അടൂര്‍: മാറിമറിയുന്ന കണക്കുകളില്‍ പ്രതീക്ഷ അര്‍പ്പിക്കാനാകാത്ത മണ്ഡലമാണ് അടൂര്‍. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കുകള്‍ പുറത്തുവന്നപ്പോള്‍ രാഷ്്ട്രീയകക്ഷികള് ഞെട്ടിയ മണ്ഡലമാണ് അടൂര്‍.
മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം നിന്ന മണ്ഡലത്തില്‍ എല്‍ഡിഎഫ് ലീഡ് ചെയ്തപ്പോള്‍ ബിജെപി രണ്ടാമതായിരുന്നു. ലോക്സഭ മണ്ഡലത്തില്‍ വെന്നിക്കൊടി പാറിച്ച യുഡിഎഫ് സ്ഥാനാര്‍ഥിക്ക് അടൂരില്‍ മൂന്നാംസ്ഥാനം. അപ്പോഴും മൂന്ന് മുന്നണികളും തമ്മില്‍ വോട്ടുകണക്കുകളില്‍ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നതുമില്ല.
മണ്ഡലത്തില്‍ മൂന്നാംതവണ ജനവിധി തേടുന്ന ചിറ്റയം ഗോപകുമാറിന് പക്ഷേ തെല്ലും സംശയമില്ല. മൂന്നാംജയം കൂടെപ്പോരുമെന്ന് ഉറച്ചുവിശ്വസിക്കുകയാണ് അദ്ദേഹം. മണ്ഡലത്തില്‍ ഒരു അട്ടിമറി പ്രതീക്ഷിച്ചാണ് കോണ്‍ഗ്രസിലെ എം.ജി. കണ്ണന്. കോണ്‍ഗ്രസില്‍ നിന്നെത്തി അടൂരില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായ കെ. പ്രതാപനും പ്രതീക്ഷകള്‍ നിലനിര്‍ത്തിതന്നെയാണ് മത്സരരംഗത്തുള്ളത്.
2009ലെ മണ്ഡല പുനര്‍വിഭജനത്തോടെ അടൂര്‍ മണ്ഡലത്തിന്റെ സാഹചര്യവും മാറിമറിഞ്ഞതാണ്. 1991 മുതല്‍ കോണ്‍ഗ്രസ് പക്ഷത്തു നിലയുറപ്പിച്ചിരുന്ന മണ്ഡലമാണ് അടൂര്‍. 2011ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ അതിര്‍ത്തിയില്‍ മാറ്റങ്ങളുണ്ടായി. വോട്ടര്‍മാരുടെ എണ്ണവും കൂടി.
പഴയ പന്തളത്തിന്റെ ഭാഗമായിരുന്ന പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകളും കോന്നിയില്‍ നിന്നു കൊടുമണ്‍ പഞ്ചായത്തും അടൂരിനോടു ചേര്‍ത്തു. പുതിയ അടൂരില്‍ സിപിഐയ്ക്ക് ഒരു അവസരം ലഭിച്ചപ്പോള്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥിയെത്തിയത് കൊല്ലം ജില്ലയില്‍ നിന്നാണ്.
കൊട്ടാരക്കരക്കാരനായ ചിറ്റയം ഗോപകുമാര്‍ അങ്ങനെയാണ് അടൂരുകാരനായത്. കന്നി അങ്കത്തില്‍ കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനെ അദ്ദേഹം അട്ടിമറിച്ചത് 806 വോട്ടുകള്‍ക്കാണ്. എന്നാല്‍ രണ്ടാം മത്സരം 2011ല്‍ പന്തളത്തിന്റെ മുന്‍ എംഎല്‍എ കെ.കെ. ഷാജു ജെഎസ്എസ് വിട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു.
പക്ഷേ ചിറ്റയം ഗോപകുമാറിന്റെ ഭൂരിപക്ഷം വലതുപക്ഷ ക്യാമ്പിനെ ഞെട്ടിച്ചു. 2011ല്‍ 6210 വോട്ടുകള്‍ മാത്രം ലഭിച്ച ബിജെപിയുടെ വോട്ട് 2016ല്‍ 25940 ആയി ഉയര്‍ത്തി. കഴിഞ്ഞ ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തിയ രണ്ടാമത്തെ നഗരസഭയായി പന്തളം.
ഇത്തവണ മണ്ഡലത്തില്‍ രാഷ്്ട്രീയ സാഹചര്യത്തോടൊപ്പം കോണ്‍ഗ്രസിന്റെ സംഘടനാശേഷി പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റു കൂടിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.മുന്നണി സ്ഥാനാര്‍ഥികള്‍ക്കൊപ്പം വിപിന്‍ കാണിക്കോണത്ത് (ബിഎസ്പി), രാജന് കുളക്കട (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), ശരണ്യാരാജ് (എസ് യുസിഐ), ആര്. കണ്ണന് (സ്വത) എന്നിവര്‍ മത്സരരംഗത്തുണ്ട്. 2,08,099 വോട്ടര്‍മാരാണ് ആകെയുള്ളത്.
സ്ഥാനാര്‍ഥികളുടെ മികവില്‍
അടൂരിലെ സ്ഥാനാര്‍ഥികള്‍ മൂവരും വോട്ടര്‍മാര്‍ക്ക് ചിരപരിചിതരാണെന്നത് നേട്ടം. രാഷ്്ട്രീയത്തിനതീതമായി അവര്‍ വോട്ടു നേടുമെന്ന പ്രതീക്ഷ രാഷ്്്ട്രീയ കക്ഷികള്‍ക്കുണ്ട്. രണ്ടുടേം പൂര്‍ത്തീകരിച്ച ചിറ്റയം ഗോപകുമാറിന് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ സിപിഐ സ്ഥാനാര്‍ഥിയാക്കിയിരുന്നു.
ഇത്തവണ വിജയപ്രതീക്ഷ നിലനിര്‍ത്തിയാണ് വീണ്ടും സ്ഥാനാര്ഥിത്വത്തിലേക്കു പരിഗണിച്ചത്. മണ്ഡലത്തിലെ വോട്ടര്‍മാരുമായുള്ള ബന്ധമാണ് ചിറ്റയത്തിന്റെ നേട്ടം. എം.ജി. കണ്ണന് അടൂരിന് അയല്‍വാസിയെങ്കിലും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയെന്ന നിലയില്‍ അടൂരില്‍ പ്രവര്‍ത്തന പരിചയമുള്ളയാളാണ്.
ജില്ലാ പഞ്ചായത്തംഗമെന്ന നിലയിലും പൊതുരംഗത്തും കണ്ണന്റെ സ്ഥാനാര്‍ഥിത്വം ഗുണകരമാകുന്നുണ്ട്. ചിട്ടയായ സംഘടനാ പ്രവര്‍ത്തനശൈലി കണ്ണന് തെരഞ്ഞെടുപ്പ് രംഗത്തും ഉപയോഗപ്പെടുത്തുന്നുണ്ട്. അടൂര്‍ മണ്ഡലത്തില്‍ പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ, വ്യക്തി ബന്ധങ്ങളാണ് കെ. പ്രതാപന്റെ കരുത്ത്.
2011ല്‍ സഹോദരന് പന്തളം സുധാകരന് അടൂരില്‍ മത്സരിക്കുമ്പോള്‍ പ്രചാരണം നിയന്ത്രിച്ചവരില്‍ പ്രതാപനുമുണ്ടായിരുന്നു. അന്ന് കോണ്‍ഗ്രസ് പക്ഷത്തായിരുന്നുവെന്ന് മാത്രം.
വോട്ടുകണക്കിലെ രാഷ്ട്രീയം
2016 നിയമസഭയില്‍ ലഭിച്ചതിനേക്കാള്‍ 22818 വോട്ടുകള്‍ എല്‍ഡിഎഫിന് 2019 ലോക്സഭയിലേക്ക് കുറഞ്ഞു. യുഡിഎഫിന് 1294 വോട്ടുകളുടെ കുറവാണ് ലോക്സഭയിലേക്ക് ഉണ്ടായത്. എന്നാല്‍ ബിജെപി വോട്ടുകളില്‍ 100 ശതമാനം വര്‍ധന രേഖപ്പെടുത്തിയ മണ്ഡലമാണിത്. 25320 വോട്ടുകളാണ് ബിജെപിക്ക് അധികമായി ലഭിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പിലെ സാഹചര്യമല്ല നിയമസഭയിലേക്കുള്ളതെന്നാണ് രാഷ്്ട്രീയ വിലയിരുത്തല്‍. എന്നാല്‍ മണ്ഡലത്തില്‍ യുഡിഎഫിന് വോട്ടുകള്‍ നഷ്ടമായിട്ടുണ്ടെന്നും അതു തിരികെ പിടിക്കുക തന്നെ ചെയ്യുമെന്നും സ്ഥാനാര്‍ഥി കണ്ണന് പറയുന്നു. ബിജെപിയിലെ പുതുമുഖ സ്ഥാനാര്‍ഥിയാണ് കെ. പ്രതാപന്. രണ്ടാഴ്ച മുമ്പുവരെ അദ്ദേഹം കോണ്‍ഗ്രസിലായിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തിനു തൊട്ടുമുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയതാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച കെ. സുരേന്ദ്രന് അടൂരില്‍ ലഭിച്ച 51260 വോട്ട് നിലനിര്‍ത്തുകയെന്ന ദൗത്യമാണ് പ്രതാപനുള്ളത്.
ലോക്സഭയിലേക്ക് വോട്ടുനിലയില്‍ ബിജെപി രണ്ടാമതെത്തിയപ്പോള്‍ ഒന്നാമതെത്തിയ എല്‍ഡിഎഫിനേക്കാള്‍ 1956 വോട്ടിന്റെ കൂടുതല്‍ മാത്രമാണുണ്ടായിരുന്നത്. ബിജെപിക്ക് യുഡിഎഫിനേക്കാള്‍ 1980 വോട്ടിന്റെ കുറവാണുണ്ടായത്.തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ മണ്ഡലപരിധിയില്‍ എല്‍ഡിഎഫിന് 11426 വോട്ടിന്റെ ലീഡാണ് ഉണ്ടായിരുന്നത്. ബിജെപിക്ക് 32628 വോട്ടുകളാണ് ലഭിച്ചത്.
ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളില്‍ പള്ളിക്കല്‍, കൊടുമണ്‍ എന്നിവ എല്‍ഡിഎഫ് നേടിയപ്പോള്‍ മണ്ഡലപരിധിയിലെ ഏനാത്തും പ്രമാടവും യുഡിഎഫിനു ലഭിച്ചു. എന്നാല്‍ ഗ്രാമപഞ്ചായത്തുകളില്‍ തുമ്പമണ്‍ ഒഴികെ എല്‍ഡിഎഫാണ് അധികാരത്തിലെത്തിയത്. പന്തളം നഗരസഭയില്‍ നേടിയ വിജയം ബിജെപിക്ക് കരുത്തായി. അടൂരില്‍ സ്വതന്ത്രരുടെ സഹായത്തിലാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്.