തിരുവനന്തപുരം: വോട്ടെടുപ്പിനു മുന്പുള്ള നിർണായകമായ ഒരു ദിനത്തിൽകൂടി സംസ്ഥാനം കടന്നുപോകുന്നു. വോട്ടെടുപ്പിൽ പലപ്പോഴും ആരോപിക്കപ്പെടാറുള്ള നിർണായക കൊടുക്കൽ വാങ്ങലുകളുടെയും അടികളികളുടെയും ദിനമായിട്ടാണ് നിശബ്ദ പ്രചാരണദിനത്തെ പലരും വിലയിരുത്തുന്നത്.
അവസാന ലാപ്പിൽ പിടിച്ചുകയറാൻ പത്തൊന്പതാമത്തെ അടവ് പുറത്തെടുക്കുന്ന ദിനം. അതുകൊണ്ടു തന്നെ അണിയറകളിലെ ചർച്ചകൾ എല്ലാ മുന്നണികളിലും സജീവമാണ്. സ്ഥാനാർഥികളും അണിയറയിലെ തലച്ചോറുകളും ഉണർന്നു പ്രവർത്തിക്കുന്ന മണിക്കൂറുകളിലൂടെയാണ് രാഷ്ട്രീയ കേരളത്തിന്റെ യാത്ര.
“കട്ടയ്ക്കു കട്ട’ മത്സരം നടക്കുന്ന മേഖലകളിലാണ് ഇത്തരം ഇടപെടലുകളും നീക്കങ്ങളും തകൃതി.സംസ്ഥാനത്തെ രണ്ടു കോടി എഴുപത്തിനാലു ലക്ഷം വോട്ടർമാരാണ് നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.
ഇരട്ടവോട്ടിൽ കണ്ണ്
ഇരട്ടവോട്ടും കള്ളവോട്ടും തടയാൻ കർശനമായ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷനും തയാറായിക്കഴിഞ്ഞു. സംസ്ഥാനത്തെ പ്രിസൈഡിംഗ് ഓഫീസർമാർ മുതൽ ജില്ലാ കളക്ടർമാർ വരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരെല്ലാം അതീവ ജാഗ്രത പാലിക്കണമെന്നും കള്ളവോട്ടും ഇരട്ടവോട്ടും തടയാൻ സ്വീകരിക്കാവുന്ന നടപടികളെല്ലാം സ്വീകരിക്കുവാനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി.
സംശയജനകമായ സാഹചര്യത്തിൽ വോട്ടു ചെയ്യാൻ വരുന്നവരുടെ ചിത്രം മൊബൈലിൽ പകർത്തും. ഇരട്ടവോട്ടുള്ളവരുടെ പട്ടിക ബൂത്ത് ഏജന്റുമാർക്ക് നൽകും. ഇവരുടെ വിരലടയാളം ശേഖരിക്കാനും സാക്ഷ്യപത്രം ഒപ്പിട്ടു വാങ്ങാനും നിർദേശമുണ്ട്.
നാലരലക്ഷത്തോളം ഇരട്ടവോട്ടുകളുണ്ടെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രതിപക്ഷം ആരോപിച്ചത്. എന്നാൽ 38,000 ഇരട്ടവോട്ടുകളാണുള്ളതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്.
ജാഗ്രതയ്ക്ക് ആദ്യ വോട്ട്
നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ നടക്കുന്ന വോട്ടെടുപ്പിൽ കോവിഡ് മാനദണ്ഡം പൂർണമായും പാലിക്കും. അവസാനത്തെ ഒരു മണിക്കൂർ കോവിഡ് രോഗികൾക്കും രോഗം സംശയിക്കുന്നവർക്കും വേണ്ടിയാണ്. ശരീരോഷ്മാവ് രേഖപ്പെടുത്തിയ ശേഷമാകും വോട്ട് ചെയ്യാൻ അനുവദിക്കുക.
ഉയർന്ന ചൂടു രേഖപ്പെടുത്തുന്നവരെ മാറ്റി നിർത്തിയ ശേഷം വീണ്ടും പരിശോധിക്കും. തുടർന്നും ചൂട് കൂടിയാൽ വൈകുന്നേരം ആറിനു ശേഷം മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കുകയുള്ളു.
ഇവർക്കു വോട്ട് ചെയ്യാൻ വരേണ്ട സമയം രേഖപ്പെടുത്തി ടോക്കണ് നൽകും. വോട്ടർമാർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ സെന്ററിൽ പ്രത്യേകം ജീവനക്കാരനെ നിയോഗിക്കും.
അവസാന മണിക്കൂർ രോഗികൾക്ക്
കോവിഡ് രോഗികൾക്കും സംശയിക്കുന്നവർക്കും അവസാന മണിക്കൂറിലാണ് വോട്ട് രേഖപ്പെടുത്താൻ അവസരമുള്ളത്. അവസാന മണിക്കൂറിൽ പൊതു വോട്ടർമാർ തീർന്ന ശേഷമാകും ഇവർക്ക് അവസരം നൽകുക.
പിപിഇ കിറ്റുകൾ ധരിച്ച് ഇവർക്ക് വോട്ടു ചെയ്യാം. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി 1,000 വോട്ടർമാർക്ക് വീതമാണ് ഒരു പോളിംഗ് ബൂത്ത് ഒരുക്കിയിട്ടുള്ളത്.
മാവോയിസ്റ്റ് ഭീഷണിയുള്ള പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒൻപതു മണ്ഡലങ്ങളിൽ വൈകിട്ട് ആറു വരെ മാത്രമേ പോളിംഗ് ഉള്ളൂ.
തമിഴ്നാട്ടിലും പുതുച്ചേരിയിലും നാളെയാണ് പോളിംഗ്. അസമിലെ 40 മണ്ഡലങ്ങളിലെ വോട്ടെടുപ്പും ബംഗാളിലെ മൂന്നാം ഘട്ട വോട്ടെടുപ്പും നാളെ നടക്കും.