മണർകാട്: പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ മുന്നണികൾ നാലാം റൗണ്ടിലേക്ക്. തുടർ ഭരണത്തിനായി യുഡിഎഫും ഭരണം തിരിച്ചു പിടിക്കാൻ എൽഡിഎഫും അട്ടിമറി സൃഷ്ടിക്കാൻ എൻഡിഎയും രംഗത്തുണ്ട്.
വിവിധ വാർഡുകളിൽ പോസ്റ്ററുകളും ബോർഡുകളും എത്തിച്ചു പ്രചരണം ആവേശത്തിലാണ്. 17 വാർഡുള്ള പഞ്ചായത്തിൽ എല്ലാ വാർഡുകളിലും യുഡിഎഫ് മത്സരിക്കുന്നുണ്ട്.
ആം ആദ്മി അഞ്ച് വാർഡുകളിൽ
ആംആദ്മി പാർട്ടിയും അഞ്ചു വാർഡുകളിൽ മത്സരിക്കുന്നു. പ്രമുഖരെയാണ് മുന്നണികൾ മത്സര രംഗത്ത് ഇറങ്ങിയിരിക്കുന്നത്. പഞ്ചായത്തിലെ 17 വാർഡുകളിൽ 10 വാർഡുകളിലും ത്രികോണ മത്സരമാണ് നടക്കുന്നത്.
ഒന്നാം വാർഡിൽ യുഡിഎഫിലെ ശ്രീനിവാസൻ കടായിയും സിപിഎമ്മിലെ ജെ.ആർ. രാജീവും ബിജെപി സ്ഥാനാർഥിയായി അക്ഷര രാജുവും മത്സരിക്കുന്നു.
രണ്ടാം വാർഡിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം സാബു ചെറിയാൻ കോണ്‍ഗ്രസ് സ്ഥാനാർഥിയായും ജോയിമോൻ വാളാട്ട് സിപിഐ സ്ഥാനാർഥിയായും സിന്ധു അനിൽ കുമാർ ബിജെപി സ്ഥാനാർഥി യായും മത്സര രംഗത്തുണ്ട്.
14-ാം വാർഡിൽ ഡിസിസി ജനറൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റും സഹകരണ ബാങ്ക് പ്രസിഡന്റു മായ ബാബു കെ. കോര കോണ്‍ഗ്രസ് സ്ഥാനാർഥിയാണ്.
ജാക്സണ് മാത്യു സിപിഎമ്മിലും ജയേഷ് ഗോപി ബിജെപിയിലും മത്സരിക്കുന്നു. ഇവർക്കൊപ്പം റൂബിൻ കെ. ഈപ്പൻ ആം ആദ്മിയിലും മത്സരിക്കുന്നു. 15-ാം വാർഡിൽ മുൻ പ്രസിഡന്റ് സുജ സാമൂവൽ കോണ്‍ഗ്രസ് സ്ഥാനാർഥി യായും ജോമോൾ ജിനേഷ് എൽഡിഎഫ് സ്വതന്ത്രയായും മത്സരിക്കുന്നു.
എട്ടാം വാർഡിൽ
പഞ്ചായത്തിലെ എട്ടാം വാർഡിലാണ് കൂടുതൽ സ്ഥാനാർഥികൾ. കോണ്‍ഗ്രസിൽ ജിജി മണർകാടും സിപിഎമ്മിൽ നെബു വർഗീസും ബിജെപിയിൽ എൻ.ആർ. രാഹുലും ആം ആദ്മിയിൽ നിന്നും ജോർജും ഒരു സ്വതന്ത്ര സ്ഥാനാർഥിയും ഇവിടെ മത്സരിക്കുന്നു.