eതിരുവനന്തപുരം: അടുത്ത അഞ്ചു വർഷം കേരളം ആരു ഭരിക്കണമെന്നു ജനം ഇന്നു തീരുമാനിക്കും. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു.
140 നിയമസഭാ മണ്ഡലങ്ങൾക്കു പുറമേ, മലപ്പുറം ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമുണ്ട്. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര പ്രത്യക്ഷമായി.
രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയാണു വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള ഒൻപത് മണ്ഡലങ്ങളിൽ വൈകുന്നേരം ആറിന് വോട്ടെടുപ്പ് അവസാനിക്കും. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, നിലന്പൂർ, വണ്ടൂർ, കോങ്ങാട്, മണ്ണാർക്കാട്, മലന്പുഴ മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് ആറ് വരെയാക്കി കുറച്ചിട്ടുള്ളത്.
എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂർ കോവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുമാണ്.
ആകെ 2,74,46,039 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 5,18,520 പേർ കന്നിവോട്ടർമാരാണ്. പുരുഷവോട്ടർമാരുടെ എണ്ണം 1,32,83,724 ഉം സ്ത്രീവോട്ടർമാരുടെ എണ്ണം 1,41,62,025 മാണ്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 957 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി അധികമായി സജ്ജീകരിച്ചിട്ടുള്ളത് 15730 പോളിംഗ് ബൂത്തുകൾ. നിലവിലുള്ള 25041 പോളിംഗ് ബൂത്തുകൾ കൂടിയാകുന്പോൾ ആകെ ബൂത്തുകളുടെ എണ്ണം 40771.
മറക്കരുത്, തിരിച്ചറിയൽ രേഖ
• തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച
വോട്ടർ തിരിച്ചറിയൽ കാർഡ്
• പാസ്പോർട്ട്
• ഡ്രൈവിംഗ് ലൈസൻസ്
• ആധാർ കാർഡ്
• സംസ്ഥാന/കേന്ദ്ര സർക്കാർ, പൊതുമേഖലാസ്ഥാപനങ്ങൾ/ പൊതുമേഖലാ കന്പനികൾ എന്നിവ ജീവനക്കാർക്കു നൽകുന്ന സർവീസ് തിരിച്ചറിയൽ കാർഡുകൾ
• ബാങ്ക്/ പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽനിന്നുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് (സഹകരണ ബാങ്കുകളിലെ രേഖകൾ സ്വീകരിക്കില്ല)
• പാൻ കാർഡ്
കേന്ദ്രതൊഴിൽ മന്ത്രാലയം വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ച സ്മാർട്ട് കാർഡ്
• തൊഴിൽപദ്ധതി ജോബ് കാർഡ്
• കേന്ദ്രസർക്കാർ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി അനുവദിച്ച ആരോഗ്യ ഇൻഷ്വറൻസ് കാർഡ്
• ഫോട്ടോ പതിച്ച പെൻഷൻ കാർഡ്.
• എംപി/എംഎൽഎ/എംഎൽസി എന്നിവർക്കുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ്