സ്വന്തം ലേഖകന്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആഭ്യന്തരവകുപ്പിലേക്ക് നുഴഞ്ഞുകയറി ബിജെപി. ആഭ്യന്തരവകുപ്പിന്റെ വീഴ്ച പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ കരുക്കുകള്‍ നീക്കുന്നത്. ഇതിന് പുറമേ സോളാര്‍ കേസും ഡോളര്‍ കേസും ട്രഷറി തട്ടിപ്പും ആയുധമാക്കി ബിജെപി ഇടത്, വലത് മുന്നണികളെ സൈബര്‍ അങ്കത്തട്ടില്‍ കടന്നാക്രമിക്കുന്നുണ്ട്.
“ഡോളര്‍ കടത്തിയും ഉണ്ട മോഷ്ടിച്ചും ട്രഷറി തട്ടിച്ചും നേതാക്കള്‍ വെട്ടിയത് കോടികള്‍. പിണറായി വാഴ്ചയിലെ ചില വീഴ്ചകള്‍’ എന്ന ഹാഷ്ടാഗിലാണ് ബിജെപിയുടെ സൈബര്‍ വിഭാഗം സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയത്.
പോലീസിന്റെ വെടിയുണ്ട മോഷ്ടിക്കണമെങ്കില്‍ ഉറപ്പായും ഇടതുപക്ഷം വരണം എന്നാണ് പോസ്റ്റ്. മുഖ്യമന്ത്രിയുടെ വകുപ്പായ ആഭ്യന്തരവകുപ്പിനെ തന്നെ കടന്നാക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോലീസിന്റെ വെടിയുണ്ട വിഷയം പ്രചാരണ ആയുധമാക്കിയത്.
പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ അതീവ സുരക്ഷയോടെ സൂക്ഷിച്ച വെടിയുണ്ടകളില്‍ 7200 എണ്ണം കാണാതായെന്നായിരുന്നു ആരോപണം. സംഭവത്തില്‍ പേരൂര്‍ക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
എസ്എപിയിലെ പോലീസ് ട്രയിനികളെ മലപ്പുറത്തെ എംഎസ്പി മേല്‍മുറി ഫയറിംഗ് റേഞ്ചില്‍ പരിശീലനത്തിനായി കൊണ്ടുപോയപ്പോള്‍ കൊടുത്തവിട്ടതില് 400 വെടിയുണ്ടകള്‍ കുറവായിരുന്നു. അതിന്റെ അന്വേഷണത്തിനിടെയാണ് കൂടുതല്‍ വെടിയുണ്ടകള്‍ കാണാതായ വിവരം പുറത്തറിയുന്നത്.
കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്മാന് ഉള്‍പ്പെടെ 11 പേരായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്. ഈ കേസാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ബിജെപി വീണ്ടും ഉയര്‍ത്തികൊണ്ടുവരുന്നത്.
ഇതിന് പുറമേ ട്രഷറിയിലെ നൂറ് കോടി മോഷ്ടിക്കണമെങ്കില്‍ ഉറപ്പായും ഇടതുപക്ഷം വരണം എന്നും പോസ്റ്റുകളുണ്ട്. കൂടാതെ യുഡിഎഫിനെയും കടന്നാക്രമിക്കുന്നുണ്ട്. സോളാറിനെ പ്രണയിച്ചവന് കോണ്‍ഗ്രസ്, ഡോളറിനെ പ്രണയിച്ചവന് കമ്മ്യൂണിസ്റ്റ് എന്നീ പോസ്റ്റുകളും വൈറലായി മാറി.
കടന്നാക്രമണം
2011 മുതല്‍ 2016 വരെയുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ വീഴ്ചകളും 2016 മുതല്‍ 2021 വരെയുള്ള പിണറായി വിജയന് സര്‍ക്കാറിന്റെ വീഴ്ചകളും പ്രധാന ചര്‍ച്ചയാക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് രാഷ്ട്രദീപികയോട് പറഞ്ഞു.
ഇരുമുന്നണികള്ക്കെതിരേയും ശക്തമായ കടന്നാക്രമണം പ്രചാരണ രംഗത്തുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകടന പത്രിക തയാറാക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ ടെക്നിക്കല്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രകടന പത്രിക
ശബരിമല വിഷയമുള്‍പ്പെടെ പ്രകടന പത്രികയില്‍ വന്‍ വാഗ്ദാനങ്ങള്‍ ഉള്‍ക്കൊള്ളിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. കുമ്മനം രാജശേഖരന് ചുമതല വഹിക്കുന്ന കമ്മിറ്റിയാണ് പ്രകടന പത്രിക തയാറാക്കുന്നത്. ജില്ലകളിലെ ഓരോ മണ്ഡലങ്ങളില്‍ നിന്നും ലഭിച്ച പൊതുജനാഭിപ്രായം കൂടി പരിഗണിച്ചാണ് ഇവ തയാറാക്കുന്നത്.
ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കുന്നതിനായി മണ്ഡലാടിസ്ഥാനത്തില്‍ പ്രത്യേകം ബോക്സുകള്‍ സ്ഥാപിച്ചിരുന്നു .