പ്രത്യേക ലേഖകൻ
ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു വേഗത്തിലായതു കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെയും ഒരു പരിധിവരെ ബിജെപിയെയും വെട്ടിലാക്കി.
കേരളത്തിൽ ഏപ്രിൽ ആദ്യം തെരഞ്ഞെടുപ്പു നടത്തണമെന്നു സംസ്ഥാന സർക്കാരും എൽഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടിരുന്നെങ്കിലും ഏപ്രിൽ ആറിന് വോട്ടെടുപ്പ് ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
എന്നാൽ, പശ്ചിമബംഗാളിൽ എട്ടു ഘട്ടമായി തിരിച്ചു തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ തന്ത്രങ്ങളെ സഹായിക്കുന്നതാണു നാലു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും പോളിംഗ് തീയതികളെന്നാണു പൊതുവായ വിലയിരുത്തൽ.
മാർച്ചിലാകും തെരഞ്ഞെടുപ്പു പ്രഖ്യാപനമെന്ന രീതിയിൽ ആസാമിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയും പ്രതിപക്ഷ പാർട്ടികളെ വെട്ടിലാക്കാനായിരുന്നു എന്ന നിരീക്ഷണവുമുണ്ട്.
കോണ്‍ഗ്രസ്, തൃണമൂൽ, സിപിഎം തുടങ്ങിയ പാർട്ടികളുടെ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ സാവധാനത്തിലാകാൻ മോദിയുടെ പ്രസ്താവന കാരണമായി.
കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം സംസ്ഥാനങ്ങളിലെ മുന്നണികളുടെ സീറ്റുവിഭജനം പൂർത്തിയാക്കാൻ പോലും ഇനിയും കഴിഞ്ഞിട്ടില്ല.
തമിഴ്നാട്ടിൽ കൂടുതൽ സീറ്റു ചോദിച്ച കോണ്‍ഗ്രസിന് ഇനി ഡിഎംകെ വച്ചുനീട്ടുന്ന 20-25 സീറ്റിലേക്ക് ഒതുങ്ങേണ്ടിവരും. പശ്ചിമബംഗാളിലെ കോണ്‍ഗ്രസ്- സിപിഎം സീറ്റ് ചർച്ചയും പൂർത്തീകരിക്കാനായിട്ടില്ല.
കേരളത്തിൽ യുഡിഎഫ്, എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയാക്കിയ ശേഷമേ അതതു പാർട്ടികൾക്കു സ്ഥാനാർഥികളെ നിശ്ചയിക്കാനാകൂ.
മാർച്ച് ആദ്യവാരത്തോടെ മുന്നണിയിലെ ഘടകകക്ഷികളുമായുള്ള ചർച്ച പൂർത്തിയാക്കിയാൽ മതിയാകുമെന്ന തരത്തിലായിരുന്നു സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും ചർച്ച തുടങ്ങിയത്.
എൻഡിഎയിൽ ബിഡിജഐസ് അടക്കമുള്ളവർക്കുള്ള സീറ്റുകൾ തീരുമാനിച്ചാൽ ബിജെപിക്ക് വൻനേതാക്കളെ അണിനിരത്തിയുള്ള പ്രചാരണ കോലാഹലം തുടങ്ങാനാകും.