കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ അബ്ദുള്ളക്കുട്ടി എഫക്ട്. സംസ്ഥാനത്തു ഇതുവരെയില്ലാത്ത വിധം മുസ്ലിം സ്ഥാനാർഥികളെ മത്സരരംഗത്തിറക്കാൻ കഴിഞ്ഞതിനു പിന്നിൽ എ.പി അബ്ദുള്ളക്കുട്ടിയുടെ കടന്നുവരവാണെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.
സംസ്ഥാനത്തു തദ്ദേശ തെരഞ്ഞെടുപ്പിൽ 60 ഓളം മുസ്ലിം സ്ഥാനാർഥികളെയാണ് ബിജെപി മത്സര രംഗത്തിറക്കിയത്. ഇതിൽ 16 പേർ സ്ത്രീകളാണെന്നു ബിജെപി നേതാക്കൾ പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ മാത്രം ആറു പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇതിൽ കോഴിക്കോട് കോർപറേഷനിൽ കുറ്റിച്ചിറയിൽ ആദ്യമായാണ് ബിജെപി സ്ഥാനാർഥിയെ നിർത്തിയത്.
അബ്ദുള്ളക്കുട്ടിയുടെ സഹോദരൻ എ.പി. ഷറഫുദീനും കണ്ണൂരിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. ഒരു വർഷം മുന്പു മാത്രം ബിജെപിയിൽ ചേർന്ന എ.പി.അബ്ദുള്ളക്കുട്ടിയെ ദേശീയവൈസ് പ്രസിഡന്റാക്കിയതിനെതിരെ പാർട്ടിയിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു.
ദേശീയ ഭാരവാഹിപട്ടികയിൽ കേരളത്തിനു അർഹമായ പരിഗണന കിട്ടാത്തതിൽ ആർഎസ്എസിനും അതൃപ്തിയുണ്ടായിരുന്നു. സംസ്ഥാന നേതൃത്വവുമായി അകന്നു കഴിയുന്ന ശോഭാ സുരേന്ദ്രനും ദേശീയതലത്തിൽ പ്രാതിനിധ്യം കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നു.
ഇതില്ലാതായതോടെയാണ് ഇപ്പോൾ സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായി നേതാക്കൾ എത്തിയത്. കേന്ദ്ര നേതൃത്വത്തിനു നൽകിയ പരാതിയിലും അബ്ദുള്ളക്കുട്ടിക്ക് ദേശീയപദവി നൽകിയത്തിനെതിരെ പരാമർശിച്ചിട്ടുണ്ട്.
ഇതിനുള്ള മറുപടി തെരഞ്ഞെടുപ്പിനു മുന്പേ തന്നെ നൽകാൻ കഴിഞ്ഞുവെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്.മത ന്യൂനപക്ഷ വോട്ടുകൾ പരമാവധി പിടിച്ചെടുക്കാൻ സാധിച്ചാൽ കേന്ദ്രമന്ത്രി വി.മുരളീധരനും സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും എതിരെയുള്ള ആരോപണങ്ങളുടെ മുനയൊടിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.