കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പു ഫലം അറിയാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ എറണാകുളത്തു വോട്ടിംഗ് വിവാദം കത്തിപ്പടരുന്നു. കോണ്‍ഗ്രസിനു വോട്ട് മറിച്ചുവെന്നാണ് പാർട്ടികൾ പരസ്പരം ആരോപിക്കുന്നത്. ബിജെപി വോട്ടുകൾ കോണ്‍ഗ്രസിനു മറിച്ചുവെന്നാണ് സിപിഐ ആരോപിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തുന്നതിനായിട്ടാണിതെന്നാണ് സിപിഐയുടെ ആരോപണം. എന്നാൽ, സിപിഐയുടെ ആരോപണത്തെ ബിജെപി തള്ളിക്കളയുകയാണ്.
സിപിഎമ്മും സിപിഐയും തമ്മിലുള്ള പടലപിണക്കത്തിന്റെ ഭാഗമായി സിപിഐ വോട്ടുകൾ കോണ്‍ഗ്രസിനു മറിച്ചുവെന്നാണ് ബിജെപി പറയുന്നത്. ഇതു മറച്ചു വയ്ക്കാനാണ് ബിജെപിക്കു മേൽ ആരോപണം ഉന്നയിക്കുന്നതെന്നു ബിജെപി നേതാക്കൾ ആരോപിക്കുന്നു. എന്നാൽ, ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോണ്‍ഗ്രസ് സ്ഥാനാർഥി ഹൈബി ഈഡൻ ജയിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കുന്നു.
സിപിഎമ്മും സിപിഐയും തമ്മിലുള്ള വൈരത്തിൽ കോണ്‍ഗ്രസിനു വോട്ടുകൾ വീണിട്ടുണ്ടെന്നു അദ്ദേഹം വ്യക്തമാക്കുന്നു. ഏതായാലും എൽഡിഎഫിലും ബിജെപിയിലും വോട്ടുകൾ മറിച്ചതുമായി ബന്ധപ്പെട്ട വിവാദം കത്തുകയാണ്.ശക്തരായ സ്ഥാനാർഥികളെയാണ് ബിജെപിയും എൽഡിഎഫും നിർത്തിയിരുന്നത്.
പാർട്ടിയുടെ മുൻ ജില്ലാസെക്രട്ടറി കൂടിയായ പി.രാജീവിനെ സിപിഎം നിർത്തിയപ്പോൾ കേന്ദ്രമന്ത്രിയായ അൽഫോൻസ് കണ്ണന്താനത്തെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്. ശക്തമായ പ്രചാരണതന്ത്രത്തിലൂടെ മൂന്നണികൾ ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ, വോട്ട് മറിച്ചവിവാദം പാർട്ടികളുടെ ഇമേജിനെ ബാധിച്ചിരിക്കുകയാണ്.
ശക്തരായ സ്ഥാനാർഥികളെനിർത്തിയിട്ടും വോട്ട് മറിച്ചുവെന്ന ആരോപണവും വിവാദവും മുന്നണികൾക്കുള്ളിൽ പ്രശ്നമാകും. മുന്നണികളിൽ അവകാശവാദം ഉയരുന്പോൾ കോണ്‍ഗ്രസ് പ്രതീക്ഷയിലാണ്. ശക്തമായ അടിയൊഴുക്കുകൾ നടന്നുവെന്നും അതു കോണ്‍ഗ്രസിനു നേട്ടമാകുമെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. ബിജെപിക്കുള്ളിലെ ഗ്രൂപ്പ് വൈരം ശക്തമാണ്. ഇതു പല മണ്ഡലങ്ങളിലും സ്ഥാനാർഥികളെ അസ്വസ്ഥരാക്കിയിട്ടുണ്ട്.