സിജോ പൈനാടത്ത്
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വീറും വാശിയും കാട്ടി പ്രചാരണച്ചെലവ് കൂട്ടിയാല്‍ പിടിവീഴും. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായി തെരഞ്ഞെടുപ്പു കമ്മീഷന് നിശ്ചയിച്ചിട്ടുള്ള പരമാവധി തുക 30.80 ലക്ഷം രൂപയാണ്. ഈ പരിധി കടന്നാല്‍ അയോഗ്യതയോ അനുബന്ധ ശിക്ഷണ നടപടികളോ കമ്മീഷന് സ്വീകരിക്കും.
പരിധി ലംഘിച്ചതായി കണ്ടെത്തിയാല്‍ സ്ഥാനാര്‍ഥിക്ക് അയോഗ്യത കല്പിക്കാന് തെരഞ്ഞെടുപ്പു കമ്മീഷന് അധികാരമുണ്ട്. ഫലപ്രഖ്യാപനം വന്നു 30 ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥികള്‍ ചെലവുവിവരങ്ങള്‍ അതതു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കു കൈമാറണം.
ഈ കണക്കുകള്‍ക്കൊപ്പം സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ദിനം മുതല്‍ കമ്മീഷന്റെ സ്ക്വാഡുകള്‍ ശേഖരിക്കുന്ന വിവരങ്ങളും പരിശോധിക്കും.സ്ഥാനാര്‍ഥികളുടെ പ്രചാരണച്ചെലവുകള്‍ നിരീക്ഷിക്കാന്‍ നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 33 നിരീക്ഷകരാണുള്ളത്.
ഓരോ നിരീക്ഷകനും രണ്ടു മുതല്‍ അഞ്ചുവരെ മണ്ഡലങ്ങളുടെ ചുമതല വഹിക്കും. പരമ്പരാഗത പ്രചാരണരീതികള്ക്കൊപ്പം ഡിജിറ്റല്‍, സാമൂഹ്യ മാധ്യമ, ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ സജീവമായതോടെയാണു ചെലവിലും വര്‍ധനയുണ്ടായത്.
ലക്ഷക്കണക്കിനു രൂപ പ്രതിഫലം നിശ്ചയിച്ചു പ്രഫഷണല്‍ കമ്പനികളും സംഘങ്ങളുമാണ് പല സ്ഥാനാര്‍ഥികളുടെയും പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത്.അതതു സംസ്ഥാനങ്ങളിലെ ജീവിതച്ചെലവിന്റെയും വിലനിലവാരത്തിന്റെയും അടിസ്ഥാനത്തിലാണു പ്രചാരണച്ചെലവ് പരിധി നിശ്ചയിച്ചത്.
കേരളത്തിനു പുറമെ തമിഴ്നാട്, കര്‍ണാടക ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളില്‍ നിയമസഭാ സ്ഥാനാര്‍ഥിയുടെ പ്രചാരണച്ചെലവ് 30.80 ലക്ഷം രൂപയാണ്.അരുണാചല്‍ പ്രദേശ്, ഗോവ, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും പ്രചാരണച്ചെലവ് 22 ലക്ഷം.