കോട്ടയം: പത്രികാ സമർപ്പണത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കുന്പോഴും ജില്ലയിലെ സീറ്റു വിഭജനത്തിലും സ്ഥാനാർഥി പ്രഖ്യാപനത്തിലും ആശയക്കുഴപ്പവുമായി മുന്നണികൾ.
യുഡിഎഫ്
യുഡിഎഫിൽ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി ഏകദേശ ധാരണ കോണ്‍ഗ്രസ് ഉണ്ടാക്കിയെങ്കിലും ഒൗദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സംസ്ഥാന തലത്തിൽ നീക്കമുണ്ടായെങ്കിലും പ്രാദേശിക തലത്തിലെ എതിർപ്പുകളാണ് പ്രഖ്യാപനം വൈകിപ്പിക്കുന്നത്.
ജോസഫ് വിഭാഗത്തിനുള്ള ഒന്‍പതു സീറ്റിൽ ഏറ്റുമാനൂരും ഉൾപ്പെടുമെന്നാണ് മുതർന്ന നേതാക്കൾ പ്രാദേശിക നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ജോസഫ് വിഭാഗം കഴിഞ്ഞ ദിവസം പുറത്തുവിട്ട സ്ഥാനാർഥി പട്ടികയിൽ ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസിന്റെ പേരാണ് ഉണ്ടായിരുന്നത്.
ഇതിനൊപ്പം കുടുത്തുരുത്തി, ചങ്ങനാശേരി സീറ്റുകൾ ജോസഫ് വിഭാഗത്തിനു നൽകാനാണ് ധാരണയായിരിക്കുന്നത്.പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സീറ്റുകൾ കോണ്‍ഗ്രസിനാണെന്നു തീരുമാനിച്ചെങ്കിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. പാലായിൽ മാണി സി. കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയായി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തും സജീവമായി. ഇന്നലെ പുതുപ്പള്ളിയിലെത്തിയ ഉമ്മൻ ചാണ്ടി യൂത്ത് കോണ്‍ഗ്രസിന്റെ ഉൾപ്പെടെ യോഗങ്ങളിൽ പങ്കെടുത്തു. തിരുവഞ്ചൂർ രാധാകൃഷ്ണനും കോട്ടയം മണ്ഡലത്തിലെ യുഡിഎഫ് യോഗങ്ങളിൽ പങ്കെടുത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്ന തിരക്കിലാണ്.
എൽഡിഎഫ്
എൽഡിഎഫിൽ സിപിഎം മത്സരിക്കുന്ന മൂന്നു സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപനം ഇന്നേയുണ്ടാകൂ. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച വി.എൻ. വാസവൻ, കെ. അനിൽകുമാർ, ജയ്ക് സി. തോമസ് എന്നിവർ ആദ്യഘട്ട പ്രചാരണം തുടങ്ങി.
വൈക്കത്ത് സി.കെ.ആശയും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചില്ലെങ്കിലും പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പാലായിൽ ജോസ് കെ. മാണിയും കാഞ്ഞിരപ്പള്ളിയിൽ ഡോ.എൻ. ജയരാജും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. മണ്ഡലം കണ്‍വൻഷനുകളും കുടുംബയോഗങ്ങളിലും ഇരുവരും സജീവമാണ്.
ചങ്ങനാശേരി സീറ്റിനെ ചൊല്ലിയുള്ള സിപിഐ- കേരള കോണ്‍ഗ്രസ് എം തർക്കമാണ് ഒൗദ്യോഗിക പ്രഖ്യാപനത്തിനു തടസം സൃഷ്ടിക്കുന്നത്്. ചങ്ങനാശേരിയില്ലെങ്കിൽ കാഞ്ഞിരപ്പള്ളി വിട്ടുനൽകില്ലെന്നാണ് സിപിഐ ജില്ലാ കൗണ്‍സിലിൽ അഭിപ്രായം ഉയർന്നത്.
ല്ലയിൽ രണ്ട് സീറ്റ് എന്ന തീരുമാനത്തിൽ തന്നെയാണ് സിപിഐ. പാലാ പോലെ ജില്ലയിൽ വളരെ വേരുള്ള ചങ്ങനാശേരിയും വേണമെന്ന കടുപിടിത്തത്തിലാണ് കേരള കോണ്‍ഗ്രസ് എമ്മും. ഈ കാര്യങ്ങളെ മുൻ നിർത്തി സിപിഐ യുവജന വിഭാഗം പാർട്ടി നേതൃത്വം മുന്നണി മര്യാദകൾ പാലിക്കുന്നില്ലെന്നു പരാതി ഉയർത്തിയിരുന്നു. സിപിഎമ്മിന്റെ മൗനം ചങ്ങനാശേരി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു നൽകാനുള്ള സമ്മതമാണെന്നാണ് പരാതി ഉയരുന്നത്.
എൻഡിഎ
ബിജെപി നേതൃത്വവും സ്ഥാനാർഥികളുടെ പാനൽ സംസ്ഥാന കോർ കമ്മിറ്റിക്ക് സമർപ്പിച്ചെങ്കിലും തീരുമാനമായിട്ടില്ല. ഒരു സീറ്റ് മാത്രമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമായും കോട്ടയത്ത് ലക്ഷ്യമിടുന്നത്. എങ്കിലും മറ്റു മണ്ഡലങ്ങളിലും സ്ഥാനാർഥികളുണ്ടാകും.
പാലായിൽ സഖ്യ കക്ഷി നേതാവ് പി.സി. തോമസിനെ കളത്തിലിറക്കും. ഇത്തവണ ജയിക്കാൻ വേണ്ടി തന്നെയാണ് ഇറങ്ങുന്നതെന്ന് ബിജെപി നേതാക്കൾ പറയുന്നു. കാഞ്ഞിരപ്പള്ളിയാണ് കോട്ടയം ജില്ലയിൽ ബിജെപി പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് 30000ത്തിൽ അധികം വോട്ടുകൾ കിട്ടിയ മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. രണ്ടു പഞ്ചായത്തിൽ ഭരണം പിടിക്കാൻ സാധിച്ചതും ബിജെപി ഉയർത്തിക്കാട്ടുന്നു.