കൊല്ലം :തിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. ലോക ഭിന്നശേഷി ദിനത്തിൽ വാളകം സിഎസ്.ഐ ബധിരമൂക സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി വോട്ടിംഗ് പ്രക്രിയയെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
വിദ്യാര്‍ഥികളില്‍നിന്ന് പോളിംഗ് ഉദേ്യാഗസ്ഥരെയും സ്ഥാനാര്‍ഥികളെയും തിരഞ്ഞെടുത്ത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്തോടെ മാതൃകാ തിരഞ്ഞെടുപ്പ് നടത്തി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതു മുതല്‍ ഫലം പ്രഖ്യാപിക്കുന്നതുവരെയുള്ള നടപടിക്രമങ്ങളില്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.ആര്. ഗോപാലകൃഷ്ണന്, കൊട്ടാരക്കര തഹസീല്‍ദാര്‍ അനില്‍കുമാര്‍, പത്തനാപുരം തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി തഹസീല്‍ദാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരായ വോട്ടര്‍മാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതേ്യക പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള ഭിന്നശേഷിക്കാരായ വോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ചെയര്‍മാനായി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയും തഹസീല്‍ദാര്‍മാരുടെ നേതൃത്വത്തില്‍ നിയമസഭാ നിയോജക മണ്ഡലതല മോണിറ്ററിംഗ് കമ്മിറ്റികളും രൂപീകരിച്ചു.
കമ്മിറ്റികള്‍ ജില്ലയിലെ ഭിന്നശേഷിക്കാരായ വോട്ടര്‍മാരുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ച് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ജില്ലാ സമൂഹ്യനീതി വകുപ്പിന്റെയും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും സഹകരണത്തോടെയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
തിരഞ്ഞെടുപ്പിന് ഭിന്നശേഷിക്കാര്‍ക്ക് പോളിംഗ് ബൂത്തിലെത്താന്‍ സര്‍ക്കാര്‍ സൗജന്യമായി വാഹനങ്ങള്‍ ഏര്‍പ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ബൂത്ത് ലെവല്‍ ഏജന്റുമാരുടെയും സഹകരണത്തോടെ ഭിന്നശേഷിക്കാരെ കണ്ടെത്തി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് തിരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാര്‍ ഭവനസന്ദര്‍ശനം നടത്തും.