര്ത്തി ധാരണകള് രൂപപ്പെട്ടത്.
മുന്നണി ബന്ധങ്ങള്ക്കപ്പുറത്ത് ബിജെപി, എസ്ഡിപിഐ കക്ഷികള് കൂടി പലയിടത്തും ധാരണയുടെ ഭാഗമായതോടെയാണ് നേതൃത്വത്തിന് തലവേദനയായി മാറിയത്. ബാധ്യതയായി മാറിയ ബന്ധങ്ങളെല്ലാം ഉപേക്ഷിക്കണമെന്ന നിലപാടിലേക്ക് മുന്നണി നേതൃത്വങ്ങള് മാറുമെന്നാണ് സൂചന.
ബിജെപി, എസ്ഡിപിഐ കക്ഷികളുമായുള്ള ഒരു ബന്ധവും പാടില്ലെന്ന കര്ശന നിര്ദേശം സിപിഎം, കോണ്ഗ്രസ് സംസ്ഥാന നേതൃത്വങ്ങള് പ്രാദേശികതലങ്ങളിലേക്കു നല്കിയിട്ടുണ്ട്.
എന്നാല് പലയിടങ്ങളിലും ഘടകകക്ഷികളെ മുന്നിര്ത്തി നടത്തിയിട്ടുള്ള നീക്കങ്ങളാണ് ബാധ്യതയായി മാറുന്നത്. ബിജെപിക്കെതിരെ എല്ഡിഎഫ് – യുഡിഎഫ് സ്ഖ്യം രൂപപ്പെട്ടതും ചര്ച്ചകളിലേക്കു കടന്നിരിക്കുകയാണ്.
ഒളിയന്പുകൾ
ജില്ലയില് ഇരുമുന്നണികള്ക്കും ഭൂരിപക്ഷമില്ലാതിരുന്ന പത്തനംതിട്ട നഗരസഭയില് സ്വതന്ത്രരുടെ പിന്തുണയില് അധികാരം പിടിച്ച എല്ഡിഎഫ് ഇപ്പോള് എസ്ഡിപിഐ ബന്ധത്തിന്റെ പേരില് ഘടകകക്ഷിയായ സിപിഐയില് നിന്നാണ് പ്രധാനമായും വിമര്ശനം നേരിടുന്നത്.
എസ്ഡിപിഐ കൂടി പിന്തുണച്ച സ്വതന്ത്ര അംഗത്തെ വൈസ് ചെയര്പേഴ്സണ് ആക്കിയതു മുതല് സിപിഎമ്മിനെതിരെ ആക്ഷേപം ഉയര്ന്നിരുന്നു. ചെയര്മാന്, വൈസ് ചെയര്പേഴ്സണ് തെരഞ്ഞെടുപ്പില് എസ്ഡിപിഐയിലെ മൂന്നംഗങ്ങളും വിട്ടുനില്ക്കുകയായിരുന്നു.
സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പു കൂടി കഴിഞ്ഞപ്പോള് ഒരു സ്ഥാനം എസ്ഡിപിഐയ്ക്കു നല്കിയത് സിപിഐയെ ചൊടിപ്പിച്ചു. നഗരസഭയിലെ വിവിധ വാര്ഡുകളില് എസ്ഡിപിഐയുമായി സിപിഎമ്മിലെ ചില നേതാക്കള്ക്ക് രഹസ്യബന്ധമുണ്ടായിരുന്നെന്ന ആരോപണവും ഇതിനിടെ ഉണ്ടായി.
സിപിഐ മത്സരിച്ച പത്താംവാര്ഡില് വോട്ടിലുണ്ടായ തിരിമറിയും എല്ഡിഎഫ് മൂന്നാമതായതും അന്വേഷിക്കണമെന്നാവശ്യവുമുണ്ടായി.
തള്ളാനും കൊള്ളാനുമാവാതെ
തിരുവല്ല നഗരസഭയില് യുഡിഎഫിന് ചെയര്പേഴ്സണ് സ്ഥാനം ലഭിക്കാന് എസ്ഡിപിഐ വോട്ടു ചെയ്തതാണ് എല്ഡിഎഫ് ആയുധമാക്കുന്നത്.
തിരുവല്ലയില് ബിജെപി കൗണ്സിലര്മാര് വോട്ടെടുപ്പില് വിട്ടുനില്ക്കുകയും ചെയ്തിരുന്നു. എന്നാല് എസ്ഡിപിഐയുടെ വോട്ട് തിരുവല്ലയില് നിര്ണായകമായിരുന്നില്ലെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തല്.
റാന്നി ഗ്രാമപഞ്ചായത്തില് ബിജെപി പിന്തുണയോടെ അധികാരത്തിലെത്തിയ എല്ഡിഎഫിലെ കേരള കോണ്ഗ്രസ് എം പ്രതിനിധി പ്രസിഡന്റ് സ്ഥാനത്തു തുടരുകയാണ്.
ഇതിനെതിരെയും സിപിഐയാണ് പരസ്യപ്രതികരണത്തിന് ആദ്യം തയാറായത്. പിന്നാലെ എല്ഡിഎഫ് പാര്ലമെന്റ്്ററി പാര്ട്ടിയില് നിന്ന് പ്രസിഡന്റിനെ പുറത്താക്കിയെങ്കിലും കേരള കോണ്ഗ്രസ് എം നടപടിയെടുക്കാന് തയാറല്ലെന്നറിയിച്ചിരിക്കുകയാണ്.
കോട്ടാങ്ങലില് എസ്ഡിപിഐ വോട്ടു ചെയ്തതിന്റെ പേരില് ഗ്രാമപഞ്ചായത്തില് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട എല്ഡിഎഫ് അംഗങ്ങള് രാജിവച്ചിരുന്നു. എന്നാല് ഇന്നലെ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തേക്ക് എസ്ഡിപിഐ വോട്ട് എല്ഡിഎഫ് സ്വീകരിക്കുകയും ചെയ്തു.
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തും എല്ഡിഎഫിന് ബിജെപി വോട്ടു ലഭിച്ചു. കോയിപ്രം ഗ്രാമപഞ്ചായത്തില് സിപിഐ മെംബര് യുഡിഎഫ് പിന്തുണയില് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ചെന്നീര്ക്കരയില് യുഡിഎഫും ബിജെപിയും തമ്മില് സ്ഥിരംസമിതി തെരഞ്ഞെടുപ്പില് ധാരണയിലെത്തിയിരുന്നു. മലയാലപ്പുഴയിലെ സ്ഥിരംസമിതിയിലേക്ക് ബിജെപിയെ മാറ്റി നിര്ത്തിയത് എല്ഡിഎഫ്, യുഡിഎഫ് ധാരണയിലാണ്.