എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർഭരണം ഉറപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. നല്ല ഭൂരിപക്ഷത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരും.
വോട്ട് പെട്ടിയിലായതിനാൽ ഭൂരിപക്ഷം എത്ര സീറ്റുകളെന്ന് പറയുന്നില്ല. എല്ലാ മേഖലയിലും എൽഡിഎഫിന് മുൻതൂക്കമുണ്ട്. കേരള കോൺഗ്രസ് എൽഡിഎഫിലേക്കു വന്നതോടെ മധ്യതിരുവിതാംകൂറിൽ 10 സീറ്റുകൾ കൂടുതൽ ലഭിക്കുമെന്നും വിജയരാഘവൻ രാഷ്ട്രദീപികയോടു പറഞ്ഞു.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പല സീറ്റുകളിലും ബിജെപി വോട്ട് മറിച്ചിട്ടുണ്ട്. യുഡിഎഫും മറിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും എൽഡിഎഫിന്റെ വിജയത്തിനെ ബാധിക്കില്ല. കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല.
പലയിടത്തും നല്ല സ്ഥാനാർഥികളെ നിർത്താൻ പോലും അവർക്കായിട്ടില്ല. വട്ടിയൂർക്കാവിൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥിയേയാണ് കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിൽ നിന്നും കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിനെ എത്രത്തോളം ചെറുതായി കണ്ടു എന്നു മനസിലാക്കാം.
പ്രതിപക്ഷനേതൃസ്ഥാനം ലീഗിനെന്ന്!
യുഡിഎഫ് പ്രതിപക്ഷത്തു നിന്നാൽ മുസ്ലിംലീഗിനായിരിക്കും പ്രതിപക്ഷ നേതൃസ്ഥാനം. അത്രയ്ക്ക് കോൺഗ്രസ് താഴേക്കു പോയിക്കൊണ്ടിരിക്കുകയാണ്. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ലീഗിന് മുന്നിൽ അടിയറവ് പറഞ്ഞുകൊണ്ടിരിക്കുകയാണ്.
മുകേഷും ജെ.മേഴ്സിക്കുട്ടിയമ്മയടക്കമുള്ളവർ പരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതിനെ വിജയരാഘവൻ തള്ളിക്കളഞ്ഞു.
അങ്ങനെയൊരു റിപ്പോർട്ടിനെക്കുറിച്ച് തനിക്കറിയില്ലെന്നും മുകേഷ് കൊല്ലത്ത് 10000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും വിജയരാഘവൻ പറഞ്ഞു. കണ്ടറ മണ്ഡലം കാലാകാലങ്ങളായി എൽഡിഎഫിനൊപ്പമാണെന്നും മറിച്ചൊരു സാധ്യത താൻ കാണുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു.
ബിജെപിക്കു സീറ്റു കിട്ടിയാൽ…
തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള പാർട്ടി വിലയിരുത്തൽ എൽഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നാണ്. ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നുവെന്നത് പോളിംഗിൽ പ്രതിഫലിച്ചിട്ടുണ്ട്.
വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കാൻ തങ്ങളില്ല. പ്രകടന പത്രികയിൽ പറയുന്ന കാര്യങ്ങൾ ചെയ്യുക തന്നെ ചെയ്യുമെന്നും വിജയരാഘവൻ പറഞ്ഞു. സംസ്ഥാനത്ത് ബിജെപിക്ക് കൂടുതൽ സീറ്റുകൾ ലഭിച്ചാൽ ഉത്തരവാദി കോൺഗ്രസാണെന്നും ഞങ്ങൾ ബിജെപിയെ എതിർക്കുന്പോൾ കോൺഗ്രസ് അവരെ വളർത്താൻ ശ്രമിക്കുകയാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.