ആറു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി അഞ്ചു തെരഞ്ഞെടുപ്പുകളില്‍ മാത്രമാണു തോറ്റിട്ടുള്ളത്. അഞ്ച് എന്നത് ഒരു വലിയ സംഖ്യയല്ല. പക്ഷേ ഒരു തോല്‍വി അദ്ദേഹത്തിന് കെട്ടിവച്ച കാശുപോലും നഷ്ടമാക്കി. 1957-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലായിരുന്നു അത്.
ക്ഷേത്രനഗരമായ മഥുര എക്കാലവും വാജ്പേയിക്കു പ്രിയപ്പെട്ട സ്ഥലമായിരുന്നു. മണ്ഡലത്തിന്റെ മുക്കും മൂലയും പരിചിതം. 57-ല്‍ അദ്ദേഹം മത്സരിച്ച മൂന്നു മണ്ഡലങ്ങളില്‍ ഒന്ന് മഥുരയായിരുന്നു. ലഖ്നോയും ബല്റാംപുരും മറ്റു രണ്ടെണ്ണം.
മഥുരയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന രാജ മഹേന്ദ്ര പ്രതാപ് സിംഗിനോടു ദയനീയമായി തോറ്റ വാജ്പേയിക്കു കെട്ടിവച്ച കാശുപോലും കിട്ടിയില്ല. എന്നാല്‍, ബല്‍റാംപുര്‍ മണ്ഡലത്തില്‍നിന്നു ജയിച്ച അദ്ദേഹം ലോക്സഭയിലെത്തി.
ഈ സംഭവത്തിനൊരു മറുവശമുണ്ട്. മഥുരയില്‍ വാജ്പേയി വിജയം ആഗ്രഹിച്ചിരുന്നില്ലെന്നതാണു യാഥാര്‍ഥ്യം.
തെരഞ്ഞെടുപ്പു പ്രചാരണ റാലികളില്‍ രാജ മഹേന്ദ്ര പ്രതാപിനു വോട്ടു ചെയ്യാനായിരുന്നു അദ്ദേഹം പറഞ്ഞിരുന്നതത്രേ. തന്റെ വിജയമല്ല, കോണ്‍ഗ്രസിന്റെ പരാജയം ഉറപ്പാക്കുകയായിരുന്നു അദ്ദേഹം.