കോട്ടയം: രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും ഒരു നഗരസഭാ വാര്‍ഡും ഉള്‍പ്പെടെ ജില്ലയിലെ അഞ്ചു വാര്‍ഡുകളില്‍ ഡിസംബര്‍ 12ന് ഉപതെരഞ്ഞെടുപ്പു നടക്കും. തെരഞ്ഞൈടുപ്പ് വിജ്ഞാപനം ഇന്നലെ പുറപ്പെടുവിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ആനക്കല്ല്, നാലാം വാര്‍ഡായ കൂട്ടിക്കല്‍ ഡിവിഷനുകളിലാണ് ഉപതെരഞ്ഞെടുപ്പ്.
ആനക്കല്ല് ഡിവിഷന് അംഗം കേരള കോണ്‍ഗ്രസ് എമ്മിലെ വിമല ജോസിന്റെ നിര്യാണത്തെത്തുടര്ന്നും കൂട്ടിക്കല്‍ ഡിവിഷന് അംഗം സിപിഐയിലെ അഞ്ജലി ജോസ് വിദേശത്തേക്കു പോയതിനാലുമാണ് ഉപതെരഞ്ഞെടുപ്പ്. രണ്ടു തെരഞ്ഞെടുപ്പിലെയും ജയപരാജയങ്ങള്‍ എല്‍ഡിഎഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല.
ഈരാറ്റുപേട്ട നഗരസഭ 11-ാം വാര്‍ഡ് കുറ്റിമരംപറമ്പ് ഡിവിഷനിലാണ് ഉപതെരഞ്ഞെടുപ്പ്. ഇവിടെ കൗണ്സിലാറായിരുന്ന എസ്ഡിപിഐ അംഗം അന്‍സാരി ഇലക്കയത്തിനെ അയോഗ്യനാക്കിയതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. ഒരു വര്‍ഷം മുമ്പ് എന്‍ഐഎ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് അന്‍സാരിക്കു നഗരസഭ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. നഗരസഭ ആറു മാസം അവധി അനുവദിച്ചിരുന്നു. എന്നാല്‍ ആറു മാസം കഴിഞ്ഞിട്ടും ജാമ്യം ലഭിക്കാതായതോടെയാണ് തെരഞ്ഞെടുപ്പ്.
വെളിയന്നൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡായ അരീക്കരയിലെ വാര്‍ഡ് അംഗം കേരള കോണ്‍ഗ്രസ് എമ്മിലെ ബീനാ സിജു വിദേശത്ത് പോയതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇവിടെയും ജയപരാജയങ്ങള്‍ പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല. തലനാട് പഞ്ചായത്തിലെ നാലാം വാര്‍ഡായ മേലടുക്കം മെംബര്‍ കോണ്‍ഗ്രസിലെ ചാള്‍സ് പി. ജോയി അയോഗ്യനായതോടെയാണ് ഉപതെരഞ്ഞെടുപ്പ്.
പഞ്ചായത്ത് കമ്മിറ്റിയില്‍ തുടര്‍ച്ചയായി പങ്കെടുക്കാത്തതിനാലാണ് ചാള്‍സ് അയോഗ്യനായത്. ഉപതെരഞ്ഞെടുപ്പിന് 23 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 27 വരെ പിന്‍വലിക്കാം. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍. മുഴുവന്‍ വാര്‍ഡുകളിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു.