സ്വന്തം ലേഖകൻ
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം നാളെയോ വ്യാഴാഴ്ചയോ ഉണ്ടാകാനിരിക്കേ, പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമായി.സ്ഥാനാർഥി നിർണയത്തിനും തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തന്ത്രങ്ങൾ ആവിഷ്കരിക്കാനും ബിജെപി സംസ്ഥാന നേതൃയോഗം ഇന്നു തൃശൂരിൽ ആരംഭിച്ചു.
സിപിഎം, സിപിഐ പാർട്ടികളുടെ കീഴ്ഘടകങ്ങളിലും ജില്ലാ നേതൃത്വത്തിലും ചർച്ചകൾ ആരംഭിച്ചു. കോണ്ഗ്രസിൽ ചർച്ചകളേക്കാൾ ചരടുവലികളാണു മുറുകുന്നത്.ജില്ലയിലെ രണ്ടു മന്ത്രിമാർ മൽസരരംഗത്തുണ്ടാകില്ലെന്ന സൂചനയാണ് ആദ്യഘട്ടത്തിലുള്ളത്. സിപിഎമ്മിന്റെ മന്ത്രി സി. രവീന്ദ്രനാഥ് ഇനി മൽസരിക്കാനില്ലെന്ന നിലപാടെടുത്തിരിക്കുകയാണ്.
മൂ ന്നിലേറെ തവണ മൽസരിച്ചവരെ മാറ്റി നിർത്താനുള്ള സിപിഐയുടെ തീരുമാനമനുസരിച്ച് മാറിനിൽക്കുമെന്നാണ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രി എ.സി. മൊയ്തീനെ കുന്നംകുളത്ത് വീണ്ടും മത്സരിപ്പിച്ചേക്കുമെങ്കിലും പുതുമുഖങ്ങളെ അവതരിപ്പിക്കണമെന്ന അഭിപ്രായവും സിപിഎമ്മിലുണ്ട്.
സിപിഎമ്മിന്റെ അഞ്ച് സിറ്റിംഗ് എംഎൽഎമാരെ മാറ്റി പരീക്ഷിക്കാനാണു സാധ്യത. കുന്നംകുളത്തിനും പുതുക്കാടിനും പുറമേ, ഇരിങ്ങാലക്കുട, ചാലക്കുടി, മണലൂർ എന്നിവിടങ്ങളിലാണ് പുതുമുഖങ്ങളെ കൊണ്ടുവരാൻ സാധ്യത.മന്ത്രി എ.സി. മൊയ്തീന്റെ സിറ്റിംഗ് സീറ്റായ കുന്നംകുളത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിനു പുറമേ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അനൂപ്, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ എന്നിവരെയും പരിഗണിച്ചേക്കും.
മന്ത്രി രവീന്ദ്രനാഥ് മാറി നിൽക്കുകയാണെങ്കിൽ സിഐടിയു നേതാവ് കെ.കെ. രാമചന്ദ്രനേയോ വ്യാപാരി വ്യവസായി സമിതി നേതാവ് ജോസ് തെക്കേത്തലയേയോ മൽസരിപ്പിച്ചേക്കും.മണലൂരിൽ സിറ്റിംഗ് എംഎൽഎ മുരളി പെരുനെല്ലിക്കു പകരം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനെ പരീക്ഷിച്ചേക്കാം. പി.ജി. സുബിദാസ്, ടി.വി. ഹരിദാസ് എന്നിവരേയും പരിഗണിച്ചേക്കും.
കഴിഞ്ഞ തവണ യുഡിഎഫ് പിടിച്ച ഏക മണ്ഡലമായ വടക്കാഞ്ചേരി പിടിച്ചെടുക്കാൻ കേന്ദ്ര കമ്മിറ്റി അംഗവും തൊട്ടടുത്ത ചേലക്കരയിൽനിന്നു പലതവണ വിജയിക്കുകയും ചെയ്ത കെ. രാധാകൃഷ്ണനെ രംഗത്തിറക്കാനാണു സാധ്യത. മണ്ഡലത്തിൽ തിളങ്ങിനിൽക്കുന്ന സേവ്യർ ചിറ്റിലപ്പിള്ളിയേയും മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ അനൂപ് കിഷോറിനേയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിനേയും വടക്കാഞ്ചേരിയിൽ പരിഗണിക്കുന്നുണ്ട്.
എൽഡിഎഫിനു തിരിച്ചടി ലഭിച്ച ചാലക്കുടിയിൽ ബി.ഡി. ദേവസിക്കു പകരം സിഐടിയു ജില്ലാ സെക്രട്ടറി യു.പി. ജോസഫിനെ മൽസരിപ്പിക്കാനാണു സാധ്യത. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസിനേയും പരിഗണിച്ചേക്കും. ചാലക്കുടി സീറ്റ് ലോക് താന്ത്രിക് ജനതാദൾ ആവശ്യപ്പെട്ടിട്ടുമുണ്ട്. എൽജെഡിക്കു വിട്ടുകൊടുത്താൽ ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി സ്ഥാനാർഥിയാകും.
ഇരിങ്ങാലക്കുടയിൽ കെ.യു. അരുണൻ മാസ്റ്റർക്കു പകരം സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്റെ ഭാര്യയും മുൻമേയറും കേരളവർമ കോളജ് ആക്ടിംഗ് പ്രിൻസിപ്പലുമായ പ്രഫ. ആർ. ബിന്ദു, കൂടൽമാണിക്യം ദേവസ്വം പ്രസിഡന്റ് യു. പ്രദീപ്മേനോൻ, കർഷകസംഘം ജില്ലാ സെക്രട്ടറി സെബി ജോസ് പെല്ലിശേരി എന്നിവരെ പരിഗണിച്ചേക്കും.
ഗുരുവായൂരിൽ കെ.വി. അബ്ദുൾഖാദർതന്നെ തുടരാനാണു സാധ്യത. ഏരിയാ സെക്രട്ടറി എം.കെ. അക്ബറിനേയും പരിഗണിച്ചേക്കും. കൈയ്പമംഗലത്ത് ഇ.ടി. ടൈസണ് മാസ്റ്ററും സംവരണ മണ്ഡലമായ ചേലക്കരയിൽ യു.ആർ. പ്രദീപും തുടർന്നേക്കും.സിപിഐ തൃശൂരിലും നാട്ടികയിലും സ്ഥാനാർഥികളെ മാറ്റിയേക്കും.
മന്ത്രി സുനിൽകുമാറിനു പകരം തൃശൂരിൽ ഒല്ലൂരിലെ സിറ്റിംഗ് എംഎൽഎയും ചീഫ് വിപ്പുമായ കെ. രാജനേയോ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സാറാമ്മ റോബ്സനേയോ മൽസരിപ്പിച്ചേക്കും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാറിനെ ഇത്തവണ സ്ഥാനാർഥിയാക്കിയേക്കും.
സംവരണ മണ്ഡലമായ നാട്ടികയിൽ ഗീത ഗോപിക്കു പകരം മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയപ്രകാശിനേയോ പി.പി. മുകുന്ദനേയോ മൽസരിപ്പിച്ചേക്കാം. കൊടുങ്ങല്ലൂരിൽ വി.ആർ. സുനിൽകുമാർതന്നെയാകും സ്ഥാനാർഥി.